പണം കൊടുത്തവര്‍ അകത്തായി, ഇനിയുള്ളത് പണം വാങ്ങിയവര്‍ -പ്രധാനമന്ത്രി

തിരുവനന്തപുരം: അഗസ്റ്റ വെസ്റ്റലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോണിയയുടെ ഇറ്റലി ബന്ധം പരാമര്‍ശിച്ചായിരുന്നു മോദിയുടെ കടന്നാക്രമണം. പണം കൊടുത്തവര്‍ പിടിയിലായെന്നും ഇനി അകത്താകാനുള്ളത് പണം വാങ്ങിയവരാണ്. ഇടപാടില്‍ എത്ര കമീഷന്‍ പറ്റിയെന്നത് ജനങ്ങളോട് വെളിപ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. പേരുകള്‍ പുറത്തുവന്നത് ഇന്ത്യയില്‍ നിന്നല്ല, ഇറ്റലിയില്‍ നിന്നാണെന്നും ഇറ്റലിയുമായി ആര്‍ക്കൊക്കെ ബന്ധമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മോദിപറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഹെലികോപ്ടര്‍ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസുകാര്‍ പരിഭ്രാന്തിയിലാണ്. ഇതോടെ ജനാധിപത്യം സംരക്ഷിക്കണമെന്ന മുറവിളിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മോദി ഹെലികോപ്ടറിനെ കുറിച്ച് കാസര്‍കോട്ട് ഒന്നും പറഞ്ഞില്ളെന്നാണ് ഞായറാഴ്ച ആന്‍റണി പറഞ്ഞത്. മോദി ഹെലികോപ്ടര്‍ വിഷയം പരാമര്‍ശിച്ചില്ളെങ്കില്‍ അന്നത്തെ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്തോഷമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പകല്‍ ഉറങ്ങിയാലും രാത്രി ഉണര്‍ന്നിരിക്കേണ്ടി വരും. കോണ്‍ഗ്രസിന്‍െറ ചരിത്രത്തെക്കുറിച്ചും ഇന്നത്തെ സ്ഥിതിയെക്കുറിച്ചും ചെറിയ കുട്ടിക്കുപോലും ധാരണയുണ്ട്. 2014ന് മുമ്പ് കുംഭകോണങ്ങളെ കുറിച്ചായിരുന്നു വാര്‍ത്തകളെല്ലാം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതാക്കളെക്കാള്‍ അഴിമതിക്കാര്യത്തില്‍ മിടുക്കരാണെന്നാണ് വര്‍ത്തമാന സംഭവങ്ങള്‍ തെളിയിക്കുന്നത്. കേന്ദ്രത്തിലെ നേതാക്കള്‍ ഇരുട്ടിന്‍െറ മറപറ്റിയാണ് കല്‍ക്കരി അഴിമതി നടത്തിയതെങ്കില്‍ സംസ്ഥാന നേതാക്കള്‍ പകല്‍വെളിച്ചത്തിലാണ് അഴിമതി നടത്തുന്നത്.
ഇടതുപക്ഷത്തെയും വിശ്വസിക്കാനാവില്ല. നിരപരാധികളെ കൊന്നും ഹിംസാത്മക രീതി പിന്തുടര്‍ന്നും ജനങ്ങളെ ഭീതിപ്പെടുത്തിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അവര്‍ വികസന വിരോധികളും  പുരോഗതിക്കെതിരാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

എല്‍.ഡി.എഫും യു.ഡി.എഫും  പരസ്പരം അഴിമതികള്‍ മൂടിവെച്ച് അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയമാണ് കളിക്കുന്നത്. കേരളത്തിലെ ദുരിതങ്ങള്‍ക്കെല്ലാം കാരണം ഇത്രയും കാലം ഭരിച്ച ഇടത് -വലത് സര്‍ക്കാറുകളാണ്. പൊലീസ് പരേഡ് പോലെ അഞ്ചുവര്‍ഷം വീതം ‘ലെഫ്റ്റ്-റൈറ്റ്’ ഭരണമാണ് നിലനില്‍ക്കുന്നത്. ഇതുമൂലം ഒരിഞ്ച് മുന്നോട്ടുപോകാനാവാതെ 60 വര്‍ഷമായി കേരളം നിന്ന നില്‍പിലാണ്. ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും ദോസ്തിയാണെങ്കില്‍ കേരളത്തില്‍ ഗുസ്തിയാണ്. കേരളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് സി.പി.എമ്മിന് കോണ്‍ഗ്രസ് ശത്രുതയുള്ളൂ.  ഈ രണ്ടുപക്ഷത്തുനിന്ന് മാറിയാലേ കേരളത്തിന് വികസനപാതയിലത്തൊനാകൂ. അതിന് ബി.ജെ.പി മാത്രമേ മാര്‍ഗമായുള്ളൂ. ഈ തെരഞ്ഞെടുപ്പ് മാറ്റത്തിനു  മാത്രമല്ല, കേരളത്തിന്‍െറ ഭാവി രചിക്കാന്‍ കൂടിയാണ്. കേന്ദ്രസര്‍ക്കാറിന്‍െറ ഹൃദയത്തില്‍ കേരളത്തിന് സ്ഥാനമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുമായ വി.മുരളീധരന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, രാജീവ് പ്രതാപ് റൂഡി, എം.പിമാരായ റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, ബി.ഡി.ജെ.സ്  പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി, ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍,  വി.വി. രാജേഷ്, അല്‍ഫോണ്‍സ് കണ്ണന്താനം  തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.