ജിഷയുടെ കൊലപാതകം: അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്ക്

പെരുമ്പാവൂർ: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ദീപയുടെ സുഹൃത്തിന് സാമ്യമുണ്ടെന്നാണ് സൂചന. വിരലടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങൾ കൂടി ലഭിച്ചാൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽനിന്നും പരിസരങ്ങളിൽനിന്നും കണ്ടെത്തിയ ആയുധങ്ങളിൽ രക്തക്കറയില്ല. കൊല നടത്തിയത് ഈ ആയുധങ്ങൾ ഉപയോഗിച്ചല്ലെന്ന നിഗമനത്തിലാണ് പൊലീസ്. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. ദീപ അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു.

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അമ്മക്കൊപ്പമാണ് ദീപ ഇപ്പോഴുള്ളത്. ഇന്നലെ ഇവരുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെങ്കിലും പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയോടെ വനിതാ കമീഷൻ അധ്യക്ഷ റോസക്കുട്ടി ദീപയിൽ നിന്ന് മൊഴി രേഖപ്പെടുത്തി. ഇവരുടെ ഫോൺകോൾ ലിസ്റ്റ് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന് ശേഷം നിരവധി പേരെ ദീപ വിളിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഒമ്പതാം ദിവസത്തിലേക്ക് അന്വേഷണം കടന്നതോടെ നിർണായകമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. പ്രതിയെ കണ്ടെത്തുന്നത് സങ്കീർണമായ സാഹചര്യത്തിൽ ഡി.ജി.പി ജില്ലയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. ഫോറൻസിക്ക് വിഭാഗം മുൻ ഡയറക്ടർ ഉമാദത്തനുമായി ഡി.ജി.പി കൂടിക്കാഴ്ച നടത്തി. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളവരുടെ വിരലടയാളങ്ങളും തമ്മില്‍ സാമ്യമില്ലെന്നാണ് റിപോര്‍ട്ട്. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളില്‍ രക്തക്കറയും കണ്ടെത്താനായിട്ടില്ല. പ്രതി ഉപയോഗിച്ചത് ഈ ആയുധങ്ങളല്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്.

ജിഷയുടെ വീട്ടില്‍ നിന്ന് തെളിവായി എടുത്തിരുന്ന വസ്തുക്കള്‍, കോടതിയില്‍ സമര്‍പ്പിച്ചിരുന്നത് പൊലീസ് കഴിഞ്ഞ ദിവസം തിരികെ വാങ്ങിയിരുന്നു. പ്രതി ഉപയോഗിച്ചതെന്നു കരുതുന്ന ചെരിപ്പ്, കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ എന്നിവയാണ് തിരിച്ചുവാങ്ങി പരിശോധന നടത്തിയത്.

അതേസമയം പ്രതിയെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് എ.ബി.വി.പി ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി ഇന്ന് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.