കാവാലത്തിന്‍െറ നാടകത്തില്‍ ശകുന്തളയായി മഞ്ജു വാര്യര്‍

പത്തനംതിട്ട: മോഹന്‍ലാലിനും മുരളിക്കും ശേഷം സംസ്കൃത നാടകത്തില്‍ അഭിനയിക്കാന്‍ മഞ്ജു വാര്യര്‍ ഒരുങ്ങുന്നു. കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത കാളിദാസന്‍െറ ശാകുന്തളത്തില്‍ ശകുന്തളയായാണ് മഞ്ജു അരങ്ങില്‍ അഭിനയപാടവം പൊലിപ്പിക്കാനൊരുങ്ങുന്നത്. മേയില്‍ തിരുവനന്തപുരത്ത് നാടകം അരങ്ങേറും.
1983ലാണ് കാവാലം ശാകുന്തളം നാടകം ആദ്യമായി അരങ്ങില്‍ അവതരിപ്പിക്കുന്നത്. കാളിദാസന്‍െറ നാടായി കരുതപ്പെടുന്ന ഉജ്ജയിനിയിലെ നാടകോത്സവത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്‍െറ ഏറ്റവും പ്രമുഖ നാടകമായ ശാകുന്തളം അവതരിപ്പിച്ചത്. സംസ്കൃതനാടകം എന്നതിനെക്കാളുപരി സംഗീതപരമായും നമ്മുടെ ക്ളാസിക്കല്‍ കലകളായ കഥകളിയുടെയും കൂടിയാട്ടത്തിന്‍െറയും അഭിനയനൃത്തരീതികള്‍ സമന്വയിപ്പിച്ചാണ് നാടകം കാവാലം ഒരുക്കുന്നത്. തന്‍െറ നാടകത്തിന് കാലപ്രമാണമില്ളെന്നും ഏതോ കാലത്ത് സംഭവിക്കുന്ന നാടകം ഏതോ കാലത്തിലൂടെ അവതരിപ്പിക്കപ്പെടുകയാണെന്നും കാവാലം പറയുന്നു. സിനിമക്ക് സിനിമയുടെ വഴി, നാടകത്തിന് നാടകത്തിന്‍െറ വഴി. അതാണ് നാടകത്തിന്‍െറ നിലനില്‍പിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു.
കാവാലത്തിന്‍െറ കര്‍ണഭാരം എന്ന നാടകത്തിലൂടെയും പ്രശാന്ത് നാരായണന്‍െറ ഛായാമുഖിയിലൂടെയുമാണ് മോഹന്‍ ലാല്‍ അരങ്ങിന്‍െറ അഭിനയപാടവം പുറത്തെടുത്തതെങ്കില്‍ ലങ്കാലക്ഷ്മിയിലെ രാവണനായാണ് മുരളി അരങ്ങിനെ വിസ്മയിപ്പിച്ചത്. മഞ്ജു വാര്യര്‍ എന്ന മലയാളികളുടെ പ്രിയപ്പെട്ട നടിക്ക് യഥാര്‍ഥത്തില്‍ വെല്ലുവിളിയാണ് ഈ നാടകം. കാവാലത്തിന്‍െറ തിരുവനന്തപുരത്തെ കളരിയില്‍ വന്ന് മഞ്ജു ഒരുതവണ നാടകം കണ്ടു. നാടകത്തിലെ ലൈവ് ഡയലോഗിനൊപ്പം പാട്ടും ലൈവായിത്തന്നെ പാടണം. അതും വളരെ ശ്രുതിശുദ്ധമായി പാടേണ്ടതും. ഡയലോഗിനുപോലും സംഗീതാംശമുണ്ട്. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന നാടകം മഞ്ജുവിന്‍െറ തിരക്കുകാരണം മേയില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.  ഇപ്പോള്‍ ഷൂട്ടിങ് തിരക്കിലാണ് മജ്ഞു.
1983ല്‍ ഈ നാടകത്തില്‍ ശകുന്തളയായി അഭിനയിച്ചത് അന്ന് 13 വയസ്സ് മാത്രമുണ്ടായിരുന്ന മോഹിനി വിനയനായിരുന്നു. അവര്‍ ഇന്നും കാവാലത്തിന്‍െറ കളരിയിലെ നടിയാണ്. തുടര്‍ന്ന് സരിത സോപാനം ശകുന്തളയായി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തും ഈ നാടകം അരങ്ങേറിയിട്ടുണ്ട്.
കാവാലത്തിന്‍െറ ശിഷ്യര്‍ ചേര്‍ന്ന് രൂപവത്കരിച്ച കാവാലം സംസ്കൃതി ഭവന്‍ എന്ന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. മജ്ഞു വാര്യരുടെ തിരക്ക് കഴിഞ്ഞാലുടന്‍ തിരുവനന്തപുരത്തെ സോപാനം കളരിയില്‍ നാടകത്തിന്‍െറ റിഹേഴ്സല്‍ ആരംഭിക്കുമെന്ന് കാവാലം പറഞ്ഞു. ‘വിക്രമോര്‍വശീയം’ എന്ന കാളിദാസനാടകത്തില്‍ അഭിനയിക്കാന്‍ മോഹന്‍ ലാലും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT