കറപുരളാത്ത സാരഥ്യത്തില്‍ അവസാനം വരെയും കര്‍മനിരതന്‍

കണ്ണൂര്‍: കറപുരളാത്ത സാരഥ്യ ചരിത്രമെഴുതി അന്ത്യയാത്രയായ കെ.പി. നൂറുദ്ദീന്‍െറ അവസാന നിമിഷങ്ങള്‍ക്കും കര്‍മനൈരന്തര്യത്തിന്‍െറ ചാരുത. ശനിയാഴ്ച താമസ സ്ഥലത്ത് നിന്ന്  ഒരു പരിപാടിക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് കാല്‍വഴുതി വീണത്. അതാവട്ടെ താന്‍ രാജിവെച്ചൊഴിഞ്ഞ സ്ഥാനത്തിന് വേണ്ടിയുള്ള യാത്രയയപ്പ് കൂടിയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി തലക്ക് ക്ഷതമേറ്റ നൂറുദ്ദീന് അടിയന്തര ശസ്ത്രക്രിയ നല്‍കാന്‍ കഴിയാത്ത വിധം രക്തസ്രാവമുണ്ടായി. അവസാന പ്രതീക്ഷയോടെയാണ് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പക്ഷേ, അവിടെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം പരാജപ്പെടുകയായിരുന്നു. 

ഇടതുമുന്നണി അധികാരത്തില്‍ വന്ന വിവരമറിഞ്ഞ ഉടനെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവിയില്‍ നിന്നുള്ള രാജി എഴുതി വെച്ചിരുന്നു. മേയ് 31 വരെ പദവിയില്‍ തുടരാമായിരുന്നിട്ടും രാജി നല്‍കി. ഇതേതുടര്‍ന്ന് പയ്യന്നൂര്‍ ഖാദി ബോര്‍ഡ് ഓഫിസില്‍ യാത്രയയപ്പിലും പയ്യന്നൂര്‍ ടൗണ്‍ബാങ്കില്‍ മറ്റൊരു പരിപാടിയിലും പങ്കെടുക്കാന്‍ ഒരുങ്ങി പുറപ്പെട്ടപ്പോഴായിരുന്നു വീഴ്ച.  ദേഹാസ്വാസ്ഥ്യം ഏറെയുണ്ടെങ്കിലും അവസാന നാളുകള്‍ വരെയും എല്ലാ പൊതുപരിപാടികളിലും പരസഹായത്തോടെ പങ്കെടുത്തു വരുകയായിരുന്നു.  അതുകൊണ്ട് തന്നെ  കണ്ണൂരിലെ ആശുപത്രിയിലേക്ക് ശനിയാഴ്ച പാതിരാവിലും ആളുകള്‍ ഒഴുകിയത്തെി. ഉന്നത പദവികള്‍ അലങ്കരിക്കുമ്പോഴും ട്രെയിനില്‍ സ്ളീപ്പര്‍ ക്ളാസുകളിലും ബസിലുമുള്ള യാത്രയും റോഡരികില്‍ കാണുന്ന ഓരോരുത്തരുമായുമുള്ള കുശലാന്വേഷണവുമൊക്കെയായി നൂറുദ്ദീന്‍ ജനകീയ നേതാവായി മാറുകയായിരുന്നു.

വിദ്യാഭ്യാസ ഒൗന്നത്യമില്ലാതിരുന്നപ്പോള്‍ വീക്ഷണം പത്രത്തിന്‍െറ എം.ഡിയായും കെ.പി.സി.സിയുടെ ട്രഷററായും പിന്നീട് മന്ത്രിയായും നിയോഗിക്കപ്പെട്ടതെല്ലാം നൂറുദ്ദീന്‍െറ അര്‍ധ മനസ്സോടെയായിരുന്നുവെന്ന് ആദ്യകാല നേതാക്കള്‍ ഓര്‍ക്കുന്നു. അഴിമതി രഹിതമായിരുന്നു പൊതുജീവിത രേഖ. അദ്ദേഹം മന്ത്രിയായിരുന്നപ്പോഴാണ് കാന്തലോട്ട് കുഞ്ഞമ്പുവിന്‍െറ കാലത്തുണ്ടാക്കിയ കക്കിഡാം മരംവെട്ടല്‍ കരാര്‍ വിവാദമായത്. നിയമസഭയില്‍ നായനാരും എം.വി. രാഘവനും ഈ വിഷയം ഉന്നയിച്ചത് കറപുരളാത്ത നൂറുദ്ദീനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ അക്രമമായി മാറി. പക്ഷേ, ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് അദ്ദേഹം ആരോപണത്തെ നേരിടുകയായിരുന്നു.  അന്വേഷണത്തില്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. വനം മന്ത്രിയെന്ന നിലയില്‍ നൂറുദ്ദീന്‍ മികച്ചൊരു പരിസ്ഥിതി സംരക്ഷകന്‍ കൂടിയാണെന്ന് തെളിയിച്ചു. അതുവരെയും വനം വകുപ്പ് മരംവെട്ടിനെ പ്രോത്സാഹിപ്പിച്ചു വന്നിരുന്ന ‘ക്ളിയര്‍ഫെല്ലിങ്’ സമ്പ്രദായം ഭേദഗതി ചെയ്ത് ‘സെലക്ടഡ് ഫെല്ലിങ്’ ആക്കി. മാര്‍ക്ക് ചെയ്ത മരം മാത്രം നിശ്ചിത പ്രായത്തിന് ശേഷം വെട്ടാനുള്ള ഈ ഉത്തരവിറക്കിയത് അദ്ദേഹത്തിന്‍െറ കാലയളവിലാണ്.  പത്തിനം മരങ്ങള്‍ മുറിക്കുന്നതിന് നിബന്ധനകളും ഉണ്ടാക്കി. വനത്തിന്  നിശ്ചിതമായ അതിര്‍ത്തി വേലികള്‍ പണിയാനുള്ള തീരുമാനവും   നടപ്പാക്കി. സൈലന്‍റ് വാലിയെ നാഷനല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു.

