മനോജ് വധം: ഗൂഢാലോചനക്ക് തെളിവെന്തെന്ന് കോടതി

തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചന കുറ്റം ചുമത്താനുള്ള തെളിവെന്താണെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ശനിയാഴ്ച സി.ബി.ഐ ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ച ശേഷം ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കവെയാണ് സി.ബി.ഐയോട് ഇക്കാര്യം ആരാഞ്ഞത്. അതേസമയം, ജയരാജന്‍െറ ജാമ്യഹരജിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ ബുധനാഴ്ച വിധിപറയും.  ശനിയാഴ്ച സി.ബി.ഐ ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ച കോടതി ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് വിധിപറയുന്നത് മാറ്റിവെച്ചത്.
നേരത്തേ കേസ് ഡയറി പരിശോധിച്ചശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈകോടതി നടത്തിയ പരാമര്‍ശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ വീണ്ടും വാദിച്ചു. കൃത്യത്തിന് മുമ്പ് ഒന്നാം പ്രതി വിക്രമനെ ബംഗളൂരുവില്‍ ചികിത്സക്ക് അയച്ചത് ജയരാജന്‍െറ മാത്രം താല്‍പര്യപ്രകാരമാണ്. തുടര്‍ന്ന് ജയരാജനും വിക്രമനും തമ്മില്‍ പതിവായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വിക്രമനെ കൊലപാതകത്തിന് ഒരുക്കിയത് ജയരാജനാണ്.
ജയരാജന്‍െറ കുടുംബക്ഷേത്രത്തിലാണ് ഗൂഢാലോചനയോഗം ചേര്‍ന്നതെന്നും സി.ബി.ഐ വാദിച്ചു. എന്നാല്‍, ഈ യോഗത്തില്‍  ജയരാജന്‍ പങ്കെടുത്തിട്ടില്ല. തെളിവുകള്‍ കേസ് ഡയറിയിലുണ്ടെന്നും സി.ബി.ഐ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. ക്ഷേത്രമെന്നത് പൊതുവായ സ്ഥലമല്ളേയെന്ന് കോടതി വീണ്ടും ചോദിച്ചപ്പോള്‍, കുടുംബ ക്ഷേത്രമാണെന്നും സാധാരണഗതിയില്‍ മറ്റുള്ളവര്‍ പോകാറില്ളെന്നുമായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. സി.ബി.ഐയുടെ തെളിവുകള്‍ നശിപ്പിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്. സി.ബി.ഐ അന്വേഷണം ആരംഭിച്ചതുമുതല്‍ സി.പി.എം നേരിട്ട് കൂടുതലായി ഇടപെട്ടുതുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജില്ലാ കോടതിയും ഹൈകോടതിയും പുറപ്പെടുവിച്ച വിധികള്‍ പ്രോസിക്യൂട്ടര്‍ കോടതി മുമ്പാകെ ഹാജരാക്കി.അതേസമയം, ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ സി.ബി.ഐക്ക് സാധിച്ചില്ളെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ വാദിച്ചു. കുടുംബക്ഷേത്രം ഗൂഢാലോചനാ കേന്ദ്രമായെന്നാണ് സി.ബി.ഐ പറയുന്നത്. എന്നാല്‍, കുടുംബക്ഷേത്രമെന്ന വാദം അടിസ്ഥാനരഹിതമാണ്. കമ്മിറ്റി നിയന്ത്രിക്കുന്ന ക്ഷേത്രമാണത്. മാത്രമല്ല, ഗൂഢാലോചന നടക്കുമ്പോള്‍ ജയരാജന്‍ ഉണ്ടായിരുന്നില്ളെന്ന് സി.ബി.ഐതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഡയറിയില്‍, ഗൂഢാലോചനയില്‍ എവിടെവെച്ച്, എങ്ങനെ ജയരാജന്‍ ഭാഗഭാക്കായെന്ന് വ്യക്തമാക്കാന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ല. വിക്രമന് ചികിത്സ നല്‍കിയത് മനുഷ്യത്വപരിഗണനവെച്ച് മാത്രമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.