നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് 22ന് കൊച്ചി വിമാനത്താവളത്തില്‍നിന്ന് പറന്നുയരും. സെപ്റ്റംബര്‍ അഞ്ചുവരെ നിത്യേന രണ്ട് വിമാനങ്ങള്‍ വീതം സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 11 വരെയായിരിക്കും ഹാജിമാരുടെ മടക്കയാത്ര.
ഹജ്ജിന് പോകുന്നവര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് നെടുമ്പാശ്ശേരിയില്‍ ഹജ്ജ് കമ്മിറ്റി അധികൃതരും വിമാനത്താവള (സിയാല്‍) കമ്മിറ്റി അധികൃതരും തമ്മില്‍ പ്രാഥമിക ചര്‍ച്ചനടത്തി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, മലപ്പുറം ജില്ലാ കലക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസറുമായ എസ്. വെങ്കിടേശപതി, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, കോഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പുത്തലത്ത്, മാസ്റ്റര്‍ ട്രെയ്നര്‍ എന്‍.പി. ഷാജഹാന്‍, ജില്ലാ ട്രെയ്നര്‍ സി.എം. അസ്കര്‍, വിമാനത്താവള എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ എ.സി.കെ. നായര്‍, എ.എം. ഷബീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 76,377 പേര്‍ ഇത്തവണ അപേക്ഷ നല്‍കിയതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. ഇതില്‍നിന്ന് അഞ്ചുവര്‍ഷം തുടര്‍ച്ചയായി അപേക്ഷ നല്‍കിയവരും 70 വയസ്സ് കഴിഞ്ഞവരുമായ 9943 പേരെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷ നല്‍കിയ 9803 പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.