പൊലീസ് നീക്കം മാധ്യമ സ്വാതന്ത്യ്രത്തിനു നേരെയുള്ള ആക്രമണം -കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: വാർത്തയുടെ പേരിൽ മാധ്യമ സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച്, ലേഖകന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമം മാധ്യമ സ്വാതന്ത്യ്രത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി.

മാധ്യമങ്ങൾക്ക് മൂക്കുകയറിടാനുള്ള വിശാലമായ അജണ്ടയുടെ ഭാഗമായി മാത്രമേ പൊലീസ് നടപടിയെ കാണാൻ കഴിയൂ. ഭരണഘടന ഉറപ്പ് നൽകുകയും ഹൈകോടതി ആവർത്തിച്ച് ശരിവെക്കുകയും ചെയ്‌ത മാധ്യമ സ്വാതന്ത്യ്രത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന ഈ നീക്കം ജനാധിപത്യമൂല്യങ്ങൾക്കു തന്നെ വിരുദ്ധമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയെന്നും യൂനിയൻ അറിയിച്ചു.

കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വിവരം വാർത്തയായതിന്‍റെ പേരിലാണ് ക്രൈംബ്രാഞ്ച് നടപടി. ശനിയാഴ്‌ച രണ്ടു മണിക്കൂർ 'മാധ്യമം' ലേഖകൻ അനിരു അശോകനെ ചോദ്യംചെയ്‌ത ക്രൈംബ്രാഞ്ച് രണ്ടു ദിവസത്തിനകം ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയിരിക്കുകയാണ്. കോടതി തന്നെ വിലക്കിയിട്ടുള്ളതാണ് ഇത്തരം നടപടികളെന്ന് കെ.യു.ഡബ്ല്യു.ജെ ചൂണ്ടിക്കാട്ടി.

കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകൾക്ക് ആധാരമായ രേഖകൾ മാധ്യമങ്ങൾ പുറത്തുവിടുന്നത് സ്വാഭാവികം മാത്രമാണ്. എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും കാലദേശാന്തര ഭേദമില്ലാതെ ഇതിനൊപ്പം നിന്നിട്ടുമുണ്ട്. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നത് മാധ്യമ ധർമമാണ്. പൊലീസ് നടപടികളിലൂടെ അതിനു തടയിടാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല. ചുറ്റും നടക്കുന്ന തെറ്റായ പ്രവണതകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള പൗരന്‍റെ അവകാശങ്ങൾക്കു വിലങ്ങിടാനാണ് ഇതുവഴി പൊലീസ് യഥാർഥത്തിൽ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമത്തിനെതിരെ നിയമത്തിന്‍റെയും പ്രക്ഷോഭത്തിന്‍റെയും വഴികൾ ആരായുമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.

Tags:    
News Summary - Police move attack on media freedom -KUWJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.