ഫോട്ടോ: അരവിന്ദ് ലെനിൻ

കഥകളുടെ പെരുന്തച്ചന് ആദരമേകി സംഘനൃത്തം

തിരുവനന്തപുരം: മലയാള സാഹിത്യലോകത്തേക്ക് തലമുറകളെ ആവാഹിച്ച എം.ടി.വാസുദേവൻ നായര്‍ക്ക് ആദരമര്‍പ്പിച്ച് സംഘനൃത്തം. കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്കൂളിലെ വിദ്യാര്‍ഥികളാണ് എം.ടിയുടെ തിരക്കഥകളായ പെരുന്തച്ചന്‍, ഒരു വടക്കൻ വീരഗാഥ, വൈശാലി എന്നിവയെ നൃത്താവിഷ്കാര രൂപത്തിലേക്ക് എത്തിച്ചത്. തിരശ്ശീലയില്‍ ഉള്‍ക്കിടിലം തീര്‍ത്ത ഉണ്ണിയാര്‍ച്ചയെയും പെരുന്തച്ചനെയും ചന്തുവിനെയുമെല്ലാം സ്കൂള്‍ കലോത്സവ വേദിയില്‍ കണ്ടതോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് വരുന്ന കലാഹൃദയങ്ങള്‍ ആരവത്തേത്തോടെ ആര്‍ത്തിരമ്പി.

നവംബർ 22ന് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവവേദിയിലാണ് എം.ടിയെക്കുറിച്ചുള്ള ഈ നൃത്തരൂപം ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാനും പറ്റുമെങ്കില്‍ എം.ടിക്ക് മുന്നില്‍ നൃത്ത ശില്പം അവതരിപ്പിക്കാനും പരിശീലകന്‍ വിനീതും കുട്ടികളും ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അസുഖബാധിതനായി അദ്ദേഹം ആശുപത്രിയിലാകുകയായിരുന്നു.

സംസ്ഥാന കലോത്സവത്തിലെ റിഹേഴ്സലിനിടെയായിരുന്നു മരണവാര്‍ത്ത എത്തുന്നത്. ഒടുവില്‍ ‘സിത്താര’ യിലെത്തി എം.ടിയുടെ തണുത്ത് മരവിച്ച കാലുകളില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിച്ച് അവര്‍ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. ഇന്നലെ മുഖ്യവേദിയായ ‘എം.ടി- നിള’യില്‍ നൃത്തരൂപം അവതരിപ്പിക്കുമ്പോള്‍ അദൃശ്യജാലകങ്ങളില്‍ ഇരുന്ന് മലയാളത്തിന്‍റെ പെരുന്തച്ചന്‍ തങ്ങളെ അനുഗ്രഹിക്കുന്നുവെന്ന തോന്നലായിരുന്നുവെന്ന് ടീം ലീഡര്‍ നേഹ നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Kerala State School Kalolsavam 2025 Group dance tribute to MT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.