ചടയമംഗലം വേണ്ട, കരുനാഗപ്പള്ളി  മതിയെന്ന് ലീഗ്; പറ്റില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ ഇരവിപുരത്തിന് പകരം ചടയമംഗലം വേണ്ടെന്നും കരുനാഗപ്പള്ളി കിട്ടണമെന്നും മുസ്ലിം ലീഗ്. കരുനാഗപ്പള്ളി നല്‍കാനാവില്ളെന്ന് കോണ്‍ഗ്രസും. ഇതോടെ സീറ്റ് വെച്ചുമാറല്‍ വിഷയത്തില്‍  ലീഗും കോണ്‍ഗ്രസുമായി വ്യാഴാഴ്ച നടന്ന ഉഭയകക്ഷിചര്‍ച്ച ധാരണയിലത്തെിയില്ല. മന്ത്രി ഇബ്രാഹീംകുഞ്ഞാണ് ലീഗിനുവേണ്ടി ചര്‍ച്ച നടത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ടെലിഫോണിലും സംസാരിച്ചു. ടെലിഫോണ്‍ വഴി വീണ്ടും ചര്‍ച്ച തുടരും.  
ശനിയാഴ്ച യു.ഡി.എഫിലെ എല്ലാ കക്ഷികളുമായും ചര്‍ച്ച നടക്കുന്നുണ്ട്. സീറ്റ്വിഭജനകാര്യത്തില്‍ അന്നുതന്നെ അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ്സൂചന. മറ്റ് കക്ഷികളുമായി വ്യാഴാഴ്ച ചര്‍ച്ച നടന്നില്ല. ഇന്ന് ദു$ഖവെള്ളിയായതിനാല്‍ ചര്‍ച്ചകളില്ല.
ഇരവിപുരം ആര്‍.എസ്.പി സിറ്റിങ് സീറ്റായതിനാല്‍ വിട്ടുകൊടുക്കാന്‍ ലീഗ് തയാറായിട്ടുണ്ട്.ചടയമംഗലം നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. എന്നാല്‍, കരുനാഗപ്പള്ളിയാണ് ലീഗിന് വേണ്ടത്. അതേസമയം, ലീഗിന് ചടയമംഗലം നല്‍കുന്നതിനെതിരെ യൂത്ത്കോണ്‍ഗ്രസ് അടക്കം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നേരത്തേ ജെ.എസ്.എസ് മത്സരിച്ചിരുന്ന കരുനാഗപ്പള്ളിക്കായി കോണ്‍ഗ്രസ് പിടിമുറുക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ കുന്നമംഗലം, ബാലുശ്ശേരി സീറ്റുകള്‍ വെച്ചുമാറുന്നതും ധാരണയായില്ല. ഏതൊക്കെ കക്ഷികള്‍ ഏതൊക്കെ സീറ്റില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ശനിയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥിചര്‍ച്ചകള്‍ ഇതോടൊപ്പം ആരംഭിക്കും.
 സീറ്റ്വിഭജനം പൂര്‍ത്തിയായാലേ സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് കടക്കാനാകൂ.ചില കക്ഷികള്‍ മുന്നണി വിട്ടുപോയതുമൂലം ഒമ്പത് സീറ്റുകള്‍ അധികം ലഭിച്ചിട്ടുണ്ട്. ഇതില്‍ ആര്‍.എസ്.പിക്ക്നല്‍കിയ ശേഷം ബാക്കിയുള്ളവ തുല്യമായി പങ്കിടണമെന്ന ആവശ്യം മാണി അടക്കം ഉന്നയിക്കുന്നു. മാണിക്ക് സീറ്റ് കൂടുതല്‍ നല്‍കിയാല്‍ ലീഗിനും നല്‍കേണ്ടിവരുമെന്ന സ്ഥിതിയുമുണ്ട്. ജേക്കബ് ഗ്രൂപ് ചെയര്‍മാന് അങ്കമാലി നല്‍കാത്തത് യു.ഡി.എഫില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ഒരു സീറ്റിലൊതുക്കാനാണ് നീക്കമെന്ന് അവര്‍ സംശയിക്കുന്നു.  ആര്‍.എസ്.പി, ജെ.ഡി.യു എന്നിവരുടെ കാര്യത്തിലും അന്തിമധാരണ ഉണ്ടാകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.