തിരുവനന്തപുരം: പൊലീസ്സേനയില്‍ 2017 വരെ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കെ.എ.പിയില്‍ 290 ഉം കെ.എ.പി മൂന്നില്‍ എന്‍.ജെ.ഡി അടക്കം 340ഉം കെ.എ.പി നാലില്‍ 163ഉം പേര്‍ക്ക് അഡൈ്വസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഉടന്‍ നിയമന ഉത്തരവ് നല്‍കുമെന്നും എ.എന്‍. ഷംസീറിന്‍െറ സബ്മിഷന് മറുപടി നല്‍കി.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നില്ല. ചില കമീഷന്‍ റിപ്പോര്‍ട്ടുകളത്തെുടര്‍ന്ന് സംവരണം ഉറപ്പുവരുത്താന്‍ നിയമനസാധ്യതയുള്ളവരെക്കാള്‍ കൂടുതല്‍ പേര്‍ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിന് ആനുപാതികമായ ഒഴിവുണ്ടാകുന്നില്ല. ഇവരെല്ലാം നിയമനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. പി.എസ്.സി ചെയര്‍മാന്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ പെട്ടെന്ന് മാറ്റംവരുത്താനാവില്ളെന്നും പിന്നീട് പരിഹരിക്കാമെന്നുമാണ് അറിയിച്ചത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചീഫ് സെക്രട്ടറി പുരോഗതി വിലയിരുത്തുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് നായപാര്‍ക്കുകളിലേക്ക് മാറ്റുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. വനം വകുപ്പുമായി ചേര്‍ന്ന് ഇതിനാവശ്യമായ സംവിധാനം(കാഴ്ചബംഗ്ളാവ്) ഒരുക്കും. മാലിന്യം ഭക്ഷിക്കുന്നതാണ് തെരുവുനായ വര്‍ധനക്ക് കാരണമായി പറയുന്നത്. 895 പഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യസംസ്കരണ നടപടികള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 77 പേര്‍ക്കെതിരെ കേസെടുത്തു. സെപ്റ്റംബര്‍ ഒന്നു മുതല്‍ തെരുവുനായ നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നടപടി തുടങ്ങിയിട്ടുണ്ട്. 10000 ലേറെ നായ്ക്കളെ വന്ധ്യംകരിച്ചു. ഇവ പിന്നീട് ആക്രമണോത്സുകത കാണിക്കില്ളെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരുവുനായ്പ്രശ്നത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി വകുപ്പുമേധാവികളുടെ യോഗം വിളിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജു എബ്രഹാമിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി. സാക്ഷരതാ പ്രേരക്മാരുടെ വേതനം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കെ.ഡി. പ്രസേനനെ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല, ബോര്‍ഡ് അഴിമതിയുടെ കൂടാരം
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതിയുടെ കൂടാരമാണ്. അംഗസംഖ്യ കൂട്ടിയാല്‍ അഴിമതി കൂടുമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതേസമയം, എണ്ണത്തില്‍ കുറവായ ഹൈന്ദവ സമുദായങ്ങള്‍ക്ക് ബോര്‍ഡില്‍ പ്രാതിനിധ്യമില്ളെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ബോര്‍ഡിലെ കോടികളുടെ സാമ്പത്തിക ക്രമക്കേട് തടയാന്‍ ബോര്‍ഡ് അംഗങ്ങള്‍ ഒന്നും ചെയ്തില്ല. ബോര്‍ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പണാപഹരണവും സ്വജനപക്ഷപാതവും ഉള്‍പ്പെടെ കൊടിയ അഴിമതിയാണ് നടന്നത്. ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ബോര്‍ഡ് അവഗണിച്ചു. ഉന്നത രാഷ്ട്രീയ ബന്ധമാണ് ദേവസ്വം സെക്രട്ടറിക്കുള്ളത്.ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, മുന്‍കാലങ്ങളില്‍ ദേവസ്വം സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് കൈമാറിയെന്നും മന്ത്രി അറിയിച്ചു.
