അളിയന്മാര്‍ തമ്മിലെ പോരാണ് പോര്

ശാസ്താംകോട്ട: കുന്നത്തൂര്‍ മണ്ഡലത്തില്‍ ഇരുമുന്നണിയുടെയും സ്ഥാനാര്‍ഥികളായി കച്ചമുറുക്കുന്നത് നേരളിയന്മാര്‍. സഹോദരങ്ങളുടെ മക്കളായ ഇവരില്‍ ആര് ജയിച്ചാലും എം.എല്‍.എ പദവി എത്തുന്നത് മൈനാഗപ്പള്ളി കോവൂര്‍ ചരുവിള വീട്ടിലേക്കാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമാണ് അളിയന്മാര്‍ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളായി നേര്‍ക്കുനേര്‍ പോരാടുന്നത്. 2001 മുതല്‍ മൂന്നുതവണയായി കുന്നത്തൂരിനെ പ്രതിനിധാനംചെയ്യുന്ന കോവൂര്‍ കുഞ്ഞുമോനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.
കുഞ്ഞുമോന്‍െറ മാതാവ് ശാരദയുടെ സഹോദരനും മുന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനുമായ സി. തങ്കപ്പന്‍െറ മകന്‍ ഉല്ലാസ് കോവൂരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. തെക്കന്‍ കേരളത്തില്‍ അമ്മാവന്‍െറ മകനെ അളിയനെന്നാണ് പൊതുവെ വിളിക്കുന്നത്.
ആര്‍.എസ്.പി ശൂരനാട് മണ്ഡലം കമ്മിറ്റി അംഗവും ആര്‍.വൈ.എഫ് കേന്ദ്ര കമ്മിറ്റി അംഗവുമാണ് ഉല്ലാസ്.
കുഞ്ഞുമോന്‍െറ മാതാവ് കശുവണ്ടിത്തൊഴിലാളിയായിരുന്നു. ഉല്ലാസിന്‍െറ മാതാവ് സുധര്‍മ ഇപ്പോഴും കശുവണ്ടിത്തൊഴിലാളിയാണ്. അമ്മാവനോടൊപ്പം താമസിച്ചാണ് കുഞ്ഞുമോന്‍ മൂന്ന് തെരഞ്ഞെടുപ്പിലും മത്സരിച്ചത്. ഭര്‍ത്താവ് പൊടിയന്‍ മരിച്ചതിനത്തെുടര്‍ന്ന് സഹോദരിയെയും പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും കുണ്ടറയില്‍നിന്ന് കൊണ്ടുവന്ന് സംരക്ഷിച്ചത് തങ്കപ്പനാണ്. കുഞ്ഞുമോന്‍ ഇന്നും ഭവനരഹിതനാണ് എന്നതും ചേര്‍ത്തുവായിക്കണം. പൊതുപ്രവര്‍ത്തനത്തിനിടെ വിവാഹം കഴിക്കാനും മറന്നു. ദേവസ്വംബോര്‍ഡ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗം സി.ജി. ആശയാണ് ഉല്ലാസിന്‍െറ ഭാര്യ. മകള്‍: ഋതു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞുമോന്‍െറ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഉല്ലാസ്.
ഏഷ്യാനെറ്റില്‍ സഹസംവിധായകനായിരുന്ന ഉല്ലാസ് ഇപ്പോള്‍ കൈരളി ടി.വിയിലെ പ്രൊഡ്യൂസറാണ്. വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ സമരം ചെയ്ത് ജയില്‍വാസം അനുഭവിച്ച ചരിത്രവും ഉല്ലാസിന് സ്വന്തം. പാര്‍ട്ടി പിളര്‍ത്തിയ കുഞ്ഞുമോനെ പിടിച്ചുകെട്ടാന്‍ ആര്‍.എസ്.പി തന്ത്രപരമായി കണ്ടത്തെിയതാണ് അളിയന്‍ ഉല്ലാസിനെ. ഒന്നിച്ച് കളിച്ചുവളര്‍ന്നവര്‍ കളത്തിലിറങ്ങിയതോടെ ധാര്‍മിക പ്രതിസന്ധിയിലായത് ഒരേസമയം അച്ഛനും അമ്മാവനുമായ തങ്കപ്പനാണ്. ആകെ ആശ്വാസം പോരാട്ടം കൊടിയിറങ്ങുമ്പോള്‍ മച്ചുനന്മാരില്‍ ഒരാള്‍ വിജയിയായി ചരുവിള വീട്ടിലത്തെുമെന്നതാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.