വഖഫ് സ്വത്ത് അന്യാധീനപ്പെടല്‍: ആദ്യ ക്രിമിനല്‍ കേസ് ഇന്ന് കോടതിയില്‍

കോഴിക്കോട്: വഖഫ് കെട്ടിടങ്ങളില്‍ വാടക കൂട്ടിക്കൊടുക്കാതെ അനധികൃതമായി തങ്ങിയതിന് സംസ്ഥാനത്ത് ആദ്യമായെടുത്ത ക്രിമിനല്‍ കേസ് കോഴിക്കോട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് മേയ് നാലിന് പരിഗണിക്കും. അന്യായമായി  വഖഫ് സ്വത്ത് കൈവശം വെക്കുന്നവര്‍ക്ക് രണ്ടു കൊല്ലം കഠിന തടവുവരെ നല്‍കാമെന്ന വഖഫ് നിയമത്തില്‍ 2013ല്‍ വരുത്തിയ  ഭേദഗതി പ്രകാരമെടുത്ത കേസിലാണ് കോടതി നടപടികള്‍ ആരംഭിക്കുന്നത്.

സിവില്‍ കേസ് വഴി കെട്ടിടം ഒഴിയാന്‍ ഹരജി നല്‍കുകയായിരുന്നു ഇതുവരെ ചെയ്തുപോന്നത്. 2014ല്‍ വഖഫ് ബോര്‍ഡ് നല്‍കിയ ക്രിമിനല്‍ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും മേല്‍ക്കോടതി നടപടി തുടരാമെന്ന് വിധിച്ചതിനെ തുടര്‍ന്നാണ് വിചാരണ പുനരാരംഭിക്കുന്നത്. വാടകക്കാരനെതിരെ വഖഫ് ബോര്‍ഡിന് ക്രിമിനല്‍ കേസെടുക്കാന്‍ അധികാരമില്ളെന്ന എതിര്‍കക്ഷികളുടെ വാദം ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ച് തള്ളുകയായിരുന്നു.

വഖഫ് നിയമം 52(എ) പ്രകാരം ക്രിമിനല്‍ കേസെടുക്കാമെന്ന് ഹൈകോടതി വിധിച്ചു. കോഴിക്കോട് കോര്‍ട്ട് റോഡിലെ നോര്‍മന്‍ പ്രിന്‍റിങ് ബ്യൂറോയുടെ പാര്‍ട്ണര്‍ പി.വി. നിധീഷ്, പി.വി. ഹേമലത, എം. ശശി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ 40 കൊല്ലത്തിലേറെയായി ബിസിനസ് നടത്തുന്നത് പുതിയ മാളിയേക്കല്‍ മമ്മുഹാജി വഖഫിന്‍െറ സ്വത്തിലാണെന്ന് കാണിച്ചാണ് പരാതി. താഴെ നിലയിലെ അയ്യായിരം ചതുരശ്ര അടി അന്യായമായി ഉപയോഗിക്കുന്നതായാണ് പരാതി.

 വാടകക്കരാര്‍  വഖഫ് ബോര്‍ഡിന്‍െറ അംഗീകാരമില്ലാതെ നീട്ടിക്കൊടുക്കാന്‍ വഖഫ് മുതവല്ലിക്ക് അധികാരമില്ല. ഇക്കാര്യം പാലിച്ചിട്ടില്ളെന്ന് വഖഫ് ബോര്‍ഡ് കണ്ടത്തെി. കെട്ടിടം ഒഴിയണമെന്ന്  വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എം. ജമാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവ് നടപ്പാക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിനാണ്. മാസം കുറഞ്ഞത്  രണ്ടു ലക്ഷം രൂപയെങ്കിലും വാടക ലഭിക്കാവുന്ന കെട്ടിടം അനധികൃതമായി ഉപയോഗിക്കുകവഴി പത്തു കോടി നഷ്ടമുണ്ടായതായി വഖഫ് ബോര്‍ഡ് കോടതിയില്‍ നല്‍കിയ പരാതിയിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.