കെ.പി.എ.സി ലളിതക്ക് പകരം മേരി തോമസ് സ്ഥാനാര്‍ഥി

തൃശൂര്‍: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രയായി പരിഗണിച്ചിരുന്ന നടി കെ.പി.എ.സി ലളിതക്ക് പകരം മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മേരി തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ധാരണ. മേരി തോമസിന്‍െറ പേര് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശിക്കും. ഇതോടൊപ്പം, സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമായി നീങ്ങിയ ഇരിങ്ങാലക്കുടയില്‍ മുന്‍ പി.എസ്.എസി അംഗവും പുരോഗമന കലാസാഹിത്യ സംഘം മുന്‍ ജില്ലാ സെക്രട്ടറിയുമായി പ്രഫ. കെ.യു. അരുണനെ നിര്‍ദേശിക്കാനും തീരുമാനിച്ചു.
സി.പി.എം സംസ്ഥാന നേതൃത്വമാണ് നടി ലളിതയെ സ്ഥാനാര്‍ഥിയാവാന്‍ ക്ഷണിച്ചത്. അവര്‍ ആദ്യം അത് സ്വീകരിക്കുകയും ചെയ്തു. ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ മണ്ഡലത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുകയും പോസ്റ്റര്‍ പ്രചാരണവും പരസ്യമായി പ്രകടനവും നടത്തുകയും ചെയ്തതോടെ താന്‍ പിന്മാറുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ലളിതയുടെ പിന്മാറ്റം തടയാന്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ നേരിട്ടത്തെി ചര്‍ച്ച ചെയ്തെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വന്നത്. ലളിതക്കൊപ്പം പരിഗണിച്ചിരുന്ന കെ.വി. നഫീസയും മേരി തോമസിനെ കൂട്ടാതെ പട്ടികയിലുണ്ട്. മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് നിലവില്‍ വടക്കാഞ്ചേരിയുടെ പ്രതിനിധി. കോണ്‍ഗ്രസ് കോട്ടയെന്ന് പറയാവുന്ന ഇവിടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല.
ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി. ശശിധരനു വേണ്ടി ചില കേന്ദ്രങ്ങളില്‍നിന്ന് മുറവിളി ഉയര്‍ന്നിരുന്നു. ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ മൂന്ന് തവണയായി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ഇരിങ്ങാലക്കുട. ടി. ശശിധരനോട് ഏറ്റുമുട്ടിയപ്പോള്‍ മാത്രമാണ് ഉണ്ണിയാടന്‍ കനത്ത മത്സരം നേരിട്ടത്. ശശിധരനെ വീണ്ടും മത്സരിപ്പിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്‍െറ നിലപാടിനോട് സംസ്ഥാന നേതൃത്വത്തില്‍ ചിലര്‍ക്ക് ആഭിമുഖ്യമുണ്ടെങ്കിലും മറുവിഭാഗത്തിന് വിയോജിപ്പിച്ചാണ്. വി.എസ് പക്ഷക്കാരനായിരുന്ന ശശിധരന്‍ വര്‍ഷങ്ങളായി അച്ചടക്ക നടപടികള്‍ നേരിട്ട് കഴിയുകയാണ്. ആദ്യ ഘട്ടത്തില്‍ കലാമണ്ഡലം സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശിനെ ഇരിങ്ങാലക്കുടയിലേക്ക് പരിഗണിച്ചിരുന്നു.
ഇരിങ്ങാലക്കുട, വടക്കാഞ്ചേരി സീറ്റുകളില്‍ സ്ഥാനാര്‍ഥി പട്ടികയായതോടെ തൃശൂര്‍ ജില്ലയില്‍ സി.പി.എം ഒരു കടമ്പ കടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.