ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹത- പിണറായി

കൊച്ചി: ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹതയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിൽ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം ദഹിപ്പിക്കരുതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം ഒരു നോക്ക് കാണാന്‍ പോലും അവരെ അനുവദിച്ചില്ല. ഇത് മറികടന്ന് മൃതദേഹം ദഹിപ്പിച്ചത് സംശയം ജനിപ്പിക്കുന്നെന്നും തെളിവുകള്‍ കണ്ടെത്തുന്നതിൽ പൊലീസ് അലംഭാവം കാണിച്ചെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പിണറായിയുടെ വിമർശം. കേരളത്തില്‍ പിഞ്ച്കുഞ്ഞ് മുതല്‍ വൃദ്ധര്‍ വരെ സുരക്ഷിതരല്ലെന്നും സ്വന്തം വീട്ടില്‍ പോലും കഴിയാനാവാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായിയുടെ ഫേസ്ബുക്ക് കുറിപ്പ്

'എന്റെ മകളെ കത്തിക്കരുതെന്ന് ഞാന്‍ പറഞ്ഞു, ആരാണ് ദഹിപ്പിക്കാന്‍ തീരുമാനിച്ചത്' എന്നാണ് ജിഷയുടെ അമ്മ എന്നോട് പറഞ്ഞത്. ജിഷയുടെ മൃതദേഹം അമ്മയ്ക്കു പോലും കാണാന്‍ നല്‍കാതെ ദഹിപ്പിച്ചത് എന്തിനാണ്? അമ്മയല്ലാതെ പോലീസാണോ അത് തീരുമാനിക്കേണ്ടത്?
ഇങ്ങനെയുള്ള സംഭവങ്ങൾ ആകുമ്പോൾ മൃതദേഹം ദഹിപ്പിക്കുകയില്ല എന്ന് ശ്മശാനം സൂക്ഷിപ്പുകാരൻ പോലീസിനോട് പറഞ്ഞതായാണ് മനസ്സിലാക്കുന്നത്. ഇത്രദാരുണമായ കൊലപാതകത്തിന്റെ തെളിവുകള്‍ സംരക്ഷിക്കാനോ അന്വേഷണത്തില്‍ ജാഗ്രത പുലര്‍ത്താനോ പൊലീസ് തയാറായിട്ടില്ല.

ഒരു യുവതിയെ പിച്ചിച്ചീന്തിയതുമാത്രമല്ല, അത്തരം ഒരു സംഭവത്തില്‍ പൊലീസ് സ്വീകരിച്ച സമീപനവും ഞെട്ടിക്കുന്നതാണ്. തെളിവുകള്‍ സംരക്ഷിക്കാന്‍ സ്ഥലം കയറുകെട്ടി തിരിക്കാനോ ഉടന്‍ പൊലീസ് നായയെ എത്തിക്കാനോ പൊലീസ് തയാറായില്ല. ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യവും പൊലീസ് ഉറപ്പാക്കിയില്ല. കുറ്റകൃത്യം നടന്ന വീട് സീൽ ചെയ്തില്ല. ഭരണ സംവിധാനം പൂർണ്ണമായി പരാജയപ്പെട്ടതിന്റെ ഫലമാണ് ജിഷയുടെ ദുരന്തം. പോലീസിനു എങ്ങനെ ഇത്രയും വലിയ തട്ടിപ്പുകൾ കാണിക്കാൻ ധൈര്യം കിട്ടി? പോലീസ് നടപടികൾ തുടക്കം മുതൽ തെറ്റായ രീതിയിലാണ്. ഒരു അപകട മരണം ഉണ്ടായാൽ പോലും പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നത്.

പിഞ്ചുകുഞ്ഞുമുതല്‍ വയോധികവരെ സ്വന്തം വീടിനുള്ളില്‍പോലും സുരക്ഷിതരല്ലെന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ജിഷയുടെ ഘാതകരെ പിടികൂടുംവരെ രാപ്പകല്‍ സമരമടക്കം എല്‍.ഡി.എഫ് പ്രക്ഷോഭം തുടരും. ജിഷയുടെ വീടിന്റെ പോലെ തന്നെ ഉളള ഒരുപാട് വീടുകളാണ് ഇന്ന് കേരളത്തിന് ഒരു വലിയ ശാപം... നാല് ലക്ഷം കുടുംബങ്ങൾ നമ്മുടെ നാട്ടിൽ വീടില്ലാത്തവരാണ്. ഇത് ഒറ്റപ്പെട്ട അനുഭവമായി കാണുന്നില്ല. നാമെല്ലാം പരിശോധിച്ച് തിരുത്തേണ്ട പലതും ഇതിൽ ഉണ്ട്. ഇതു പോലെ ഉള്ള ദുരന്തം, സുരക്ഷിതമല്ലാത്ത വീടുകൾ - അത് നമ്മുടെ നാട്ടിൽ ഉണ്ടായിക്കൂടാ.

ജിഷയുടെ മരണം ഒരു ചെറിയ ഓർമ്മ പെടുത്തലാണ്...അതേ ഇത് ഒരു വലിയ സൂചന നല്കുന്നു..വരുന്ന നാളെയുടെ ഭീകരമായ ഭീഷണിയാണ് ഇത്.
ഞങ്ങൾ ഇതിനെ ഒരു പ്രത്യേക സംഭവം എന്ന നിലയിൽ മാത്രമല്ല, കൂടുതൽ ഗൌരവത്തോടെയാണ് കാണുന്നത്. സ്ത്രീ പുരുഷ സമത്വത്തിന്റെയും അതിൽ ഇന്ന് നിലനില്ക്കുന്ന തെറ്റായ രീതികളുടെയും പ്രശ്നം ഇതിൽ ഉണ്ട്. എല്ലാവരും, സാഹിത്യ-സാംസ്കാരിക-കലാ പ്രവർത്തകർ ഉള്പ്പെടെ ഇടപെടേണ്ട വിഷയമാണ് അത്. ദളിത് കുടുംബാംഗം എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ദരിദ്ര കുടുംബാംഗം എന്ന നിലയിലും മൂന്നു തരത്തിലുള്ള ആക്രമണമാണ് ജിഷക്കുണ്ടായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.