ജിഷയുടെ കൊലപാതകം: പോസ്റ്റ്മോര്‍ട്ടം നടപടിയിലും പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച

കൊച്ചി: ജിഷയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ച നടപടിയിലും പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. ഇത്തരം കൊലപാതകക്കേസുകളില്‍ നിര്‍ബന്ധമായുംവേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല. ജിഷയുടെ സംഭവത്തില്‍ മാത്രമല്ല, മറ്റ് കൊലപാതകക്കേസുകളിലും ഇത്തരം നടപടി പാലിക്കാറില്ളെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിക്കുമ്പോള്‍ സി.ഐ തലത്തില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍െറ സാന്നിധ്യം വേണമെന്നും പോസ്റ്റ്മോര്‍ട്ടം കാമറയില്‍ പകര്‍ത്തണമെന്നും അന്വേഷണത്തിന് സഹായിക്കും വിധത്തില്‍ ഏതൊക്കെ സാമ്പിളുകളാണ് എടുക്കേണ്ടതെന്ന് നിര്‍ദേശിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍, ഇതൊന്നും പാലിക്കാതിരുന്നതിനാല്‍ തെളിവുശേഖരണം നടക്കാതെപോയി. സാധാരണഗതിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിക്കുമ്പോള്‍ കെ.പി.എഫ് 102 എന്ന ഫോം അന്വേഷണ ഉദ്യോഗസ്ഥന്‍ പൂരിപ്പിച്ച് നല്‍കണം. ഇതില്‍  വിലാസം, വയസ്സ് തുടങ്ങിയ പ്രാഥമിക വിവരങ്ങളും ശരീരം കണ്ടപ്പോഴുള്ള അവസ്ഥയും എവിടെയാണ് ശരീരം കണ്ടത് എന്നും  മുറിവുകളുടെ വിവരവും ഉപയോഗിച്ച ആയുധങ്ങളുടെ വിവരവും മരണകാരണവുമാണ് വ്യക്തമാക്കേണ്ടത്. ഇതില്‍ ശരീരം കണ്ടപ്പോഴുള്ള അവസ്ഥ  ‘മരിച്ചനിലയില്‍’ എന്നും മരണകാരണം ‘സംശയാസ്പദം’ എന്നുമാണ് ഒട്ടുമിക്ക കേസുകളിലും രേഖപ്പെടുത്തുക. പേരും വിലാസവും ഒഴിച്ചുള്ള മറ്റ് കോളങ്ങളിലെല്ലാം ‘പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം’ എന്ന് രേഖപ്പെടുത്തും.

 ജിഷയുടെ മൃതദേഹം എത്തിച്ചപ്പോള്‍, ‘കൊലപാതകമാകാന്‍ സാധ്യതയുണ്ട്’ എന്നുമാത്രമാണത്രേ അറിയിച്ചത്. കൊലപാതകമാണ് എന്ന് ഉറപ്പിച്ചുപറയുകയും പോസ്റ്റ്മോര്‍ട്ടം കാമറയില്‍ പകര്‍ത്തണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തിരുന്നെങ്കില്‍, ഓരോ മുറിവിന്‍െറയും വിശദാംശങ്ങള്‍, എത്രമാത്രം മരണകാരണമായി തുടങ്ങിയ വിവരങ്ങളെല്ലാം കാമറക്കുമുന്നില്‍ വിശദീകരിക്കാന്‍  ഡോക്ടര്‍ ബാധ്യസ്ഥനാകുമായിരുന്നു. എന്നാല്‍, ഇത്തരം ഒരു നിര്‍ദേശവും അന്വേഷണസംഘത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാത്രമല്ല, അന്വേഷണത്തെ സഹായിക്കാന്‍ ഏതൊക്കെ സാമ്പിള്‍ എടുക്കണമെന്നും നിര്‍ദേശിച്ചില്ല.
ബലാത്സംഗം നടന്നതായി സംശയിക്കുന്ന സംഭവങ്ങളില്‍ പുരുഷ ബീജത്തിന്‍െറ സാന്നിധ്യം പ്രത്യേകം പരിശോധിക്കണമെന്നും നിര്‍ദേശിക്കാറുണ്ട്. ഇതിന്‍െറ ഡി.എന്‍.എ പരിശോധനയും ഭാവിയില്‍ കേസ് തെളിയിക്കുന്നതിന് ഗുണകരമാകും. ഈ നിര്‍ദേശങ്ങളും ഉണ്ടായില്ല. ഇത്തരം കേസുകളിലെ മുന്‍ അനുഭവം വെച്ച് ഡോക്ടര്‍മാര്‍ സ്വന്തം നിലക്ക് ചില സാമ്പിളുകള്‍ എടുക്കുകയായിരുന്നു. ക്രിമിനല്‍ നടപടിച്ചട്ടം 174 അനുസരിച്ച് ദുരൂഹ സാഹചര്യത്തിലുള്ള മരണമാണെങ്കില്‍ എസ്.ഐ തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥനും , കൊലക്കേസ് ആണെങ്കില്‍ സി.ഐയില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടാകണമെന്നുണ്ട്.അതേസമയം, ബലാത്സംഗത്തത്തെുടര്‍ന്ന് കൊല്ലപ്പെടുന്ന കേസില്‍ മജിസ്ട്രേറ്റുതല ഉദ്യോഗസ്ഥന്‍െറ സാന്നിധ്യം അനിവാര്യമാണെന്ന് നിഷ്കര്‍ഷിക്കാത്തത് നിയമത്തിലെ പോരായ്മയാണെന്നും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ജിഷയുടെ കൊലപാതകം ആദ്യഘട്ടത്തില്‍ പൊലീസ് ഗൗരവത്തില്‍  എടുക്കാതിരുന്നതിനാല്‍ മജിസ്ട്രേറ്റുതല ഉദ്യോഗസ്ഥന്‍െറ സാന്നിധ്യവും ആവശ്യപ്പെട്ടിരുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.