ഗുരുവായൂര്‍ ക്യൂ കോംപ്ളക്സ്: അഴിമതി തടയും
ഗുരുവായൂര്‍ ക്യൂ കോംപ്ളക്സ് നിര്‍മാണത്തിനുപിന്നിലെ തിരിമറികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അത് തടയുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ചുകോടി രൂപക്ക് ക്യൂ കോംപ്ളക്സ് പണിയാമെന്നിരിക്കെ 65ഉം 125ഉം കോടിക്ക് കോണ്‍ക്രീറ്റ് കാടുകള്‍ പണിയാനാണ് ഗുരുവായൂര്‍ ക്ഷേത്രഭരണസമിതി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ സജീവ ഇടപെടലുകള്‍ ഉണ്ടാകും. ഇന്ത്യയിലെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളുടെ വികസനത്തിനുള്ള പ്രസാദ് പദ്ധതിയില്‍ ഈ വര്‍ഷം എട്ട് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കേരളത്തില്‍നിന്നുള്ള ഏക കേന്ദ്രം ഗുരുവായൂരാണ്. ശബരിമലയെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വദേശി ദര്‍ശന്‍ പദ്ധതിയിലാണ് ശബരിമല ഉള്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കായികതാരങ്ങള്‍ക്ക് പരിശീലനം
ഒളിമ്പിക്സ് മെഡല്‍ നേടുന്നതിന് കേരളത്തിലെ കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനായി പരിശീലന പരിപാടികള്‍ നടത്തിവരുകയാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. അത്ലറ്റിക്സ്, വോളിബാള്‍, നീന്തല്‍, ഫെന്‍സിങ് ഇനങ്ങളില്‍ എലൈറ്റ് പരിശീലന പദ്ധതികള്‍ ആരംഭിച്ചു. 2020, 24 ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലും മെഡല്‍ നേടുന്നതിന് കേരളതാരങ്ങളെ പ്രാപ്തരാക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മികച്ച വിദേശ പരിശീലകരുടെ കീഴിലാണ് പരിശീലനം പുരോഗമിക്കുന്നത്. സ്കൂള്‍ തലത്തില്‍ തന്നെ കായിക താരങ്ങളെ കണ്ടത്തെി പരിശീലനവും പ്രോത്സാഹനവും നല്‍കും.
ഗുണമേന്മയില്ലാത്ത മത്സ്യ ഇറക്കുമതി തടയും –മന്ത്രി
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഗുണമേന്മയില്ലാത്ത മത്സ്യ ഇറക്കുമതി തടയുന്നതിന് നിയമം കൊണ്ടുവരുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിയമസഭയില്‍ ധനാഭ്യര്‍ഥന ബില്ലിന് മറുപടിപറയുകയായിരുന്നു അവര്‍. ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന വരവുമത്സ്യങ്ങള്‍ ഗുരുതരപ്രശ്നമാണ്. ഇത് പരിഹരിക്കുന്നതിനും ആരോഗ്യരക്ഷ ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കും. ഇക്കാര്യങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തിയാണ് ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്‍റ് ബില്ല് അവതരിപ്പിക്കുക. തദ്ദേശീയ വിപണികളെ ശക്തിപ്പെടുത്തി ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കും. മത്സ്യഫെഡിനെ ശക്തമാക്കുകയും വിപണി ഇടപെടല്‍ കാര്യക്ഷമമാക്കുകയും ചെയ്യും. കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യം തദ്ദേശീയ വിപണികളില്‍ നേരിട്ടത്തെിക്കും. മത്സ്യഫെഡിന്‍െറ മേല്‍നോട്ടത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളെയാണ് ഇതിനായി നിയോഗിക്കുക. ജില്ലയില്‍ പത്ത് വിപണികളെങ്കിലും ഇത്തരത്തില്‍ സജ്ജമാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിപണിയൊരുക്കാം.
