കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി; കേന്ദ്രമന്ത്രി പെരുമ്പാവൂരിലേക്ക്

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥി ജിഷ കൊടുംപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രോഷവും പ്രതിഷേധവുമായി പാര്‍ലമെന്‍റില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ രംഗത്ത്. വ്യാഴാഴ്ച പെരുമ്പാവൂര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സഭയില്‍ വെക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് രാജ്യസഭയെ അറിയിച്ചു.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ലോക്സഭയില്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കേരള സര്‍ക്കാറുമായി ബന്ധപ്പെടും.വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍  ഇടപെടണമെന്നും സഭയില്‍ പ്രസ്താവന നടത്തണമെന്നും ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതോടെയായിരുന്നു പെരുമ്പാവൂര്‍ സന്ദര്‍ശിക്കുന്ന കാര്യം മന്ത്രി രാജ്യസഭയെ അറിയിച്ചത്.  ശൂന്യവേളയില്‍ സി.പി.എമ്മിലെ സി.പി. നാരായണനാണ് രാജ്യസഭയില്‍ വിഷയം ഉന്നയിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം കര്‍ശന നിയമമുണ്ടാക്കിയിട്ടും ഇത്തരം ഹീനമായ അതിക്രമം സ്ത്രീകള്‍ക്കെതിരെ, പ്രത്യേകിച്ചും ദലിതുകള്‍ക്കെതിരെ ആവര്‍ത്തിക്കുകയാണെന്ന് നാരായണന്‍ ചൂണ്ടിക്കാട്ടി.

പി.എല്‍. പുനിയ, രേണുക ചൗധരി തുടങ്ങിയ കോണ്‍ഗ്രസ് എം.പിമാരും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും നാരായണന് പിന്തുണയുമായത്തെി. സാക്ഷര കേരളമെന്നും ഡിജിറ്റല്‍ കേരളമെന്നുമൊക്കെ അറിയപ്പെടുന്ന സംസ്ഥാനത്ത് ദലിത് യുവതി ഹീനമായ പീഡനമേറ്റു മരിക്കേണ്ടി വന്നത് എല്ലാവരെയും ഞെട്ടിക്കുന്നതാണെന്ന് സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു. നിര്‍ഭയ കേസിന്‍െറ ആവര്‍ത്തനമാണ് കേരളത്തിലുണ്ടായതെന്ന് ബി.ജെ.പി നേതാവ് തരുണ്‍ വിജയ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.