മെഡി പ്രവേശം: സ്പോട്ട് അഡ്മിഷന്‍ അര്‍ധരാത്രിവരെ നീണ്ടു

തിരുവനന്തപുരം: ഉയര്‍ന്ന ഫീസ് ഘടന സംബന്ധിച്ച പരാതികള്‍ക്കിടയില്‍ അവസാന ദിവസം സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിന് മാരത്തണ്‍ സ്പോട്ട് അഡ്മിഷന്‍. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലാണ് വെള്ളിയാഴ്ച അര്‍ധരാത്രിവരെ സ്പോട്ട് അഡ്മിഷന്‍ നീണ്ടത്. പ്രവേശത്തിന് സുപ്രീംകോടതി ദീര്‍ഘിപ്പിച്ചുനല്‍കിയ സമയം വെള്ളിയാഴ്ച പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ്, രാവിലെ ഒമ്പതിന് നടപടികള്‍ തുടങ്ങിയത്.

കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ 400 എം.ബി.ബി.എസ് സീറ്റുകളിലേക്കും തൊടുപുഴ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് (ആറ് സീറ്റ്), കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് (എട്ട് സീറ്റ്), പരിയാരം സഹകരണ മെഡിക്കല്‍ കോളജ് (ഒരു സീറ്റ്) എന്നിവിടങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശ പരീക്ഷാ കമീഷണറുടെ നേതൃത്വത്തില്‍ തത്സമയ പ്രവേശം പൂര്‍ത്തിയാക്കി. ഇതിനുപുറമെ 11 ഡെന്‍റല്‍ കോളജുകളിലെ 138 ബി.ഡി.എസ് സീറ്റുകളിലേക്കും തത്സമയപ്രവേശം പൂര്‍ത്തിയാക്കി.

ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ നേരത്തേ പ്രവേശം നേടിയ വിദ്യാര്‍ഥികളെകൂടി നീറ്റ് റാങ്ക് അടിസ്ഥാനത്തില്‍ പരിഗണിച്ചാണ് പ്രവേശ നടപടി പൂര്‍ത്തിയാക്കിയത്. ക്രമക്കേടിനെതുടര്‍ന്ന് ഈ കോളജുകളിലെ പ്രവേശം നേരത്തെ ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. അതേസമയം, സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാത്ത കണ്ണൂര്‍, കരുണ, കെ.എം.സി.ടി കോളജുകളിലെ ഉയര്‍ന്ന ഫീസ് നിരക്ക് തത്സമയ പ്രവേശത്തിനത്തെിയ വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും പ്രതിഷേധത്തിന് ഇടയാക്കി.

കെ.എം.സി.ടിയിലും കണ്ണൂരിലും 10 ലക്ഷം രൂപ വാര്‍ഷിക ഫീസും10 ലക്ഷം രൂപ പലിശരഹിത നിക്ഷേപവും നല്‍കണമെന്നതാണ് മെറിറ്റില്‍ മുന്നിലായിട്ടും വിദ്യാര്‍ഥികളെ വലച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലും ഫീസ് കുറക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. മെറിറ്റില്‍ മുന്നിലായിട്ടും ഉയര്‍ന്ന തുക അടയ്ക്കാന്‍ സാധിക്കാത്തതിന്‍െറ പേരില്‍ പല വിദ്യാര്‍ഥികളും എം.ബി.ബി.എസ് പ്രവേശം വേണ്ടെന്നുവെക്കുന്ന സാഹചര്യമുണ്ടായി. പൂജ അവധി കാരണം തുടര്‍ച്ചയായി ബാങ്ക് അവധി വരുന്നത് ബാങ്ക് ഗാരന്‍റി ഉള്‍പ്പെടെ സംഘടിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തടസ്സമായിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.