മദ്യനയം: എല്‍.ഡി.എഫ് നിലപാടിനോട് പ്രതികരിക്കേണ്ടവര്‍ പ്രതികരിച്ചില്ല –ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫിന്‍െറ മദ്യനയം അട്ടിമറിക്കുമെന്ന് സി.പി.എം അവരുടെ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുപോലും അതിനോട് പ്രതികരിക്കേണ്ടവര്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനിരോധത്തിനായി ശക്തമായി നിന്നവര്‍ അതിനോട് പ്രതികരിച്ചോയെന്ന് ചിന്തിക്കണമെന്നും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃത്വം സംബന്ധിച്ച് തര്‍ക്കമില്ല. എം.എല്‍.എമാരും പാര്‍ട്ടി ഹൈകമാന്‍ഡുമാണ് ഇക്കാര്യത്തില്‍  തീരുമാനമെടുക്കുന്നത്. തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അത് നേതൃത്വത്തെ അറിയിക്കും. അഞ്ചുവര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാട് അറിയിക്കും.
ജനങ്ങള്‍ എതിരായെന്ന തോന്നലില്ല. എതിരാണെങ്കില്‍ താന്‍ ഇത്ര വോട്ടിന് എങ്ങനെ ജയിക്കും. 14 മന്ത്രിമാരും ജയിച്ചു. നാല് മന്ത്രിമാര്‍ തോറ്റതില്‍ വിഷമമുണ്ട്.

ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചില്ല. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബി.ജെ.പിയെ തോല്‍പിക്കാന്‍ വിജയസാധ്യതയുള്ള മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുക എന്നതാണ് പലയിടത്തും നടന്നത്. നേമത്തും കഴക്കൂട്ടത്തും അതിന്‍െറ ഗുണം സി.പി.എമ്മിനു ലഭിച്ചു. മറ്റു ചില സ്ഥലങ്ങളില്‍ യു.ഡി.എഫിനും. നേമത്തെക്കുറിച്ച് പറയുന്നവര്‍ കഴക്കൂട്ടത്തിന്‍െറ കാര്യം പറയുന്നില്ല. തോല്‍വിയുടെ കാരണങ്ങള്‍  പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ബി.ഡി.ജെ.എസ് സാന്നിധ്യവും ചര്‍ച്ച ചെയ്യും. വി.എസിനെതിരെ നല്‍കിയ കേസിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കേസ് തുടരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.