കണ്ണൂര്‍: മുൻ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹരജിയില്‍ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഡിസംബർ മൂന്നിന് വിധി പറയും. കേസിലെ പ്രതി പി.പി. ദിവ്യ, പമ്പുടമ ടി.വി. പ്രശാന്ത്, ജില്ല കലക്ടര്‍ അരുൺ കെ. വിജയൻ എന്നിവരുടെ ഫോണ്‍ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും ഉൾപ്പെടെ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. കലക്ടര്‍ ഉപയോഗിക്കുന്ന ഒരു ഫോണിലെ കാള്‍ റെക്കോഡുകള്‍ മാത്രമേ അന്വേഷണസംഘം പരിശോധിച്ചിട്ടുള്ളൂ. തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ടെലിഫോൺ കമ്പനികൾക്ക് നിര്‍ദേശം നല്കണണം.
കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് അറിയിച്ചു. എന്നാൽ, പ്രതികളുടേത് ഉൾപ്പടെയുള്ളവരുടെ ഫോണിലേക്ക് വന്ന നമ്പറുകൾ റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്ന് കുടുംബം ഉന്നയിച്ചു. പ്രതികളല്ലാത്തവരുടെ ഫോണ്‍ രേഖകള്‍ എടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇതിനു പിന്നാലെയാണ് വിധിപറയുന്നത് മാറ്റിയത്. അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്നും കേസ് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്നും കുടുംബത്തിന്റെ അഭിഭാഷക പി.എം. സജിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.