പിണറായി സർക്കാറിന്‍റെ പരസ്യ ധൂർത്തിനെ ചോദ്യം ചെയ്ത് വി.ടി ബൽറാം

തിരുവനന്തപുരം: പിണറായി സർക്കാറിന്‍റെ പരസ്യ ധൂർത്തിനെ ചോദ്യം ചെയ്ത് വി.ടി ബൽറാം എം.എൽ.എ. മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്‍റെയും എണ്ണം കുറച്ച് ചെലവ് ചുരുക്കുന്ന സർക്കാർ പൊതുഖജനാവിൽ നിന്ന് പരസ്യത്തിന് വേണ്ടി എന്തിന് ഇത്രയും വലിയ തുക ചെലഴിക്കുന്നതെന്നും ബൽറാം ഫേസ്ബുക്കിലൂടെ ചോദിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

സർക്കാരിന്റെ ആദ്യ ദിവസം തൊട്ട്‌ തന്നെ പ്രതിപക്ഷ ധർമ്മം ഞങ്ങളും തുടങ്ങുകയാണ്‌. നല്ല പ്രവൃത്തികൾക്ക്‌ അകമഴിഞ്ഞ പിന്തുണ, ധൂർത്തിനും അഴിമതിക്കും ജനദ്രോഹത്തിനും എതിർപ്പ്‌. അതാണ്‌ നയം.
മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും എണ്ണം കുറച്ച്‌ ചെലവ്‌ ചുരുക്കാനുള്ള നീക്കത്തെ അഭിനന്ദിക്കുന്നു. എന്നാൽ ഇന്നത്തെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ചുള്ള ധൂർത്തിന്‌ ഒട്ടും ന്യായീകരണമില്ല. അതുപോലെത്തന്നെയാണ്‌ ഇന്നത്തെ പത്രങ്ങളിൽ നൽകിയിരിക്കുന്ന പരസ്യവും. CPIM എന്നോ LDF എന്നോ ഒരിക്കൽപ്പോലും പറയാതെ "The Pinarayi Vijayan Government" എന്ന് പറഞ്ഞുകൊണ്ടുള്ള മുഴുപ്പേജ്‌ വ്യക്തിമാഹാത്മ്യ പരസ്യത്തിലെ രാഷ്ട്രീയ ശരികേട്‌ അവിടെ നിൽക്കട്ടെ, എന്നാൽ അതിനുവേണ്ടി സർക്കാരിന്റെ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ പൊതുഖജനാവിൽ നിന്ന് ചെലഴിക്കുന്ന തുകയേക്കുറിച്ച്‌ അഭിപ്രായം പറയാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരന്മാർക്കുമുണ്ട്‌.
അതുകൊണ്ടുതന്നെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഞാൻ ചോദിക്കാനായി ഉദ്ദേശിക്കുന്ന ജനങ്ങളുടെ വക ചോദ്യം (ഡ്രാഫ്റ്റ്‌ ആണ്‌, പ്രിവിലേജ്‌ പ്രശ്നം ഇല്ല) :
1) 25-05-2016ന്‌ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായി വിവിധ സർക്കാർ വകുപ്പുകൾ ചെലവഴിച്ച ആകെ തുക എത്ര? അതിന്റെ വിശദാംശങ്ങൾ നൽകുമോ?
2) 25-05-2016ന്‌ രൂപീകരിക്കപ്പെടാൻ പോകുന്ന പുതിയ സർക്കാരുമായി ബന്ധപ്പെട്ട്‌ പി ആർ ഡി വഴി ആകെ എത്ര ദിനപത്രങ്ങളിൽ പരസ്യം നൽകി?
2എ) ഇതിൽ കേരളത്തിനു പുറത്തുള്ള എത്ര പത്രങ്ങളിലാണ്‌ പരസ്യം നൽകിയത്‌?
2ബി) ഇതിനായി സർക്കാർ ആകെ ചെലവഴിച്ച തുക എത്ര?
2സി) കേരളത്തിനു പുറത്ത്‌ കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ പരസ്യങ്ങൾ നൽകുന്നതുകൊണ്ട്‌ കേരളത്തിലെ ജനങ്ങൾക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രയോജനം എന്താണ്‌?
3) 25-05-2016ന്‌ രാവിലെ പത്രങ്ങളിൽ പരസ്യങ്ങൾ നൽകുന്ന വേളയിൽ സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുടെ ഫോട്ടോകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലവിലുണ്ടായിരുന്നോ?
3എ) ഉണ്ടെങ്കിൽ അത്തരം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ തന്നെയായിരുന്നോ പ്രസ്തുത പരസ്യങ്ങൾ നൽകിയിരുന്നത്‌?
3ബി) മുഖ്യമന്ത്രിയായോ എം.എൽ.എ ആയോ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോ അത്തരം പരസ്യങ്ങളിൽ ഉൾപ്പെടുത്തിയത്‌ നിയമപരമായിരുന്നോ?
3സി) ഇക്കാര്യത്തിൽ നിയമലംഘനങ്ങളോ ചട്ടലംഘനങ്ങളോ ഉണ്ടെങ്കിൽ ആയതിന്‌ ചെലവഴിച്ച തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി ഖജനാവിന്റെ നഷ്ടം നികത്താൻ നടപടികൾ സ്വീകരിക്കുമോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.