പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂരമായി വധിക്കപ്പെട്ട സംഭവത്തില്‍ തെളിവ് ശേഖരിക്കുന്നതിലും അന്വേഷണം തുടങ്ങുന്നതിലും ലോക്കല്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ളെന്നും ചില കേസുകള്‍ തെളിയിക്കാന്‍ സമയം വേണ്ടിവരുമെന്നും ആഭ്യന്തരമന്ത്രിയും അന്വേഷണച്ചുമതലയുള്ള ഐ.ജിയുമുള്‍പ്പെടെ ആവര്‍ത്തിക്കുന്നതിനിടെയാണ് ഡി.ജി.പി സെന്‍കുമാര്‍ പിഴവ് സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ ആരോപണം ഉയരുകയും പ്രതികളെ പിടികൂടാന്‍ വൈകുന്നതും കണക്കിലെടുത്ത് ആഭ്യന്തരമന്ത്രി ഉന്നതതല റിപ്പോര്‍ട്ട് തേടുകയായിരുന്നു. സ്പെഷല്‍ ബ്രാഞ്ച് വഴി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്.
രാഷ്ട്രീയ-ഭരണപക്ഷ താല്‍പര്യങ്ങളില്ലാതിരുന്നിട്ടും പഴി കേള്‍ക്കേണ്ടിവന്നതും പ്രതിയെ പിടികൂടാന്‍ വൈകുന്നത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ദോഷമാകുമെന്ന് വിലയിരുത്തിയുമാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പൊലീസിന് വീഴ്ച പറ്റിയെന്ന നിലക്കാണ് റിപ്പോര്‍ട്ട് എന്നതിനാല്‍ തല്‍ക്കാലം പുറത്തുവിടേണ്ടന്നും പ്രതികള്‍ പിടിയിലായശേഷം ഡിപ്പാര്‍ട്മെന്‍റുതല അന്വേഷണം നടത്തി ആവശ്യമെങ്കില്‍ നടപടിയാകാമെന്നും മന്ത്രി അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് അടക്കം യു.ഡി.എഫ് നേതാക്കളില്‍ ആരെങ്കിലും അന്വേഷണം മരവിപ്പിക്കാനോ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ളെന്നാണ് ലഭിക്കുന്ന വിവരമെന്നും നടപടിക്രമങ്ങളില്‍ ചില്ലറ വീഴ്ചയുണ്ടായത് മന$പൂര്‍വമല്ളെന്നും ഡി.ജി.പി മന്ത്രിയെ ധരിപ്പിച്ചു.
ജിഷയുടെ അമ്മ രാജേശ്വരി സ്ഥിരം പരാതിക്കാരി എന്ന നിലയില്‍ ലോക്കല്‍ പൊലീസ് അതൃപ്തി പുലര്‍ത്തിയിരുന്നതായി സംശയിക്കുന്നു. രാജേശ്വരി സി.പി.എം അനുഭാവിയായിരുന്നെങ്കിലും ഇടത് ജനപ്രതിനിധികള്‍ക്കെല്ലാം അനഭിമതയായിരുന്നു. സ്റ്റേഷനില്‍നിന്ന് പരാതികളിന്മേല്‍ നടപടി ഉണ്ടാകാതിരുന്നതിന് ഈ ഇഷ്ടക്കേട് കാരണമായതായി സംശയിക്കുന്നെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.
അന്വേഷണത്തില്‍ ആവശ്യമായ കാര്‍ക്കശ്യം പുലര്‍ത്താന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന്, ഇനി തിടുക്കമോ വീഴ്ചയോ ഉണ്ടായിക്കൂടെന്നും ശാസ്ത്രീയ തെളിവ് ഉറപ്പാക്കിവേണം അറസ്റ്റെന്നും ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.