ആര്‍.ടി.ഒ ഓഫിസുകളില്‍ ജീവനക്കാരുടെ കൂട്ടഅവധി സമരം

കോഴിക്കോട്: പെരുമ്പാവൂര്‍ ജോയന്‍റ് ആര്‍.ടി.ഒ ഷാജി മാധവനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ആര്‍.ടി.ഒ ഓഫിസുകളില്‍ ജീവനക്കാരുടെ കൂട്ടഅവധി സമരം. ഇതോടെ ഓഫിസുകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വലഞ്ഞു. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന ആറോളം ലോറികള്‍ക്ക് സത്യവാങ്മൂലത്തിന്‍െറ മാത്രം അടിസ്ഥാനത്തില്‍ വ്യാജവിലാസത്തില്‍ രജിസ്ട്രേഷന്‍ നല്‍കിയെന്ന് ആരോപിച്ചായിരുന്നു സസ്പെന്‍ഷന്‍. ഇതത്തേുടര്‍ന്നാണ് കേരള മോട്ടോര്‍ വെഹിക്ള്‍ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ പണിമുടക്കിന് ആഹ്വാനംചെയ്തത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കേരള മോട്ടോര്‍ വെഹിക്ള്‍ സ്റ്റാഫ് അസോസിയേഷനും പണിമുടക്കില്‍ പങ്കെടുത്തു. ഇതോടൊപ്പം നിരവധി ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍കൂടിയായതോടെ സംസ്ഥാനത്തെ ആര്‍.ടി.ഒ ഓഫിസുകള്‍ നിശ്ചലമായി.
ഡ്രൈവിങ് ടെസ്റ്റ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് എത്തിയ നൂറുകണക്കിന് പേര്‍ മണിക്കൂറുകളോളം നിന്ന് മടങ്ങുകയായിരുന്നു. ഓരോ ഓഫിസിലും അഞ്ഞൂറിലേറെ പേരാണ് വിവിധ സേവനങ്ങള്‍ക്ക് വന്നത്. ജില്ലയില്‍ സിവില്‍ സ്റ്റേഷനിലെ ആര്‍.ടി.ഒ ഓഫിസിലും കൊടുവള്ളി, കൊയിലാണ്ടി, വടകര എന്നീ ജോ. ആര്‍.ടി.ഒകളിലും നിരവധി പേര്‍ വന്നു മടങ്ങി. ഇതില്‍ പലര്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ എന്നിവയുടെ അവസാന തീയതിയായതിനാല്‍ അടുത്ത ദിവസം പിഴ അടക്കേണ്ടിവരും.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ ഒരു ഉദ്യോഗസ്ഥനും എത്താത്തതിനാല്‍ ടെസ്റ്റിന് എത്തിയവര്‍ക്ക് വിവരങ്ങള്‍ അറിയാനും സൗകര്യമില്ലായിരുന്നു. അടുത്ത തീയതിക്കായി ഇവര്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും. എന്നാല്‍, ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ തെറ്റായ സമീപനമാണ് കൂട്ടഅവധിക്ക് കാരണമായതെന്ന് കേരള മോട്ടോര്‍ വെഹിക്ള്‍ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജിജി ജോര്‍ജ് പറഞ്ഞു.
ഇതര സംസ്ഥാനത്തുനിന്നുള്ള ടാങ്കര്‍ ലോറികള്‍ക്ക് സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ അഫിഡവിറ്റിന്‍െറ അടിസ്ഥാനത്തില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കുന്നത് സാധാരണയാണ്. ഇത്തരത്തില്‍ 370ഓളം ലോറികളുണ്ട്. ഇവയില്‍നിന്ന് ഷാജി മാധവന്‍ രജിസ്ട്രേഷന്‍ നല്‍കിയ ആറെണ്ണം മാത്രം എടുത്ത് കുറ്റം ചാര്‍ത്തി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പകരം സെക്രട്ടേറിയറ്റിലെ ലോ ഓഫിസറെക്കൊണ്ടാണ് സംഭവം അന്വേഷിപ്പിച്ചത്. വകുപ്പിന്‍െറ ഭരണപരമായ കാര്യങ്ങള്‍ കൃത്യമായി അറിയാത്തയാള്‍ അന്വേഷിക്കുമ്പോള്‍ പിഴവുകള്‍ വരാം. ഈ റിപ്പോര്‍ട്ടില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായത്. സംസ്ഥാനത്തെ 73 ആര്‍.ടി.ഒ ഓഫിസുകളില്‍ എഴുപതിലും പൂര്‍ണമായും ഇടുക്കി, നെയ്യാറ്റിന്‍കര, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഭാഗികമായും സമരം വിജയിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.