മഴക്കാല സുരക്ഷക്കായി 38 കോടി –ജി. സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലപൂര്‍വസുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് 38 കോടി രൂപ ചെലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. റോഡുകളും പാലങ്ങളും ദേശീയപാത വിഭാഗങ്ങള്‍ക്കായി 19 കോടിവീതമാണ് അനുവദിച്ചിട്ടുള്ളത്. കാലവര്‍ഷം ശക്തിപ്രാപിക്കുംമുമ്പേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും പദ്ധതിനിര്‍വഹണം പൂര്‍ത്തിയാക്കാതെ തുക എഴുതിയെടുക്കാന്‍ അനുവദിക്കില്ളെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയപാതകളുടെ അരിക് ഇടിഞ്ഞുതാഴുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് മുന്തിയ പരിഗണന നല്‍കുന്നത്. ഓടകള്‍ വൃത്തിയാക്കി വെള്ളമൊഴുക്ക് കാര്യക്ഷമമാക്കും. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കിയാല്‍ പാതകളുടെ ഈടും ആയുസ്സും വര്‍ധിക്കും.
തദ്ദേശസ്ഥാപനങ്ങളില്‍ നടത്തുന്ന നിര്‍മാണപദ്ധതികള്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് പദ്ധതിരേഖ തയാറാക്കാന്‍ തദ്ദേശസ്വയംഭരണമന്ത്രിയുമായി ചര്‍ച്ച നടത്തും. റോഡ്നിര്‍മാണത്തിലെ അശാസ്ത്രീയ പ്രവണതകള്‍ അവസാനിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹരിപ്പാട് സ്വാശ്രയ എന്‍ജിനീയറിങ് കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വകാര്യഏജന്‍സിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന പരാതി പരിശോധിക്കും. കാസര്‍കോട്ടെ ചില കരാറുകാരുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പരിശോധിക്കാനും തീരുമാനമായി.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ 1.75 കോടി, കൊല്ലം 1.50 കോടി, പത്തനംതിട്ട ഒരുകോടി, ആലപ്പുഴ 1.75 കോടി, കോട്ടയം ഒരു കോടി, ഇടുക്കി ഒരു കോടി, എറണാകുളം 1.50 കോടി, തൃശൂര്‍ 1.50 കോടി, പാലക്കാട് 1.50 കോടി, മലപ്പുറം 1.50 കോടി, കോഴിക്കോട് 1.25 കോടി, വയനാട് ഒരു കോടി, കണ്ണൂര്‍ 1.75 കോടി, കാസര്‍കോട് ഒരു കോടി വീതമാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപമോ അഴിമതിയോ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തന്നെ ബന്ധപ്പെടാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.