മത്സ്യത്തൊഴിലാളികളുടെ കടാശ്വാസപരിധി ഒരുവര്‍ഷം കൂടി നീട്ടി. നിലവില്‍ 2007 ഡിസംബര്‍ 3 വരെയുള്ള വായ്പകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇത് 2008 ഡിസംബര്‍ മൂന്ന് വരെയായി പുതുക്കിനിശ്ചയിച്ചു. അതോടൊപ്പം നിലവിലെ 75000 രൂപയില്‍നിന്ന് ഒരു ലക്ഷമായി തുക വര്‍ധിപ്പിക്കും. പ്രകൃതിക്ഷോഭങ്ങള്‍മൂലം നാശനഷ്ടമുണ്ടാകുന്ന വള്ളങ്ങളെക്കൂടി കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്തും.4800 കോടി വിദേശനാണ്യം നേടിത്തരുന്ന മേഖലയാണെങ്കിലും തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്. 2016 വരെയുള്ള കണക്കനുസരിച്ച് വാര്‍ഷിക ആളോഹരി വരുമാനത്തില്‍ സാധാരണ പൗരന്മാരെ അപേക്ഷിച്ച് 93517 രൂപയുടെ കുറവാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ളത്. മത്സ്യസമ്പത്തിന്‍െറ ശോഷണവും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെറുമത്സ്യങ്ങളെ വന്‍തോതില്‍ പിടികൂടി തമിഴ്നാട്ടിലെ വള ഫാക്ടറികളിലേക്ക് കയറ്റിഅയക്കുന്നത് വര്‍ധിക്കുകയാണ്. ഈ പ്രവണത തടയാന്‍ നടപടി സ്വീകരിക്കും. കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ടില്‍ കാലോചിതമായി ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിടപദ്ധതി –മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയില്‍ അറിയിച്ചു. 2.12 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 18000 കുടുംബങ്ങള്‍ക്കും വീടില്ല. ഇവരില്‍തന്നെ 11200 പേര്‍ക്ക് വീട് വെക്കുന്നതിന് ഭൂമിയുമില്ല. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 3250 പേര്‍ക്ക് വീട് നല്‍കും. മത്സ്യമേഖലയുടെ മുഖച്ഛായ മാറ്റുന്നതിന് ഹാര്‍ബറുകളെയും ലാന്‍ഡിങ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കോസ്റ്റല്‍ കണക്ടിവിറ്റി ഗ്രീന്‍ കോറിഡോര്‍ നടപ്പാക്കും. ഇതിനായി പാതകള്‍ നിര്‍മിക്കും. 788 കോടി രൂപയാണ് ചെലവഴിക്കുക. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. 24000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. ഇതിനായി പ്രത്യേക പാര്‍പ്പിടപദ്ധതിയും ആവിഷ്കരിക്കും.
ഉള്‍നാടന്‍ മത്സ്യസമ്പത്ത് 40000 ടണ്ണില്‍നിന്ന് 80000 ടണ്‍ ആക്കി ഉയര്‍ത്തുന്നതിനും ഹാച്ചറികളെ സജീവമാക്കുന്നതിനും നടപടി സ്വീകരിക്കും. നിലവില്‍ 12.50 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് ആവശ്യമുള്ളത്. എന്നാല്‍, സംസ്ഥാനത്തെ ഹാച്ചറികളില്‍നിന്ന് 2.50 കോടി മത്സ്യക്കുഞ്ഞുങ്ങളെ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. ശേഷിക്കുന്നവ ആന്ധ്രയില്‍ നിന്നടക്കം ഇറക്കുമതി ചെയ്യുകയാണ്. ഗുണനിലവാരമില്ലാത്തതിനാല്‍ നിക്ഷേപിച്ച് അധികംകഴിയും മുമ്പ് ഇവ ചത്തുപൊങ്ങുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ഹാച്ചറികളെ പരിഷ്കരിക്കുന്നത്. മൂന്ന് ഹാച്ചറികള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ആദ്യഘട്ടത്തില്‍ 2.5 കോടിയില്‍നിന്ന് ആറ് കോടിയായി സംസ്ഥാനത്തെ ഹാച്ചറികളുടെ ഉല്‍പാദനശേഷി വര്‍ധിപ്പിക്കാനാകും.
ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പ്രത്യേക യൂനിറ്റുകള്‍ ആരംഭിക്കും. ഏഴ് തൊഴിലാളികള്‍ക്ക് ഒന്ന് എന്ന നിലയില്‍ 36 യൂനിറ്റുകളാണ് ആരംഭിക്കുക. ഇതിന് 1.47 കോടി രൂപ അനുവദിക്കും. ഐ.എസ്.ആര്‍.ഒ യുമായി സഹകരിച്ച് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്താനും മത്സ്യസമ്പത്ത് കണ്ടത്തൊനും പുതിയ സംവിധാനം നടപ്പാക്കും. ഫിഷറീസ് വകുപ്പിന് കീഴിലെ സ്കൂളുകളില്‍ അടുത്തവര്‍ഷം മുതല്‍ നിന്ന് പഠിക്കുന്നവര്‍ക്കൊപ്പം ദിനേന വന്നുപോകുന്ന വിദ്യാര്‍ഥികളെയും അനുവദിക്കും. ബോര്‍ഡിങ്ങിലുള്ളവര്‍ക്ക് മാത്രമായി അവസരം നിജപ്പെടുത്തിയത് വിദ്യാര്‍ഥികള്‍ കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പമ്പ ട്രീറ്റ്മെന്‍റ് പ്ളാന്‍റ്; ആക്ഷേപം പരിശോധിക്കും
പമ്പയിലെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പ്രവര്‍ത്തനക്ഷമമാക്കാത്തത് സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ പമ്പാ നദിയില്‍ തുണിവലിച്ചെറിയുന്നത് അവസാനിപ്പിക്കും. ശബരിമലയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുതിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി. മൃഗസംരക്ഷണം, വനസംരക്ഷണം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണിത്. ശബരിമല വികസനത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ നടപ്പാക്കിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ ഉന്നതതല യോഗം ചേരും. ദേവസ്വംബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലും ഇതര മതവിഭാഗങ്ങളിലെ ആരാധനാലയങ്ങളിലും ഒരു തരത്തിലുള്ള കായിക പരിശീലനവും അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെ നവീകരണത്തിനായി സര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നത്. ശബരിമല വികസനത്തിന് 150 കോടി അനുവദിച്ചു. കുളങ്ങളുടെയും കാവുകളുടെയും സംരക്ഷണത്തിന് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.
റബര്‍ കര്‍ഷകരെ വഞ്ചിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ഏതെങ്കിലും കമ്പനികള്‍ റബര്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന കമ്പനി വന്‍ നികുതിവെട്ടിപ്പ് നടത്തി സര്‍ക്കാറിനെയും കര്‍ഷകരെയും വഞ്ചിക്കുകയാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും സബ്മിഷനിലൂടെ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വന്‍ ടയര്‍ കമ്പനികള്‍ക്കുവേണ്ടി റബര്‍ നല്‍കുന്നത് ഈ കമ്പനിയാണെന്ന് ജോര്‍ജ് അറിയിച്ചു. ചില രാഷ്ട്രീയക്കാര്‍ മാത്രമാണ് ഈ കമ്പനിയിലുള്ളത്. 2009ല്‍ ഇതിലെ ഒരു ഡയറക്ടര്‍ എം.പിയായപ്പോള്‍ സ്വന്തം ഭാര്യയെ ഡയറക്ടറാക്കിയെന്നും ജോര്‍ജ് ആരോപിച്ചു. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ റബര്‍ വിഷയം പരിഹരിക്കാനാകില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. റബര്‍ വിലസ്ഥിരതാപദ്ധതിക്ക് ഇക്കൊല്ലം ബജറ്റില്‍ 500 കോടി വകയിരുത്തിയിട്ടുണ്ട്. ഈ മാസം മൂന്നുവരെ ഈ ഫണ്ടില്‍നിന്ന് 284.40 കോടി രൂപ ചെലവായി. 2,28,295 കര്‍ഷകര്‍ക്ക് ഗുണം കിട്ടി. ജൂലൈ ഒന്നുമുതല്‍ ആരംഭിച്ച രണ്ടാംഘട്ടത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് അതിന് അവസരം നല്‍കും. കഴിഞ്ഞ മാസം 26 വരെയുള്ള സബ്സിഡി നല്‍കിക്കഴിഞ്ഞു. പദ്ധതി കാര്യക്ഷമമാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്‍െറ പുതിയ നീക്കം റബര്‍മേഖലയില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആസിയാന്‍ കരാറാണ് നിലവിലെ പ്രശ്നമെങ്കില്‍ ഇപ്പോള്‍ ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം ചര്‍ച്ചകള്‍ നടത്തുന്നു. ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യേണ്ട വസ്തുക്കള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുമ്പോള്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തണമെന്നാണ് കേരളത്തിന്‍െറ ആവശ്യം. രണ്ടുതവണ കേന്ദ്രത്തിന് കത്തുനല്‍കുകയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടും നടപടി ഉണ്ടായില്ളെന്നും അദ്ദേഹം പറഞ്ഞു.
