വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കാനും യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്തെ ഉത്തരവുകള്‍ പരിശോധിക്കാനുമുള്ള തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പുതിയ സര്‍ക്കാര്‍ പറയുംപോലെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയോ നിയമനനിരോധമോ ഇല്ല. 1009 കോടി രൂപ ട്രഷറിയില്‍ മിച്ചംവെച്ചിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞത്. ബാധ്യതകള്‍ നിലനില്‍ക്കുന്നതില്‍ പുതുമയില്ല. രണ്ട് ശമ്പള കമീഷനുകളുടെ ശിപാര്‍ശകള്‍ നടപ്പാക്കേണ്ടിവന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാറാണ് തന്‍േറത്.
സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപാതിയില്‍ 4300 കോടി രൂപ കടമെടുക്കാന്‍ അനുവാദമുണ്ടായിരുന്നിട്ടും 2800 കോടി മാത്രമാണ് എടുത്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നല്ലതാണെങ്കിലും അതില്‍ കൂടുതല്‍ നല്‍കിവരുന്നത് വെട്ടിക്കുറക്കരുത്. കഴിഞ്ഞ ഇടത് ഭരണകാലത്ത് 12.9 ലക്ഷംപേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ 34.43 ലക്ഷംപേര്‍ക്കാണ് നല്‍കുന്നത്.
യു.ഡി.എഫ് ഭരണത്തില്‍ നിയമനനിരോധം നിലനിന്നിരുന്നെന്ന വാദത്തിലും കഴമ്പില്ല. ഇക്കൊല്ലം ഡിസംബര്‍ 31വരെയുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചുവര്‍ഷത്തിനിടെ 1.67 ലക്ഷംപേര്‍ക്ക് പി.എസ്.സി വഴി തൊഴില്‍ നല്‍കി. 5000 പേര്‍ക്ക് ഏപ്രില്‍-മേയ് മാസങ്ങളിലായി അഡൈ്വസ് മെമ്മോ നല്‍കി. റിട്ടയര്‍മെന്‍റ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യിച്ച് മുന്‍കൂറായി നികത്താനും സാധിച്ചിരുന്നു. ആശ്രിതനിയമനം ത്വരിതപ്പെടുത്തുകയും സര്‍വകലാശാലാ നിയമനങ്ങള്‍ പി.എസ്.സിക്ക് കൈമാറുകയും ചെയ്തു. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപവത്കരിച്ച് നിയമനങ്ങള്‍ക്ക് തുടക്കമിടാനും സാധിച്ചു.
വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ സമരം നടത്തി അധികാരത്തിലത്തെിയ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രണ്ടുവര്‍ഷത്തിനിടെ ഇക്കാര്യങ്ങളില്‍ എന്തുചെയ്തെന്ന് വ്യക്തമാക്കണം. പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കിയ നടപടി പുന$പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.