കണ്ണൂര്‍: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രി കെ.ബാബുവിനുമെതിരെ ത്വരിത പരിശോധനക്ക് നിർദേശം. പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചതിലെയും ഭൂമി കൈമാറിയതിലെയും ക്രമക്കേടുകള്‍ സംബന്ധിച്ച കേസിൽ പെരിങ്കരി സ്വദേശി കെ.വി. ജയിംസ് ഫയല്‍ ചെയ്ത ഹരജിലാണ് കോടതി നിർദേശമുണ്ടായത്. ജിജി തോംസണ്‍, ടോം ജോസ്, കിയാല്‍ എം.ഡി. ജി ചന്ദ്രമൗലി എന്നിവര്‍ക്കെതിരെയും തലശേരി വിജിലന്‍സ് കോടതി ദ്രുതപരിശോധനക്ക് ഉത്തരവിട്ടു.
ഭൂമി കൈമാറിയതിലും മരങ്ങള്‍ മുറിച്ചതിലും ക്രമക്കേട് നടത്തി സര്‍ക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയെന്നും ഇത് ഉന്നത കേന്ദ്രങ്ങളിലേക്ക് പോയിട്ടുണ്ടെന്നുമായിരുന്നു പരാതി. പദ്ധതി പ്രദേശത്തെ 30421 മരങ്ങള്‍ മുറിക്കുന്നതിനായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചത്. 2013 ജൂലൈ 19നായിരുന്നു ഇത്. എന്നാല്‍ ഈ ഉത്തരവ് ലഭിക്കുന്നതിന് 45 ദിവസം മുന്‍പ് ഒരു ലക്ഷം മരങ്ങള്‍ മുറിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് നോട്ടുണ്ടാക്കി വി.ടി ജോയി, ടോം ജോസ് എന്നിവര്‍ മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കുകയും ഇതിന് അനുമതി നേടുകയും ചെയ്തു. പുതുപ്പള്ളി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കരാറുകാരാണ് മരം മുറിച്ചു കടത്തിയത്.
വിമാനത്താവള കരാര്‍ പ്രകാരം മരം മുറിച്ച് വില്‍ക്കുകയാണെങ്കില്‍ അതില്‍ നിന്നും ലഭിക്കുന്ന പണം അക്കൗണ്ട് ചെയ്യപ്പെടണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഈ മരങ്ങള്‍ മുറിച്ചതിന് ലഭിച്ച പണം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല എന്നും പരാതിയിൽ പറയുന്നു.
വിമാനത്താവള ഭൂമിക്ക് നല്‍കുന്ന തുകയാണ് പദ്ധതിയില്‍ സര്‍ക്കാരിന്‍റെ ഓഹരിയായി കണക്കാക്കുന്നത്. എന്നാല്‍ മാര്‍ക്കറ്റ് വില അനുസരിച്ച് ഭൂമി വില നിശ്ചയിക്കാതിരുന്നതിനാല്‍ സര്‍ക്കാരിന്‍റെ ഓഹരികളുടെ മൂല്യം കുറഞ്ഞുവെന്നും ഇത് പ്രത്യക്ഷ അഴിമതിയാണെന്നും പരാതിയില്‍ പറയുന്നു. 2005, 2006, 2008 കാലഘട്ടങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
എന്നാല്‍ ഈ ഭൂമി കരാറുകാര്‍ക്ക് വിട്ടു നല്‍കുന്നത് 2015ലാണ്. ഈ സമയത്തുള്ള മാര്‍ക്കറ്റ് വില കണക്കാക്കാതെയാണ് ഭൂമി നല്‍കിയിരിക്കുന്നത്. ഏക്കറിന് നൂറു രൂപ നിരക്കില്‍ എഴുപത് ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കേസ് തലശേരി വിജിലന്‍സ് ഡി.വൈ.എസ്്.പി അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.