രണ്ട് സി.പി.എമ്മുകാരുടെ കൊലപാതകം: അഞ്ച് ആര്‍.എസ്.എസുകാര്‍ക്ക് ജീവപര്യന്തം

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ ഇരട്ട രാഷ്ട്രീയ കൊലപാതക കേസില്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ്. പാലക്കാട് സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍ പോളാണ് വിധി പറഞ്ഞത്. ആകെയുള്ള ഏഴ് പ്രതികളില്‍ രണ്ടുപേരെ കുറ്റക്കാരല്ളെന്നുകണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കടുക്കാംകുന്നം പാറയില്‍ ഹൗസില്‍ മണികണ്ഠന്‍ (34), കടുക്കാംകുന്നം പാഞ്ഞിക്കര ഹൗസില്‍ രാജേഷ് എന്ന കുട്ടായി (33), കടുക്കാംകുന്നം നമ്പന്‍പുരം വീട്ടില്‍ മുരുകദാസ് (35), കടുക്കാംകുന്നം പാറയില്‍ ഹൗസില്‍ സുരേഷ് എന്ന ഉഡേഷ് (38), മലമ്പുഴ എസ്.കെ. നഗര്‍ പുഴയ്ക്കല്‍വീട്ടില്‍ ഗിരീഷ് എന്ന പൗലോസ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മലമ്പുഴ കടുക്കാംകുന്നം സ്വദേശികളും സി.പി.എം ബ്രാഞ്ച് അംഗങ്ങളുമായിരുന്ന കടുക്കാംകുന്നം കുപ്പച്ചിമാരാപ്പുര അപ്പുക്കുട്ടന്‍െറ മകന്‍ ഗോപാലകൃഷ്ണന്‍ (45), അപ്പുക്കുട്ടന്‍െറ സഹോദരന്‍ ദാമോദരന്‍െറ മകന്‍ രവീന്ദ്രന്‍ (36) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.

ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി അഞ്ചര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. അഞ്ച് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴ ഒടുക്കണം. മൊത്തം പിഴ സംഖ്യയില്‍ നിന്ന് നാല് ലക്ഷം രൂപ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് വിധിയിലുണ്ട്. പിഴ ഒടുക്കിയില്ളെങ്കില്‍ മൂന്ന് വര്‍ഷം കൂടി കഠിന തടവ് ശിക്ഷ അനുഭവിക്കണം. ആറാം പ്രതി കടുക്കാംകുന്നം സ്വദേശി സുരേഷ് എന്ന കൊമ്പന്‍ സുരേഷ് (30) നാലാം പ്രതി വല്‍സകുമാര്‍ (50) എന്നിവരെയാണ് വെറുതെ വിട്ടത്. 2007 ഒക്ടോബര്‍ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിന്‍െറ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ വൈകീട്ട് ആറരക്ക് കടുക്കാംകുന്നത്ത് വച്ച് ഗോപാലകൃഷ്ണനേയും രവീന്ദ്രനേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്ന് വിധിന്യായത്തില്‍ പറയുന്നു. 23 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. മലമ്പുഴ പൊലീസാണ് കേസ് ചാര്‍ജ് ചെയ്തത്. ഹേമാംബിക സി.ഐയായിരുന്ന പി. വാഹിദാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വിനോദ് കെ. കയനാട്ട് ഹാജരായി. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. ശ്രീധരന്‍പിള്ളയാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.