മുസ്​ലിം ലീഗ് മൂന്നു സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു; ബാലുശ്ശേരിയിൽ യു.സി രാമൻ

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് സ്ഥാനാര്‍ഥികളെ കൂടി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പാണക്കാട്ട് ചേര്‍ന്ന ലീഗിന്‍െറ നേതൃയോഗത്തിന് ശേഷം പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പേരുകള്‍ പ്രഖ്യാപിച്ചത്. പാറക്കല്‍ അബ്ദുല്ല (കുറ്റ്യാടി), യു.സി. രാമന്‍ (ബാലുശ്ശേരി), പി.എം. സാദിഖലി (ഗുരുവായൂര്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. യു.സി. രാമന്‍ മുന്‍ എം.എല്‍.എയും ദലിത് ലീഗ് സംസ്ഥാന പ്രസിഡന്‍റുമാണ്. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റാണ് പുതുമുഖമായ സാദിഖലി. മറ്റൊരു പുതുമുഖമായ പാറക്കല്‍ അബ്ദുല്ല  ലീഗ് കോഴിക്കോട് ജില്ലാ ട്രഷററാണ്.
മുന്‍കാലങ്ങളില്‍ മുസ്ലിംലീഗ് മത്സരിച്ച ഇരവിപുരം മണ്ഡലം ആര്‍.എസ്.പിക്ക് നല്‍കിയ സാഹചര്യത്തില്‍ പകരം സീറ്റ് സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും അതിന് ശേഷമായിരിക്കും ആ സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പകരം സീറ്റിന്‍െറ കാര്യത്തില്‍ കോണ്‍ഗ്രസുമായി ഒരു തര്‍ക്കവുമില്ല. വളരെ സൗഹൃദാന്തരീക്ഷമാണുള്ളത്. പ്രായോഗികമായ സാധ്യതകള്‍ വിലയിരുത്തിയ ശേഷം തീരുമാനമാകുന്ന മുറക്ക് സീറ്റും സ്ഥാനാര്‍ഥിയുമുണ്ടാകും.
ഇതോടെ മുസ്ലിംലീഗ് മത്സരിക്കുന്ന 23 സ്ഥാനാര്‍ഥികളുടെ പട്ടികയായി. മാര്‍ച്ച് മൂന്നിന് ലീഗ് മൂന്ന് പുതുമുഖങ്ങളെയടക്കം 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.
ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.  മജീദ്, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.എന്‍.എ. ഖാദര്‍, എം.പി. അബ്ദുസ്സമദ് സമദാനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.