യു.ഡി.എഫില്‍ സീറ്റുവിഭജനം പ്രതിസന്ധിയില്‍; ജെ.ഡി.യു ഇറങ്ങിപ്പോയി

തിരുവനന്തപുരം: യു.ഡി.എഫില്‍ സീറ്റുവിഭജനം പ്രതിസന്ധിയില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികക്ക് അംഗീകാരം തേടി സംസ്ഥാന നേതാക്കള്‍ ഡല്‍ഹിക്ക് പോകുംമുമ്പ് ജെ.ഡി.യു- ആര്‍.എസ്.പി കക്ഷികളുമായി സമവായമുണ്ടാക്കാന്‍ ശനിയാഴ്ച നടത്തിയ ചര്‍ച്ചയും വിജയിച്ചില്ല. കോണ്‍ഗ്രസിന്‍െറ അയവില്ലാത്ത നിലപാടില്‍ പ്രതിഷേധിച്ച് ജെ.ഡി.യു നേതാക്കള്‍ ചര്‍ച്ചക്കിടെ ഇറങ്ങിപ്പോയി. ചര്‍ച്ച തുടരാമെന്ന് ഇരുകക്ഷികളെയും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ കേരള കോണ്‍ഗ്രസ്-എം, ജേക്കബ് വിഭാഗങ്ങളുമായി ഉഭയകക്ഷി ചര്‍ച്ച നടക്കും.
സീറ്റിന്‍െറ എണ്ണം സംബന്ധിച്ച്  നേരത്തേതന്നെ ജെ.ഡി.യുവുമായി കോണ്‍ഗ്രസ് ധാരണയായിരുന്നു. എന്നാല്‍, ഏതൊക്കെ സീറ്റുകളെന്ന കാര്യത്തിലാണ് തര്‍ക്കം. 10 സീറ്റ് ആവശ്യപ്പെട്ട ജെ.ഡി.യുവിന് ഏഴുസീറ്റ് നല്‍കാമെന്നാണ് ധാരണ. കഴിഞ്ഞ തവണ മത്സരിച്ച കല്‍പറ്റ, വടകര, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ വീണ്ടും മത്സരിക്കാന്‍ അവര്‍ തയാറാണ്.
 എന്നാല്‍, മട്ടന്നൂര്‍, എലത്തൂര്‍, നേമം, നെന്മാറ മണ്ഡലങ്ങള്‍ മാറ്റിത്തരണമെന്നാണ് ആവശ്യം. നേമം സീറ്റിന് പകരം കോവളം അല്ളെങ്കില്‍ വാമനപുരം, തെക്കന്‍ കേരളത്തില്‍ കായംകുളം, കരുനാഗപ്പള്ളി ഉള്‍പ്പെടെ ജയസാധ്യതയുള്ള മറ്റൊരു സീറ്റും വേണമെന്ന കാര്യത്തില്‍ അവര്‍ ശക്തമായ നിലപാടിലാണ്. എന്നാല്‍, കഴിഞ്ഞതവണ അനുവദിച്ചതില്‍ നേമം ഉള്‍പ്പെടെ ഒന്നുപോലും വെച്ചുമാറാന്‍ പറ്റില്ളെന്ന നിലപാടാണ് ശനിയാഴ്ചയും കോണ്‍ഗ്രസ് സ്വീകരിച്ചത്.  അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് അനുവദിച്ച ഏഴുസീറ്റില്‍ക്കൂടി കോണ്‍ഗ്രസ് മത്സരിച്ചാല്‍ മതിയെന്ന് ജെ.ഡി.യു നേതാക്കള്‍ പ്രതിഷേധസ്വരത്തില്‍ അറിയിച്ചു. അതിന്‍െറ പേരില്‍ മുന്നണിവിടില്ളെന്നും പുറത്തുനിന്ന് പിന്തുണ നല്‍കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ചര്‍ച്ച പാതിവഴിയില്‍ അവസാനിപ്പിച്ച് ജെ.ഡി.യു നേതാക്കള്‍ ഇറങ്ങിപ്പോയി. തിങ്കളാഴ്ച ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് വീരേന്ദ്രകുമാറും ഡല്‍ഹിയില്‍ എത്തുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച അവിടെ തുടരാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ആര്‍.എസ്.പിയുമായി നടത്തിയ ചര്‍ച്ചയും ഒരു പുരോഗതിയും ഇല്ലാതെ പിരിയുകയായിരുന്നു. സീറ്റിന്‍െറയോ സീറ്റുകളുടെ എണ്ണത്തിന്‍െറയോ കാര്യത്തില്‍ ഒരു ധാരണയുണ്ടാക്കാനും ശനിയാഴ്ചയും സാധിച്ചില്ല. ആറ് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ആര്‍.എസ്.പി  ഉറച്ചുനിന്നപ്പോള്‍ അഞ്ചെണ്ണം നല്‍കാമെന്ന്  കോണ്‍ഗ്രസും പറഞ്ഞു. സിറ്റിങ് സീറ്റുകളായ ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നിവക്കുപുറമെ ആറ്റിങ്ങലും മലബാര്‍ മേഖലയില്‍ ഒരു സീറ്റും അനുവദിക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ആറ് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന ആര്‍.എസ്.പി സിറ്റിങ് സീറ്റുകള്‍ക്കുപുറമെ ആറ്റിങ്ങലിന് പകരം ചിറയിന്‍കീഴും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലയില്‍ എവിടെയെങ്കിലും ഒരു ജനറല്‍ സീറ്റും മലബാറില്‍ ഒരു സീറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് യോജിക്കാത്തതിനത്തെുടര്‍ന്ന് ചര്‍ച്ച പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.