‘സ്ത്രീ’യായി ഇക്കുറി സൂര്യ വോട്ട് ചെയ്യും

തിരുവനന്തപുരം: ഓര്‍മയുള്ള കാലം മുതലേ സ്ത്രീയാകാനുള്ള ആഗ്രഹം ജീവിതത്തില്‍ ഒട്ടേറെ കയ്പേറിയ അനുഭവങ്ങളാണ് നല്‍കിയതെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടത്തിലൂടെ സൂര്യ നേടിയത് മധുരമേറിയ വിജയം. ഏറെ അവഗണനകള്‍ നേരിടുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍െറ പ്രതിനിധിയായ സൂര്യ ‘സ്ത്രീ’യായി തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തും. കഴക്കൂട്ടം സ്വദേശിനിയായ ഇവര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.

മുമ്പ് രേഖകളിലെല്ലാം ‘പുരുഷ’വിഭാഗത്തിലായതിനാല്‍ വോട്ടര്‍പട്ടികയില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്താനേ കഴിയൂ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ രേഖകളും മറ്റും ഹാജരാക്കി നിരവധി കടമ്പകള്‍ പിന്നിട്ടാണ് സൂര്യ ‘സ്ത്രീവോട്ടറായി’ പട്ടികയില്‍ ഇടംനേടിയത്. തിരിച്ചറിയല്‍ രേഖകളായ ആധാറും തിരിച്ചറിയല്‍ കാര്‍ഡും ഇതിനകം ഈ വിഭാഗത്തില്‍തന്നെ സ്വന്തമാക്കുകയും ചെയ്തു.സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് സൂര്യ. തിരുവനന്തപുരം ജില്ലയിലെ പാറ്റൂരില്‍ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായാണ് ജനിച്ചത്. വിനോദ് എന്നായിരുന്നു പേര്. സെന്‍റ് ജോസഫ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തന്‍െറ സ്വത്വം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞ് 2015ല്‍ കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.

ഇത്തവണത്തെ പ്രകടനപത്രികയില്‍ ഇടത്-വലത് മുന്നണികള്‍ തങ്ങള്‍ക്കും ഇടംനല്‍കിയത് മാറ്റത്തിന്‍െറ സൂചനയാണെന്ന് സൂര്യ പറയുന്നു.
അധികാരത്തിലത്തെുന്നവരോട് പറയാനുള്ളത് മനഷ്യനെന്ന മിനിമം പരിഗണന തങ്ങള്‍ക്ക് നല്‍കണമെന്നാണ്. തൊഴില്‍-വിദ്യാഭ്യാസരംഗത്ത് മറ്റു പിന്നാക്കവിഭാഗങ്ങളെപ്പോലെ തങ്ങള്‍ക്കും സംവരണം നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സൂര്യയെ കൂടാതെ, തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സുജിയും ഇക്കുറി വോട്ട് ചെയ്യും. സൂര്യ ‘സ്ത്രീ’ യായി വോട്ടുചെയ്യുമെങ്കില്‍ സുജി ‘ട്രാന്‍സ്ജെന്‍ഡര്‍’ വിഭാഗത്തിലാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. കേരളത്തില്‍ സാമൂഹിക നീതി വകുപ്പ് നടത്തിയ സെന്‍സസ് പ്രകാരം 4000 ട്രാന്‍സ്ജെന്‍ഡറുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.പക്ഷേ, ഇത്തവണ  സ്വന്തം ഇടം കണ്ടത്തെി വോട്ടുചെയ്യുന്നത് വെറും രണ്ടുപേര്‍. ശേഷിക്കുന്നവര്‍ പലരും ‘പുരുഷന്‍’ എന്ന വിഭാഗത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സ്ത്രീയായി വോട്ട് ചെയ്ത് ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് സൂര്യ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.