സരിത ഹാജരായില്ല; അറസ്റ്റ് വാറന്‍റ് വേണ്ടിവരുമെന്ന് സോളാര്‍ കമീഷന്‍

 

കൊച്ചി: ഹാജരാകുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന സരിത എസ്. നായരുടെ അപേക്ഷ സോളാര്‍ കമീഷന്‍ തള്ളി. ജൂണ്‍ ആറിന് സരിത കമീഷന്‍ മുമ്പാകെ ഹാജരായില്ളെങ്കില്‍ അറസ്റ്റ് വാറന്‍റ് ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി രണ്ടുതവണ വിസ്താരത്തിന് ഹാജരാവാതിരുന്ന സരിതക്കെതിരെ ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ രൂക്ഷവിമര്‍ശമാണ് നടത്തിയത്. പ്രമുഖരായ പലര്‍ക്കെതിരെയും തെളിവു നല്‍കിയെന്ന് മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞ് അവരെ ആരോപണത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് സരിത. എന്നാല്‍, ഇതേക്കുറിച്ച് വിശദമാക്കുന്നതിന് കമീഷന്‍ മുമ്പാകെ ഹാജരാവണമെന്ന നിര്‍ദേശം അവര്‍ അവഗണിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. രാഷ്ട്രീയം കളിക്കാനുള്ളതാണ് കമീഷനെന്ന് ആരും ധരിക്കേണ്ടതില്ളെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.
തിങ്കളാഴ്ച സിറ്റിങ് ആരംഭിച്ചയുടന്‍ സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ തിരക്കിലായതിനാല്‍ സരിത കമീഷനില്‍ ഹാജരാകില്ളെന്ന് അഭിഭാഷകന്‍ അഡ്വ. സി.ഡി. ജോണി കമീഷനെ അറിയിച്ചു. തുടര്‍ന്ന് ജൂണ്‍ ആറിന് ഹാജരാകാന്‍ സരിതക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കാന്‍ കമീഷന്‍ തീരുമാനമെടുത്തെങ്കിലും അന്നേദിവസം സ്വമേധയാ ഹാജരാവുമെന്ന് സരിത ഫോണിലൂടെ ഉറപ്പുനല്‍കിയതായി അഭിഭാഷകന്‍ അറിയിച്ചതോടെ കമീഷന്‍ അറസ്റ്റ് വാറന്‍റ് തീരുമാനത്തില്‍നിന്ന് പിന്മാറി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സരിത കമീഷനില്‍ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ സമര്‍പ്പിച്ച പെറ്റീഷന്‍ പരിഗണിക്കുന്നത് ജൂണ്‍ 23ലേക്ക് മാറ്റി. സരിത ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച ശേഷമായിരിക്കും ഇതെന്നും കമീഷന്‍ വ്യക്തമാക്കി.
തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കമീഷന് 13ന് കത്തു നല്‍കിയെന്ന് കെ.സി. വേണുഗോപാല്‍ പത്രങ്ങളില്‍ നല്‍കിയ പ്രസ്താവന നുണയാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ നല്‍കിയ പരാതിയില്‍ വേണുഗോപാലിനോട്  വിശദീകരണം ആവശ്യപ്പെടാനും തീരുമാനമായി. ചൊവ്വാഴ്ച തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റ് പി.എ. മാധവനെ വിസ്തരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.