കാസര്‍കോട്: ‘ചന്ദ്രേട്ടന്‍ വളരുന്നതിനനുസരിച്ച് കുടുംബത്തിന്‍െറ ജീവിത നിലവാരം വളരില്ല, അന്ന് ജീവിച്ച സാധാരണ ജീവിതം തന്നെയാണ് ഇന്നും. ഇനി മന്ത്രിയായാലും അത് കൂടില്ല’ ഇതു പറയുമ്പോള്‍ സാവിത്രി ഉറച്ച കമ്യൂണിസ്റ്റുകാരന്‍െറ ഭാര്യയാവുകയായിരുന്നു. ഭര്‍ത്താവ് ഇ. ചന്ദ്രശേഖരന്‍ മന്ത്രിയായാലും ഈ ജീവിതത്തിന് വേറെ തലങ്ങളില്ളെന്ന ഭാവം. കുടുംബനാഥന്‍ അധികാരത്തിന്‍െറ പടികള്‍ ഒന്നൊന്നായി കയറുമ്പോഴും കുടുംബ ജീവിതത്തിന്‍െറ ഉയരം കൂട്ടാതെ ശ്രദ്ധിക്കുകയായിരുന്നു ഇവര്‍.
ജീവിക്കാന്‍ വരുമാനമുള്ള കുടുംബത്തിലേക്കല്ല സാവിത്രിയെ ചന്ദ്രശേഖരന്‍ കൈപിടിച്ചു കൊണ്ടുവന്നത്. പഞ്ചായത്ത് അംഗം പോലുമല്ലാത്ത ചന്ദ്രശേഖരന് സി.പി.ഐ നല്‍കുന്ന തുച്ഛമായ അലവന്‍സ് മാത്രമാണ് അന്നത്തെ വരുമാനം. വൈകിപ്പിറന്ന മകളാണ് നീലി ചന്ദ്രന്‍. പിതാവിന്‍െറ രാഷ്ട്രീയ ധാര്‍മികതക്കപ്പുറത്തേക്ക് നീലി ചെന്നില്ല. സ്വപ്രയത്നം കൊണ്ട് ഇപ്പോള്‍ എം.ഫിലിന് പഠിക്കുന്നു.
അമ്മയുടെ ഓഹരി ലഭിച്ചപ്പോള്‍ വീടുവെക്കാനുള്ള ഭൂമി കിട്ടി. ഇതില്‍ വീടുവെക്കാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്ന ചന്ദ്രശേഖരന് തുണയായി എത്തിയതും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി. പാര്‍ട്ടിയുടെ സഹായവും കുറച്ച് വായ്പയും ലഭിച്ചു. എം.എല്‍.എ എന്ന നിലയില്‍ ദുരന്തസ്ഥലത്ത് ചെല്ലുമ്പോഴും വോട്ടുചെയ്യുമ്പോഴും ചന്ദ്രശേഖരന്‍െറ കൂടെ ഫോട്ടോഗ്രാഫര്‍മാരുണ്ടാവില്ല. ഒടുവില്‍ മാധ്യമ പ്രവര്‍ത്തകര്‍ കണക്കറ്റ് ശകാരിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടെയുള്ളവര്‍ മൊബൈല്‍ കാമറയില്‍ ചിത്രമെടുത്തു നല്‍കും.
എം.എല്‍.എയായപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ തന്നെയായിരുന്നു യാത്ര. ഇങ്ങനെയായാല്‍ നാട്ടുകാര്‍ വിളിക്കുന്ന പരിപാടികള്‍ക്കൊന്നും പോകാന്‍ കഴിയില്ളെന്നും അത് പരാതിക്കിടയാക്കുമെന്നും പാര്‍ട്ടിക്കാര്‍ പറഞ്ഞു. അങ്ങനെ മനസ്സില്ലാ മനസ്സോടെയാണ് ഒരു വണ്ടി വാടകക്കെടുത്തത് -സാവിത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.