തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിനുസമീപം കെ.എല്‍ 01 6537 നമ്പറുള്ള ഓട്ടോറിക്ഷയും അതില്‍ കാക്കിയിട്ട സൗമ്യനായ ഒരു ചെറിയ മനുഷ്യനെയും കണ്ടാല്‍ ഉറപ്പിക്കാം ഏതോ വി.ഐ.പി വരുന്നുണ്ടെന്ന്. മൂന്ന് പതിറ്റാണ്ടായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് നിയമസഭാ സാമാജികരുടെ വാസസ്ഥാനത്തേക്കും സെക്രട്ടേറിയറ്റിലേക്കും നിയമസഭാ സമുച്ചയത്തിലേക്കും തിരിച്ചും അനുസ്യൂതം യാത്ര നടത്തുന്ന മുച്ചക്ര വാഹനവും സാരഥി പൂജപ്പുര മുടവന്‍മുകള്‍ സ്വദേശി കെ.എ. ശ്രീകുമാറും രാഷ്ട്രീയബന്ധമുള്ള ഏവര്‍ക്കും പരിചിതമാണ്.
മുന്‍ മന്ത്രി കെ.ഇ. ഇസ്മാഈല്‍, രാജ്യസഭാംഗമായിരുന്ന എം.പി. അച്യുതന്‍, മുന്‍ എം.പി അജയകുമാര്‍, എം.ബി. രാജേഷ് എം.പി, കെ.രാജന്‍ എം.എല്‍.എ, എന്നിവരിലൂടെ നീളുന്ന ആ പട്ടിക ചെന്നുനില്‍ക്കുന്നത് മന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന വരിലാണ്. വെറുമൊരു ഓട്ടോഡ്രൈവറായല്ല ശ്രീകുമാര്‍ ജനനേതാക്കളുടെ മനസ്സില്‍ ഇടംപിടിച്ചത്. മൂന്നുവര്‍ഷം മുമ്പ് ചികിത്സക്ക് മെഡിക്കല്‍ കോളജ് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത ശ്രീകുമാറിനെ തിരക്കി എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള സൗഹൃദസംഘം എത്തിയപ്പോഴാണ് തറയില്‍ കിടക്കുന്ന ‘വി.ഐ.പി’യെ ഡോക്ടര്‍മാര്‍ക്ക് ശരിക്കും മനസ്സിലായത്.
തിങ്കളാഴ്ച രാത്രി പത്തരയോടെ തൃശൂരിലേക്ക് ട്രെയിന്‍ കയറാന്‍ തമ്പാനൂരില്‍ വി.എസ്. സുനില്‍ കുമാര്‍ എത്തിയതും ശ്രീകുമാറിന്‍െറ ഓട്ടോയിലായിരുന്നു. ഓട്ടോയില്‍ വന്നിറങ്ങിയ അദ്ദേഹം പ്ളാറ്റ്ഫോമിലേക്ക് നടന്നുനീങ്ങുന്നതിനുമുമ്പ് ശ്രീകുമാറിനെ ചേര്‍ത്തുനിര്‍ത്തി ഗൗരവം വിടാതെ പറഞ്ഞു ‘ഇനി ഓട്ടോക്ക് ഒരു ബീക്കണ്‍ലൈറ്റ് ഘടിപ്പിക്കേണ്ടിവരുമല്ളോ...’ ഭാര്യ ശോഭനകുമാരിക്കും മകള്‍ അഹല്യക്കുമൊപ്പം മുടവന്‍മുകളിലെ വീട്ടിലാണ് ശ്രീകുമാര്‍ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.