ടി.പി വധക്കേസ്: ഗൂഢാലോചന പരിശോധിക്കും
ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ തെളിവുണ്ടാക്കാന്‍ മുന്‍ ജയില്‍ ഡി.ജി.പിയെ സ്വാധീനിച്ചെന്ന റിപ്പോര്‍ട്ടിന്‍െറ നിജസ്ഥിതിയും പരിശോധിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രതികളെ മോചിപ്പിച്ചിട്ടില്ല. സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്ക് ദിനത്തില്‍ വി.എസ്.എസ്.സി വാഹനങ്ങള്‍ തടഞ്ഞ പണിമുടക്ക് അനുകൂലികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉപരോധം നടത്തിയവരെ പ്രസ്തുത സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്യാത്തത് ഗുരുതര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നെന്ന് ഒ. രാജഗോപാല്‍, എ.എന്‍. ഷംസീര്‍, വി.കെ.സി. മമ്മദ്കോയ എന്നിവരെ അറിയിച്ചു.
കെ.എസ്.ഇ.ബി ബാധ്യത 5925.45 കോടി
2015-16 സാമ്പത്തിക വര്‍ഷത്തെ ലഭ്യമായ കണക്കുകള്‍ പ്രകാരം കെ.എസ്.ഇ.ബിയുടെ ആകെ ബാധ്യത 5925.45 കോടി രൂപയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡി.കെ. മുരളിയെ അറിയിച്ചു. ഇതില്‍ 3753.51 കോടി രൂപ ദീര്‍ഘകാല വായ്പയും 2171.94 കോടി രൂപ പ്രവര്‍ത്തന മൂലധനവായ്പയുമാണ്. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് ടി.വി. രാജേഷിനെ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സൗമ്യവധക്കേസ്: അറ്റോണി ജനറല്‍ ഹാജരാകും
സൗമ്യവധക്കേസില്‍ സുപ്രീംകോടതിവിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുന$പരിശോധനാ ഹരജിയില്‍ ഹാജരാകുന്നതിന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് 73 ശതമാനം കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ആധാര്‍ എന്‍റോള്‍മെന്‍റ് തുടര്‍പ്രക്രിയ ആയതിനാല്‍ നവജാത ശിശുക്കള്‍ക്ക് ആശുപത്രികളില്‍വെച്ച് ആധാറില്‍ പേരുചേര്‍ക്കാനുള്ള സൗകര്യം ഒരുക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയരയരുടെ അവകാശം ഉറപ്പാക്കും
ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള മലയരയരുടെ അവകാശവാദം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. മലയരയരെ ഒഴിവാക്കിയ സാഹചര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളും. ആചാരാനുഷ്ഠാനങ്ങളില്‍ ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ആര്‍. രാജേഷ്, സുരേഷ്കുറുപ്പ്, ഡി.കെ. മുരളി, ഐഷാപോറ്റി, പി.സി. ജോര്‍ജ് എന്നിവരെ മന്ത്രി അറിയിച്ചു.
അടിയന്തര പ്രമേയം പിന്‍വലിച്ചതിന് മാണി വിഭാഗത്തിന് സ്പീക്കറുടെ വിമര്‍ശം
തിരുവനന്തപുരം: സ്പീക്കറുടെ വിമര്‍ശത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് -എം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും സഭ തുടങ്ങിയ ശേഷം പിന്‍വലിക്കുകയും ചെയ്തതിനായിരുന്നു വിമര്‍ശം. മാണി സഭയില്‍ ഉണ്ടായിരുന്നില്ളെങ്കിലും പി.ജെ. ജോസഫിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ വാക്കൗട്ട് നടത്തുകയായിരുന്നു.
