ഷുക്കൂര്‍ വധം: ജയരാജന്‍െറയും ടി.വി. രാജേഷിന്‍െറയും അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയുമുള്‍പ്പെടെ പ്രതികള്‍ നല്‍കിയ  അപ്പീല്‍ ഹരജികള്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികളായ സി.ബി.ഐ, ഷുക്കൂറിന്‍െറ മാതാവും പരാതിക്കാരിയുമായ ആത്തിക്ക എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ജയരാജനും  ടി.വി. രാജേഷ് എം.എല്‍.എക്കും പുറമെ കേസിലെ പ്രതിയായ മൊറാഴ കപ്പാടന്‍ കെ. പ്രകാശനുള്‍പ്പെടെ പ്രതികളാണ് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്‍െറ മാതാവ് ആത്തിക്ക നല്‍കിയ ഹരജിയില്‍ ഫെബ്രുവരി എട്ടിന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് അപ്പീലില്‍ ചോദ്യം ചെയ്തിരിക്കുന്നത്. കേസിലെ മുഴുവന്‍ പ്രതികളെയും കക്ഷിചേര്‍ക്കാതെയുള്ള ഹരജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും കേസന്വേഷണം ശരിയായ രീതിയിലല്ളെന്നും വിലയിരുത്താന്‍ ഒരു വസ്തുതയും സിംഗിള്‍ ബെഞ്ച് മുമ്പാകെ ഉണ്ടായിരുന്നില്ളെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്.
സി.ബി.ഐ അന്വേഷിക്കേണ്ട  അപൂര്‍വങ്ങളില്‍ അപൂര്‍വമായതോ അസാധാരണമോ ആയ കേസല്ല ഷുക്കൂറിന്‍െറ കൊലപാതകം. വിചാരണഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കേസാണ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. കൂടാതെ, ഹരജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങളിലാണ് പ്രതികള്‍ക്കെതിരായ പ്രതികൂല പരാമര്‍ശം സിംഗിള്‍ ബെഞ്ച് നടത്തിയിട്ടുള്ളതെന്നും സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം. ഹരജികള്‍ കൂടുതല്‍ വാദത്തിനായി മേയ് 24ലേക്ക് മാറ്റി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.