ചന്ദ്രബോസ് വധം: അമല്‍ കള്ളസാക്ഷി പറഞ്ഞെന്ന് കണ്ടത്തെല്‍

തൃശൂര്‍: പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിസാമിന്‍െറ ഭാര്യ അമല്‍ കൂറുമാറി കള്ളസാക്ഷി പറഞ്ഞതായി കോടതി കണ്ടത്തെി. ഇതുസംബന്ധിച്ച് വിശദീകരണം ബോധിപ്പിക്കുന്നതിന് അമലും അഭിഭാഷകനും ശനിയാഴ്ച നേരിട്ട് ഹാജരാവണമെന്ന് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീര്‍ ഉത്തരവിട്ടു. ഐ.പി.സി സെക്ഷന്‍ 191, 193, 181 വകുപ്പുകളാണ് അമലിനെതിരെ ചുമത്തിയത്. കേസ് ശനിയാഴ്ച വീണ്ടും പരിഗണിക്കും.

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആക്രമിച്ചത്. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണക്കിടെ നവംബര്‍ 11നാണ് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി അമല്‍ മാറ്റിപ്പറഞ്ഞത്. നിസാം ചന്ദ്രബോസിനെ മര്‍ദിച്ച് കാറില്‍ കയറ്റുന്നത് കണ്ടെന്നാണ് അമല്‍ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി. എന്നാല്‍, ചന്ദ്രബോസ് മരിച്ചത് വാഹനാപകടത്തിലാണെന്ന് വിചാരണക്കിടെ അമല്‍ മൊഴി മാറ്റി. പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ച കോടതി അമല്‍ കൂറുമാറിയതായി പ്രഖ്യാപിച്ചു. 11ാം സാക്ഷിയായിരുന്നു അമല്‍.

ചന്ദ്രബോസിനെ ആക്രമിക്കുന്നത് രണ്ടുപേരാണ് കണ്ടത്. ശോഭാ സിറ്റിയിലെ ജീവനക്കാരന്‍ അനൂപും അമലും. ചന്ദ്രബോസിനെ ആക്രമിക്കാന്‍ അമല്‍ കൂട്ടുനിന്നെന്നായിരുന്നു ആക്ഷേപം. അമലിനെ പ്രതിയാക്കണമെന്ന് അന്ന് നിരീക്ഷണമുണ്ടായെങ്കിലും പ്രതിയാക്കിയില്ല. സാക്ഷി അനൂപ് തുടക്കത്തില്‍ കൂറുമാറിയെങ്കിലും രണ്ടാം ദിവസം മാപ്പ് പറഞ്ഞ് രഹസ്യമൊഴി ആവര്‍ത്തിച്ചു. ഇതോടെ ഇയാള്‍ക്കെതിരായ നടപടി പ്രോസിക്യൂഷന്‍ പിന്‍വലിച്ചു. കേസില്‍ കഴിഞ്ഞ ജനുവരി 21ന് വിധി പറഞ്ഞ കോടതി നിസാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിന തടവും 71.30 ലക്ഷം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിസാം. വ്യാഴാഴ്ച അമലിനെതിരായ കേസ് പരിഗണിച്ചപ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു ഹാജരായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.