ചോദ്യോത്തരവേള യു.ഡി.എഫ് ബഹിഷ്കരിച്ചപ്പോള്‍ മാണി ഗ്രൂപ് സഭയിലുണ്ടായിരുന്നെങ്കിലും ചോദ്യത്തിന് തയാറായില്ല. ശൂന്യവേളയുടെ ആരംഭത്തിലാണ് റൂള്‍ 50 പ്രകാരം അടിയന്തരപ്രമേയത്തിന് നോട്ടീസ് ലഭിച്ചെന്നും രാവിലെ പിന്‍വലിച്ചതായി അറിയിച്ചെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് റൂള്‍ 50. അത്തരം നോട്ടീസ് നല്‍കുകയും പിന്നെ പിന്‍വലിക്കുകയും ചെയ്യുന്നത് ശരിയല്ളെന്ന് സ്പീക്കര്‍ പറഞ്ഞു. റബര്‍ വിലയിടിവുമായി ബന്ധപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് കെ.എം. മാണി നോട്ടീസ് നല്‍കിയതെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.11 ലക്ഷം റബര്‍ കര്‍ഷകരുടെ വിഷയം ഉന്നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.അത് പിന്‍വലിച്ചതോടെ കര്‍ഷകസ്നേഹം വ്യക്തമായെന്നും ബാലന്‍ പറഞ്ഞു. ഇതിനെ എതിര്‍ത്ത് സി.എഫ്. തോമസ് രംഗത്തുവന്നു. എന്നാല്‍, അദ്ദേഹത്തിന് സ്പീക്കര്‍ മൈക്ക് നല്‍കിയില്ല. ഇതിനിടെയാണ് സഭാനടപടികള്‍ ആരംഭിച്ചശേഷം അടിയന്തരപ്രമേയം പിന്‍വലിച്ചതിനെക്കുറിച്ച് സ്പീക്കറുടെ വിമര്‍ശം വന്നത്. പി.ജെ. ജോസഫ് എഴുന്നേറ്റെങ്കിലും ശ്രദ്ധക്ഷണിക്കല്‍ കഴിഞ്ഞ് അവസരം നല്‍കാമെന്ന് സ്പീക്കര്‍ അറിയിച്ചു. അത് ശ്രദ്ധിക്കാതെ അവര്‍ സഭ ബഹിഷ്കരിക്കുകയായിരുന്നു. പിന്നീട് ഇതേവിഷയത്തില്‍ സബ്മിഷന്‍ അവതരിപ്പിച്ച പി.സി. ജോര്‍ജും മാണിവിഭാഗത്തെ കുറ്റപ്പെടുത്തി.
എസ്.ബി.ടി നിലനിര്‍ത്താന്‍ ഇടപെടുമെന്ന് മന്ത്രി
തിരുവനന്തപുരം: എസ്.ബി.ടി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വീണ്ടും ശക്തമായി ഇടപെടുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിച്ച് ജീവനക്കാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കും. നിയമന ഉത്തരവ് ലഭിക്കാത്ത 1000ത്തിലധികം ദിവസക്കൂലിക്കാരായ പ്യൂണ്‍, സ്വീപ്പര്‍ ജീവനക്കാരെ മാനദണ്ഡപ്രകാരം സ്ഥിരപ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുമെന്നും കെ. രാജന്‍െറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
ലയനത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും മറ്റ് കരാറുകളും പ്രകാരം നിശ്ചയിച്ച മാനദണ്ഡത്തിന്‍െറ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നിലവിലെ മാനദണ്ഡങ്ങളും സംവരണതത്ത്വങ്ങളും പാലിച്ച് ദിവസവേതനക്കാരുടെ സ്ഥിരംനിയമനം ആവശ്യപ്പെട്ട് തൊഴില്‍വകുപ്പ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനുകീഴിലെ കേന്ദ്ര റീജനല്‍ കമീഷനെ സമീപിച്ചിട്ടുണ്ട്. ബാങ്ക് ലയനത്തില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതുള്‍പ്പെടെ തടയുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ സമ്പൂര്‍ണമായി എതിരാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.