ഡല്‍ഹിയുടെ പിരിമുറുക്കത്തില്‍പ്പെട്ട് ആന്‍റണി മടങ്ങുന്നു

കണ്ണൂര്‍: യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിനത്തെിയ  എ.കെ.ആന്‍റണി മലബാറിലെ പരിപാടികള്‍ ഉപേക്ഷിച്ച് ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങുന്നു. കേന്ദ്രത്തിലെ ഹെലികോപ്റ്റര്‍ ഇടപാട് വിവാദത്തില്‍ തന്നെ കുരുക്കിയിടാനുള്ള ബി.ജെ.പി. തന്ത്രത്തിന് തടയിടാനാണ് ഇത്. ആന്‍റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ നടന്ന ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നാളെ പാര്‍ലമെന്‍റില്‍ പ്രസ്താന നടത്തുകയാണെന്നും അതില്‍ ആന്‍റണിയുമായി ബന്ധപ്പെട്ട രൂക്ഷ വിമര്‍ശമുണ്ടാവുമെന്നും എ.ഐ.സി.സി.കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതനുസരിച്ചാണ് മലബാറിലെ മൂന്ന് ജില്ലകളിലെ പരിപാടി ആന്‍റണി ഇന്നലെ റദ്ദാക്കിയത്.

കേരളത്തില്‍ 14  ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണം മെയ് ഒന്നിന് കാസര്‍കോട് നിന്നാണ് ആന്‍റണി ആരംഭിച്ചത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ ആന്‍റണിയെ കാണാന്‍ കണ്ണൂര്‍ ഗസ്റ്റഹൗസിലത്തെിയ നേതാക്കളില്‍ പലര്‍ക്കും അഭിമുഖ അനുമതി അപൂര്‍വമേ കിട്ടിയുള്ളു. അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം ആന്‍റണി ഡല്‍ഹിയുമായി ആശയ വിനിമയത്തിലായിരുന്നു. വ്യോമസേന മുന്‍മേധാവി  എസ്.പി.ത്യാഗിയെ സി.ബി.ഐ.ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിധേയമാക്കിയ വിവരവും  പിന്നാലെ വന്നു. പ്രതിരോധമന്ത്രി നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന പ്രസ്താവനയില്‍ ആന്‍റണിയുടെ പേരുണ്ടെന്നും രാജ്യരക്ഷാ കേന്ദ്രങ്ങള്‍ ആന്‍റണിയെ അറിയിച്ചു.

ഡല്‍ഹിയിലെ വിശേഷങ്ങളറിഞ്ഞ് മീറ്റ് ദ പ്രസ് പരിപാടിയില്‍ എത്തിയ ആന്‍റണിയുടെ മുഖ്യ വിഷയവും ബി.ജെ.പി.യുടെയും  കേന്ദ്ര സര്‍ക്കാറിന്‍െറയും കേരളത്തിലെ ദുഷ്ട ലാക്കായിരുന്നു. ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനാല്‍ വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി റദ്ദാക്കേണ്ടി വരുമെന്ന് ആന്‍റണി ‘മാധ്യമ’ത്തോട് പറഞ്ഞു. മെയ് ആറ് മുതല്‍ കേരളത്തില്‍ വീണ്ടും പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് വിമതന്‍മാര്‍ മല്‍സര രംഗത്തുള്ള കണ്ണൂര്‍ ജില്ലയില്‍ ഒരു പകലിന്‍െറ പകുതിയോളം അതിഥി മന്ദിരത്തില്‍ വിശ്രമിച്ചിട്ടും ആഭ്യന്തരമായ ഒരു വിഷയത്തിലും ആന്‍റണി പിടി കൊടുത്തില്ല. അഴീക്കോട് മണ്ഡലത്തില്‍  മല്‍സരിക്കുന്ന കോണ്‍ഗ്രസ് വിമതന്‍െറ വിഷയം മുസ്ലിംലീഗ് വൃത്തങ്ങള്‍ ആന്‍റണിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചപ്പോഴും അത് ‘അവഗണിച്ച അദ്ധ്യായമാണ്’ എന്ന ഡി.സി.സി.യുടെ നിലപാട് ചൂണ്ടികാട്ടി ഒഴിഞ്ഞു മാറുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.