കണ്ണൂരിൽ പൊട്ടിത്തെറിച്ചത് അനധികൃത പടക്കശേഖരമെന്ന് പൊലീസ്

കണ്ണൂർ: കണ്ണൂരിൽ വ്യാഴാഴ്ച രാത്രി സ്ഫോടനമുണ്ടായത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ. സംഭവസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഖരത്തിന് പിന്നിൽ ആരാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
 

വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടിൽ വന്‍ സ്ഫോടനമുണ്ടായത്. അലവില്‍ പന്ന്യേന്‍പാറ ചീക്കാട്ടുപീടിക സ്വദേശി അനൂപും കുടുംബവും മൂന്നുവര്‍ഷമായി വാടകക്ക് താമസിക്കുന്ന വീട് സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന അനൂപിന്‍റെ മകൾ ഹിബ (13) യെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അനൂപിൻെറ ഭാര്യ റാഹിലക്കും പരിസരവാസികളായ രണ്ട് പേർക്കും പരിക്കുണ്ട്.

തകർന്ന വീടിന് സമീപത്തെ നിരവധി വീടുകളും സ്ഫോടനത്തിൽ ഭാഗികമായി തകർന്നു. അനൂപിന്‍റെ വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് സ്ഫോടനമുണ്ടായതെന്നാണ് സംശയം. 

സ്ഫോടനസമയത്ത് ഹിബ മാത്രമേ വീട്ടിനകത്ത് ഉണ്ടായിരുന്നുള്ളൂ. മാതാവ് റാഹില വീടിനു പുറത്തായിരുന്നു. അനൂപും വീട്ടിൽ ഉണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ വീടിന്‍െറ ചെങ്കല്ല് 10 മീറ്റര്‍ ദൂരെവരെ തെറിച്ചുവീണു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി നിലച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.