സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ; നിയമസഭാ തെരഞ്ഞെടുപ്പ് വരെ അധ്യക്ഷസ്ഥാനത്ത് തുടരാം

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയിൽ ഭിന്നത രൂക്ഷമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പൂർണ പിന്തുണ. നിയമസഭാ തെരഞ്ഞെടുപ്പു വരെ സുരേന്ദ്രൻ ചുമതലയിൽ തുടരട്ടെയെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതായാണ് വിവരം. ആർ.എസ്.എസിൽനിന്ന് സുരേന്ദ്രനെതിരെ അഭിപ്രായമില്ല എന്നതും അധ്യക്ഷ സ്ഥാനത്ത് തുടരാമെന്ന തീരുമാനത്തിനു പിന്നിലുണ്ട്. പാലക്കാട്ടെ തോൽവി അംഗീകരിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് നേതൃത്വം അംഗീകരിച്ചു. വിമത സ്വരം ഉയർത്തിയവർക്ക് ഇതോടെ മൗനം പാലിക്കേണ്ട സ്ഥിതിയായി.

നേരത്തെ ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് രാജിവെക്കാൻ തയാറാണെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ മുമ്പ് തീരുമാനിച്ചതു പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പു വരെ സുരേന്ദ്രൻ തുടരട്ടെയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അത്തരം നടപടികളിലേക്ക് ഇപ്പോൾ നീങ്ങേണ്ടതില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

സംഘടനാ തെരഞ്ഞെടുപ്പു നടത്തി വൈസ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും മാറ്റാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ നൽകിയ റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കുമെന്നും സൂചനയുണ്ട്. തന്റെ കൂടെ നിന്നവർ ചതിച്ചുവെന്നാണ് സുരേന്ദ്രൻ റിപ്പോർട്ടിൽ പറയുന്നത്. ചില നേതാക്കളുടെ പേരും പരാമർശിച്ചിട്ടുണ്ട്. വിമതനീക്കം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളുമായി ചില നേതാക്കൾ ബന്ധപ്പെട്ടതായി നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - K Surendran will continue as BJP state chief up to Assembly Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.