നന്ദി പറഞ്ഞും ചിരിതൂകിയും പടിയിറക്കം

തിരുവനന്തപുരം: വെള്ളിയാഴ്ച ഓഫിസില്‍ ഫയലുകളുടെ നടുവിലായിരുന്നില്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തീര്‍പ്പാകാത്ത ഒരു ഫയലും മേശപ്പുറത്ത് അവശേഷിച്ചിരുന്നില്ല. എന്നാല്‍, ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് മാറിനില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്കായില്ല. സെക്രട്ടേറിയറ്റ് നോര്‍ത് ബ്ളോക്കിലെ മൂന്നാംനിലയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ പടിയിറക്കത്തിന്‍െറ നെടുവീര്‍പ്പുകള്‍ തളംകെട്ടി. ജീവനക്കാരും പേഴ്സനല്‍ സ്റ്റാഫും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം ചുറ്റും കൂടിനിന്നു. അവര്‍ക്കിടയില്‍ ചിരിതൂകിയും നന്ദി പറഞ്ഞും ഉമ്മന്‍ ചാണ്ടി.

രാജ്ഭവനില്‍ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചാണ് അദ്ദേഹം ഓഫിസില്‍ എത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കു ശേഷം കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനം. വീണ്ടും ചേംബറില്‍ എത്തിയ മുഖ്യമന്ത്രിയെ കാണാന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍ എത്തി. തുടര്‍ന്ന് പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് അവരോട് നന്ദി പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല. എന്നാലും ശ്രദ്ധയില്‍വരുന്ന കാര്യങ്ങള്‍ പരിഗണിക്കണം. പരിഗണിക്കാവുന്നവയില്‍ പോസിറ്റിവ് ആയി എടുക്കാവുന്നവ ചെയ്യുക. ഒരുവിധത്തിലും പരിഗണിക്കാന്‍ കഴിയാത്തവ ഒഴിവാക്കുക. ഇത്തരം പരിഗണനകള്‍ നല്‍കുന്നതില്‍ നിങ്ങള്‍ക്ക് വളരെയേറെ കാര്യങ്ങള്‍ ചെയ്യാനായി. അതുവഴി ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ സഹകരണത്തിന് ഓരോരുത്തര്‍ക്കും പ്രത്യേകം നന്ദി പറയുന്നു എന്നുപറഞ്ഞ് ഉമ്മന്‍ ചാണ്ടി കൈകൂപ്പി.

 അപ്പോഴേക്കും സെക്രട്ടേറിയറ്റിലെ ഇതര ഓഫിസുകളില്‍നിന്ന് ഒട്ടേറെ പേര്‍ എത്തി. എല്ലാവര്‍ക്കും ഹസ്തദാനം. ഇടക്കിടെ പേഴ്സനല്‍ സ്റ്റാഫിന്‍െറ മൊബൈലില്‍ എത്തുന്ന വിളികള്‍ അദ്ദേഹത്തിന് കൈമാറുന്നു. ഫോണിന്‍െറ മറുതലക്കല്‍ നില്‍ക്കുന്നവരോടും നന്ദി പറയുന്നു. ഒട്ടേറെ പേര്‍ സെല്‍ഫിക്കായി കാത്തുനിന്നു.
അവര്‍ക്കൊപ്പം ചിരിതൂകി സെല്‍ഫി. ജീവനക്കാര്‍ യാത്രയയപ്പിന്‍െറ ഉപഹാരം കൈമാറി. ഇതിനിടെ മധ്യവയസ്കയായ സ്ത്രീ വന്ന് നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി. സഹായങ്ങള്‍ക്ക് നന്ദി പറയാന്‍ എത്തിയ ഇവര്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍ പിടിച്ച് വിങ്ങിപ്പൊട്ടി. എല്ലാവരോടും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞ് ഉമ്മന്‍ ചാണ്ടി ചേംബറില്‍നിന്നിറങ്ങി ലിഫ്റ്റ് വഴി താഴത്തെ നിലയിലത്തെി.  അവിടെനിന്ന് ഒന്നാം നമ്പര്‍ കാറില്‍ നേരേ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.