അദ്ദേഹത്തിന്‍െറ ഭരണ കാലത്ത് മന്ത്രി ഓഫിസുകളിലെ ജീവനക്കാരുടെ ശീലങ്ങള്‍ പോലും സുതാര്യമായിരുന്നു. മന്ത്രിയെ കാണേണ്ടവരെ മറ്റൊരു ഇടത്താവളങ്ങളിലും തടഞ്ഞു നിര്‍ത്തപ്പെടരുതെന്ന് നൂറുദ്ദീന്‍ വാശി പിടിച്ചു. നല്ല പ്രതിച്ഛായയുള്ളവരെ മാത്രമേ തന്‍െറ ഓഫിസില്‍ നിയമിക്കാവു എന്നും  കെ.പി.സി.സിക്ക്  കുറിപ്പ് നല്‍കി. ആര്‍ക്കും മന്ത്രിയെന്ന നിലയില്‍ നൂറുദ്ദീനെ കാണാനാവുമായിരുന്നു. കരുണാകരന്‍ മന്ത്രിസഭ ഏറെ വിവാദങ്ങളുടെ കൊടുങ്കാറ്റ് താണ്ടിയപ്പോള്‍ പ്രതിച്ഛായ നന്നാക്കുന്നതിന് ഇടക്കാലത്ത് പലരെയും മാറ്റി. പക്ഷേ, കരുണാകരനോടൊപ്പം കാലവധി പൂര്‍ത്തിയാക്കിയ ഏക മന്ത്രി നൂറുദ്ദീനായിരുന്നു.വീക്ഷണം പത്രത്തിന്‍െറ എം.ഡിയെന്ന നിലയില്‍ ആയിരം രൂപ ശമ്പളം നിശ്ചയിച്ചിരുന്നു. പക്ഷേ, ഇത് തനിക്ക് വേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്.

മികച്ചൊരു സഹകാരിയായ നൂറുദ്ദീന്‍െറ മേല്‍നോട്ടത്തിലൂടെയാണ് പല സഹകരണ സംഘങ്ങളും ഉത്തരമലബാറില്‍ തഴച്ചു വളര്‍ന്നത്.  ജില്ലാ ആയുര്‍വേദ സഹകരണ സംഘം വിജയ പടവുകള്‍ താണ്ടിയത് ആ സാരഥ്യത്തിലാണ്. സി.പി.എമ്മില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ എം.വി. രാഘവന്‍ എ.കെ.ജി സഹകരണ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലകപ്പെട്ടപ്പോഴെല്ലാം രാഘവന് അണിയറയില്‍ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയതും നൂറുദ്ദീനാണ്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടയില്‍ കെ. സുധാകരന്‍െറ തീതുപ്പുന്ന നിലപാടുകള്‍ക്കിടയിലും അണികളെ ചോരാതെ ആന്‍റണി ഗ്രൂപ്പിനെ സംരക്ഷിച്ചു നിര്‍ത്തിയ സംഘാടക വൈഭവവും നൂറുദ്ദീന്‍േറത് മാത്രമായിരുന്നു.

 കോണ്‍ഗ്രസുകാരനാണെങ്കിലും കോണ്‍ഗ്രസുകാര്‍ ആദരപൂര്‍വം വിളിക്കുന്ന ‘സാഹിബ്’ എന്ന പ്രയോഗം മുസ്ലിം സംഘടനകള്‍ക്കിടയിലും  അദ്ദേഹത്തിന് ഓമനപ്പേരായി മാറി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും മതചടങ്ങളും ആരാധനകളും മുറുകെ പിടിച്ച് ഒരു മതസംഘടനാ പ്രവര്‍ത്തകനെക്കാള്‍ കണിശമായ ശീലം അവസാനം വരെയും  നിലനിര്‍ത്തി. വീഴ്ച സംഭവിച്ചതിന്‍െറ തലേന്നും  വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ശനിയാഴ്ച പ്രഭാതത്തിലെ പ്രാര്‍ഥനയിലും പങ്കുകൊണ്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.