വിജിലന്‍സിലെ വിവരാവകാശം : ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ അതീവരഹസ്യസ്വഭാവമുള്ള ടി സെക്ഷനെ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് പരിഹാരംതേടി ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.
തന്‍െറ ഓഫിസ് സര്‍ക്കുലര്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം പരിഹാരമാകില്ളെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വേണമെന്നും ഡി.ജി.പി ശങ്കര്‍റെഡ്ഡി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കയച്ച കത്തില്‍ പറയുന്നു. മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, നിയമസഭ, പാര്‍ലമെന്‍റ് അംഗങ്ങള്‍, അഖിലേന്ത്യ സര്‍വിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓഫിസുകളിലോ വീടുകളിലോ നടത്തുന്ന മിന്നല്‍ പരിശോധനയുടെ വിവരങ്ങള്‍ വിവരാവകാശനിയമം-2005 ന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത് ജനുവരി 27നാണ്. എന്നാല്‍, ജനുവരി 18നാണ് ഭരണസൗകര്യാര്‍ഥം താന്‍ ഓഫിസ് ഓര്‍ഡര്‍ ഇറക്കിയത്.
സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഫയലുകള്‍ പല സെക്ഷനുകളിലായി വ്യാപിച്ചുകിടക്കുകയായിരുന്നു. ഇതെല്ലാം ടി- സെക്ഷനില്‍ ആക്കിയാല്‍ ഉദ്യോഗസ്ഥരുടെ എന്‍.ഒ.സി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വേഗം തീര്‍പ്പാക്കാനാകും. ഇതിനാണ് ഓഫിസ് ഓര്‍ഡര്‍ ഇറക്കിയത്.
 മന്ത്രിമാരുമായി ബന്ധപ്പെട്ട കേസുകളിലെ വിവരങ്ങള്‍ പലതും നേരത്തെയും വിവരാവകാശം മുഖേന നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവോടെ ഇതിനുള്ള സാധുത ദൃഢമായി. തനിക്കുമുമ്പ് വിജിലന്‍സ് ഡയറക്ടറായിരുന്നവരുടെ കൂടി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. വിജിലന്‍സിന് വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തായാല്‍ അവര്‍ക്ക് ഭീഷണിയുണ്ടാകും.
ഇതൊഴിവാക്കാനാണ് ഇത്തരമൊരു ഉത്തരവിറക്കാന്‍ വിജിലന്‍സ് നിര്‍ദേശംനല്‍കിയത്. എന്നാല്‍, ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കിയില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഓഫിസ് ഓര്‍ഡറിനെ പഴിചാരാന്‍ സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് പ്രശ്നകാരണമെന്നും ശങ്കര്‍റെഡ്ഡി കത്തില്‍ പറയുന്നു.
സംഭവത്തിന്‍െറ ഗൗരവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ആഭ്യന്തരവകുപ്പ് ഉന്നതര്‍ നേരിട്ട് ധരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ഉത്തരവ് പുനഃപ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.