പഠനം, ജോലി, വീട്... പാതിയില്‍ പൊലിഞ്ഞു, ജിഷയുടെ സ്വപ്നങ്ങള്‍

കൊച്ചി: മാന്യമായൊരു ജോലി, സ്വന്തമായൊരു വീട്, കഷ്ടപ്പാടുകളില്‍ നിന്ന് മോചനം. തികച്ചും സാധാരണമായ സ്വപ്നങ്ങള്‍ക്കു പിന്നാലെയായിരുന്നു ജിഷയുടെ യാത്ര. ശാരീരിക അവശതകള്‍ കണക്കിലെടുക്കാതെ രാവും പകലും പണിയെടുത്ത് അമ്മ രാജേശ്വേരി മകളുടെ ആഗ്രഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. ജീവിത തുരുത്തില്‍ ഒറ്റപ്പെട്ട ഒരമ്മയും മകളും പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലിരുന്ന് പരസ്പരം കലഹിച്ചു, ആശ്വസിപ്പിച്ചു, സ്നേഹിച്ചു. പക്ഷേ മന$സാക്ഷി മരിച്ച സമൂഹത്തിന് അവരുടെ സ്വപ്നങ്ങളുടെ വില അറിയില്ലായിരുന്നു, ജീവിതത്തിന്‍െറയും.

എം.എ ഹിസ്റ്ററി പൂര്‍ത്തിയാക്കാതെയാണ് 2010ല്‍ ജിഷ എറണാകുളം ലോ കോളജില്‍ മൂന്ന് വര്‍ഷത്തെ എല്‍ എല്‍.ബിക്ക് ചേര്‍ന്നത്. എല്‍എല്‍.ബി പൂര്‍ത്തിയാക്കിയാല്‍ പെട്ടെന്നൊരു ജോലി തരപ്പെടും. അതോടെ താനും അമ്മയും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകും. ഇതായിരുന്നു ജിഷയുടെ പ്രതീക്ഷകള്‍. പഠനകാര്യത്തില്‍ അത്യുത്സാഹിയായിരുന്നു ജിഷയെന്ന് സഹപാഠികള്‍ പറയുന്നു. ആദ്യ രണ്ട് വര്‍ഷം എറണാകുളത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലായിരുന്നു താമസം. അവസാന വര്‍ഷമായപ്പോള്‍ വീട്ടില്‍ പോയിവരുകയായിരുന്നു. വീട്ടിലെ സ്ഥിതി പ്രതികൂലമായിരുന്നു. സാമ്പത്തിക ചുറ്റുപാടുകളും മോശമായിരുന്നു. എന്നാല്‍, അതേക്കുറിച്ചൊന്നും ജിഷ ആരോടും പറഞ്ഞില്ല. ജിഷയുടെ അഡ്മിഷന്‍ സമയത്തും മറ്റും അച്ഛന്‍ കൂടെയുണ്ടായിരുന്നതായി സഹപാഠികള്‍ ഓര്‍ക്കുന്നു. പക്ഷേ പിന്നീടൊരിക്കലും അച്ഛനെക്കുറിച്ച്  ആരോടും പറഞ്ഞിട്ടില്ല. സിവില്‍ സര്‍വിസ് പരീക്ഷയെഴുതണമെന്ന മോഹം പ്രിലിമിനറി പരീക്ഷയോടെ അവസാനിപ്പിച്ചു. എല്‍എല്‍.ബി അവസാന വര്‍ഷ പരീക്ഷ എഴുതിയെങ്കിലും ചില വിഷയങ്ങള്‍ കിട്ടിയിരുന്നില്ല. വീണ്ടും പരീക്ഷയെഴുതാനുള്ള ശ്രമത്തിലായിരുന്നു. എറണാകുളത്തെ ഒരു അഭിഭാഷകനൊപ്പം ജോലി ചെയ്തിരുന്ന അവര്‍ ഹോസ്റ്റലിലായിരുന്നു താമസം.

സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് പെരുമ്പാവൂരിലെ വീട്ടിലത്തെിയത്. മിതഭാഷിയും സൗമ്യസ്വഭാവും സൂക്ഷിച്ചിരുന്ന ജിഷ തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. ജിഷയുടെ അത്തരമൊരു സ്വഭാവം അമ്മ രാജേശ്വരിയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷമായി അകന്നുതാമസിക്കുകയാണ്. പ്രണയിച്ച് വിവാഹം കഴിച്ച ജിഷയുടെ ചേച്ചിയുടെ കുടുംബ ജീവിതം പൂര്‍ണ പരാജയമായിരുന്നു. അത്തരമൊരു അവസ്ഥ ജിഷക്ക് വരരുതെന്ന ആഗ്രഹവും അതിരുകവിഞ്ഞ ഉത്കണ്ഠയും കരുതലും രാജേശ്വരിയുടെ മനസ്സിനെ മറ്റൊരവസ്ഥയില്‍ കൊണ്ടത്തെിച്ചിരുന്നു. ആരെങ്കിലും മകളെ അകാരണമായി നോക്കുന്നത് പോലും രാജേശ്വരിക്ക് ഇഷ്ടമല്ലായിരുന്നുവത്രെ.  എന്നാല്‍, ജിഷയുടെ സ്വപ്നങ്ങള്‍ക്ക് എന്നും അവര്‍  കരുത്തായി നിന്നു. നഷ്ടപ്പെട്ട വിഷയങ്ങള്‍ വീണ്ടും എഴുതാന്‍ മകളെ പ്രേരിപ്പിച്ചു. പി.എസ്.സി കോച്ചിങ്ങിനും ചേര്‍ത്തു. ഇതിനിടെ വീടുവെക്കാന്‍ സര്‍ക്കാര്‍ അഞ്ച് സെന്‍റ് സ്ഥലം അനുവദിച്ചു. വീട് പണിക്കുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഒരു വര്‍ഷം മുമ്പ് തറകെട്ടിയിട്ട വീടിന്‍െറ പണി പിന്നീട് മുടങ്ങി. ആരൊക്കെയോ ചേര്‍ന്ന് സ്ഥലം കൈയടക്കാന്‍ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.