തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങള്‍ ശനിയാഴ്ച സമാപിക്കും. കൊടുംവെയില്‍ അവഗണിച്ച് നാടും നഗരവും ഇളക്കിമറിച്ച മുന്നണികള്‍ ജനവിധി തങ്ങള്‍ക്കനുകൂലമാണെന്ന പ്രതീക്ഷയിലാണ്. വിജയിക്കുന്നതിന്‍െറ കണക്കുകള്‍ എല്ലാവരും കൂട്ടിക്കിഴിച്ചു. ഭരണം പിടിക്കാന്‍ പര്യാപ്തമായ സീറ്റുകള്‍ കിട്ടുമെന്നാണ് രണ്ട് മുന്നണികളുടെയും വിശ്വാസം. ബി.ജെ.പിയാകട്ടെ താമര വിരിയുമെന്ന ഉറച്ച വിശ്വാസത്തിലും.
വീഴ്ചകളും കുറവുകളും തിരുത്താനും മുന്നിലാണെന്ന ഓളം ജനങ്ങളില്‍ സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാകും വെള്ളി, ശനി ദിവസങ്ങളില്‍ നടത്തുക. ആള്‍ബലവും ശബ്ദഘോഷവും ആവേശവും സൃഷ്ടിച്ച് വീര്യം കാട്ടാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ശബ്ദപ്രചാരണം അവസാനിക്കും. ഞായറാഴ്ച നിശ്ശബ്ദമായി വോട്ടര്‍മാരെ സമീപിക്കും. കേരളം ആര് ഭരിക്കണമെന്ന് തിങ്കളാഴ്ച 2.60 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. 19നാണ് വോട്ടെണ്ണല്‍.
ബി.ജെ.പി മുന്നണി രൂപവത്കരിച്ച് ഇടത്, ഐക്യമുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ തെരഞ്ഞെടുപ്പാണിത്. പരമ്പരാഗത എല്‍.ഡി.എഫ്-യു.ഡി.എഫ് പോരാട്ട രീതി ചില മണ്ഡലങ്ങളില്‍ മാറിമറിഞ്ഞു. അവസാനനിമിഷം മുന്നണി വിട്ട് എതിര്‍പാളയത്തേക്ക് ചേക്കേറുന്ന രീതി ഇക്കുറിയുമുണ്ടായി. മാണി ഗ്രൂപ്പില്‍നിന്ന് ഒരു വിഭാഗം ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ച് ഇടതുചേരിയിലത്തെി. തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍.എസ്.പിയിലെ കോവൂര്‍ കുഞ്ഞുമോനും സംഘവും ഇടത് പാളയത്തിലത്തെിയിരുന്നു.
നേരത്തേ യു.ഡി.എഫ് വിട്ട ബാലകൃഷ്ണപിള്ള ഗ്രൂപ്പിനും സീറ്റ് കിട്ടി. ജെ.എസ്.എസ് പൂര്‍ണമായി യു.ഡി.എഫ് വിട്ടപ്പോള്‍ സി.എം.പിയില്‍ ഒരു പക്ഷം യു.ഡി.എഫില്‍ നിലനിന്നു. മൊത്തം 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ഇവരില്‍ 109പേര്‍ വനിതകളാണ്.
വിവാദങ്ങളുടെ പെരുമഴപെയ്ത പ്രചാരണമാണ് ഇക്കുറി നടന്നത്. ഫേസ്ബുക്കും ട്വിറ്ററും ബ്ളോഗുമൊക്കെ എഴുതി ഉമ്മന്‍ ചാണ്ടിയും വി.എസും പിണറായിയും ചെന്നിത്തലയും സുധീരനും സജീവമായി. സൈബര്‍ലോകത്ത് ആളെയിറക്കിയാണ് പാര്‍ട്ടികള്‍ ആക്രമണവും പ്രതിരോധവും തീര്‍ത്തത്. ദേശീയനേതാക്കളാണ് അവസാന റൗണ്ട് കൊഴുപ്പിച്ചത്. കേരളത്തിലെ പോര് ദേശീയതലത്തില്‍തന്നെ ശ്രദ്ധ നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആക്രമണത്തിന് തുടക്കമിട്ടത്. ഇടത്-വലത് മുന്നണികളെ വിമര്‍ശിച്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും ആരോപണമുന്നയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ കേരളത്തിലത്തെി അതിന് മറുപടി പറഞ്ഞു. കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ എല്‍.ഡി.എഫ്-യു.ഡി.എഫ് നേതാക്കള്‍ കൂട്ടായി രംഗത്തുവന്നു. പ്രധാനമന്ത്രിയെ പിന്തുണച്ച് ബി.ജെ.പിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.