ഹെലികോപ്ടര്‍ ഇടപാടില്‍ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ ആന്‍റണിയുടെ വെല്ലുവിളി

കൊച്ചി: ഹെലികോപ്ടര്‍  ഇടപാടില്‍ ആരോപണം ഉന്നയിക്കുന്നതിനു പകരം പ്രവര്‍ത്തിച്ചുകാണിക്കാന്‍ മോദിക്ക് എ.കെ. ആന്‍റണിയുടെ വെല്ലുവിളി.  1999ലാണ് ഇടപാട് തുടങ്ങിയത്. 2002ല്‍ വാജ്പേയി സര്‍ക്കാറാണ് ആഗോള ടെന്‍ഡര്‍ വിളിച്ചത്. അന്ന് അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഉള്‍പ്പെടെ പല കമ്പനികള്‍ക്കും അതില്‍ പങ്കെടുക്കാനായില്ല. 2003ല്‍ 6000 അടി ഉയരം എന്ന വ്യവസ്ഥ 4500 ആയി വെട്ടിക്കുറച്ചതോടെയാണ് ഈ കമ്പനി വരുന്നത്. എറണാകുളം പ്രസ് ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയുണ്ടെന്ന് ആദ്യം പറഞ്ഞത് പ്രതിരോധമന്ത്രിയായിരുന്ന താന്‍തന്നെയാണ്. കരാര്‍ റദ്ദാക്കിയതും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതും  യു.പി.എ സര്‍ക്കാറാണ്. ഇറ്റലിയില്‍ പോയി കേസ് നടത്തിയതും നഷ്ടപരിഹാരം വേണമെന്ന ആര്‍ബിട്രേഷന്‍ കേസ് നടത്തിയതും യു.പി.എ സര്‍ക്കാര്‍തന്നെ. ഇക്കാര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കാതെ ബി.ജെ.പി സര്‍ക്കാര്‍ വാചകക്കസര്‍ത്ത് നിര്‍ത്തി നടപടിയെടുക്കാന്‍ തയാറാവണമെന്ന് ആന്‍റണി വെല്ലുവിളിച്ചു. പേടിപ്പിക്കേണ്ടെന്നും അതേസമയം, തന്നോട് ഒരു കരുണയും കാട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുന്നതില്‍ ബി.ജെ.പി ഒളിച്ചുകളിക്കുന്നു. ആരോപണവിധേയരായ കമ്പനിയെ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാക്കിയത് എന്തിനെന്നും ബി.ജെ.പി മറുപടി പറയണം. സസ്പെന്‍സും ഭീഷണിയുമൊന്നും വേണ്ട. പറ്റുമെങ്കില്‍ കേരളത്തിലെ തെരഞ്ഞെടുപ്പിനുമുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ ആരെന്ന് രാജ്യത്തോട് പറയണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.