കെ.പി.എ.സി ലളിതയെ സി.പി.എം വീണ്ടും സമീപിക്കും; സി.കെ ജാനുവിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കെ.പി.എ.സി ലളിത അറിയിച്ചിട്ടും ഒരു വട്ടം കൂടി ചർച്ച വേണമെന്ന് സി.പി. എം. വടക്കാഞ്ചേരിയിൽ മത്സരിക്കാൻ ലളിതയെയാണ് പാർട്ടി തീരുമാനിച്ചതെന്നും അവരെ അതിനു പ്രേരിപ്പിച്ച്‌ ഉറപ്പിച്ച് നിർത്തണമെന്നുമാണ് പാർട്ടി നിലപാട്. ഒരു വിഭാഗം പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുകയും പ്രകടനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് കെ.പി.എ.സി ലളിത പിന്മാറിയത് എന്ന കാര്യം കണക്കിലെടുത്താണ് സി.പി.എം വീണ്ടും അവരെ സമീപിക്കുന്നത്. എന്നാൽ പാർട്ടി എത്ര ക്ഷണിച്ചാലും മത്സരിക്കാൻ ഇല്ലെന്ന ഉറച്ച നിലപാടിലാണ് ലളിത.

കുണ്ടറയിൽ മത്സരിക്കാൻ ബി.ജെ.പി കണ്ടെത്തിയ നടൻ കൊല്ലം തുളസിയും മത്സരിക്കാൻ ഇല്ലെന്നു പറഞ്ഞു പിൻവാങ്ങി . അനാരോഗ്യമാണ് തുളസിയും കാരണമായി പറഞ്ഞത്. പ്രശസ്ത നടൻ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ബി.ജെ. പി ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. മത്സരിക്കാൻ ഇല്ലെങ്കിലും ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനു ഇറങ്ങാമെന്ന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.

കൊല്ലം സീറ്റിൽ ഇടതു സ്ഥാനാർഥിയായി മുകേഷ് മൽസരിക്കുന്ന കാര്യം ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും ഉറപ്പായി. പത്തനാപുരത്ത് ഇടതു സ്ഥാനാർഥി കെ.ബി ഗണേഷ് കുമാറും യു.ഡി.എഫിന് വേണ്ടി നടൻ ജഗദീഷും ഏറ്റുമുട്ടുമെന്നാണ് സൂചന. ഇവിടെ ബി.ജെ.പി സ്ഥാനാർഥി നടൻ ഭീമൻ രഘുവാണ്. മൂന്നു സിനിമാ നടന്മാരുടെ അങ്കം പത്തനാപുരത്തെ മത്സരത്തിനു മാറ്റു കൂട്ടും.

അതിനിടെ വയനാട്ടിലെ സുൽത്താൻ ബത്തേരി സീറ്റിൽ മത്സരിക്കണമെന്ന് ആദിവാസി ഗോത്രസഭാ നേതാവ് സി.കെ ജാനുവിനോട്‌ ബി. ജെ.പി അഭ്യർഥിച്ചു . ജാനുവുമായി ഇക്കാര്യം സംസാരിച്ചതായി  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരൻ വെളിപ്പെടുത്തി. മത്സരിക്കാൻ ഇല്ലെന്നാണ് ജാനുവിന്റെയും നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.