കൽപറ്റ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച വയനാട് ജില്ല മുൻ അധ്യക്ഷൻ കെ.പി. മധുവിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. നേരത്തെ ബി.ജെ.പിയിൽ സന്ദീപ് വാര്യർക്ക് വയനാടിന്റെ ചുമതലയുണ്ടായിരുന്നു. ഈ ആത്മബന്ധം കൂടി കണക്കിലെടുത്താണ് മധുവുമായി സന്ദീപ് ചർച്ച നടത്തുന്നത്. ഇടത്, വലത് മുന്നണികളിൽ നിന്നുള്ളവർ മധുവുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമാകാൻ തന്നെയാണ് മധുവിന്റെ തീരുമാനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മാറുന്ന സാഹചര്യത്തിൽ താനുമായി ചർച്ച നടത്തിയെന്നും അന്ന് നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയിൽ ഗ്രൂപ് കളികൾ മാത്രമാണ് നടക്കുന്നത്. അഭിപ്രായവ്യത്യാസമുള്ളവരെ കേൾക്കാൻപോലും നേതൃത്വം തയാറാകുന്നില്ല. ഒമ്പതു മാസംമുമ്പാണ് മധുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടർന്നാണിത്. ളോഹയിട്ട ചിലരാണ് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രസ്താവന.
ക്രിസ്ത്യൻ സമുദായത്തിൽ സ്വാധീനമുറപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ, പിന്നീട് സംസ്ഥാന-ജില്ല നേതൃത്വം സംസാരിച്ചിട്ടില്ല. പോകുന്നവർ പോകട്ടെ എന്ന നിലപാടാണ് നേതാക്കൾക്ക്. ഗ്രൂപ് കളിക്കാനും തമ്മിലടിക്കാനും ബി.ജെ.പി വേണമെന്നില്ലെന്നും മധു പറഞ്ഞു. പുതിയ നീക്കം പുറത്തറിഞ്ഞിട്ടും ബി.ജെ.പി നേതൃത്വത്തിലുളളവർ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മധു കൂട്ടിച്ചേർത്തു. ഇതിനിടെ, മധു കോൺഗ്രസിൽ ചേരാൻ സാധ്യതയെന്ന് അറിയുന്നു. പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ സ്വീകരണമൊരുക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടങ്ങിയതായാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.