ശബരിമല: സന്നിധാനത്ത് സ്ഥാപിക്കുന്ന കൊടിമരത്തിനായി തേക്കിന്‍തടിയുടെ തൈലാധിവാസം ഈമാസം 13ന് രാവിലെ ഏഴിനും 8.30നുമിടയില്‍ പമ്പയില്‍ നടക്കും. ധ്വജപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണിത്. തേക്കിന്‍തടി എണ്ണത്തോണിയില്‍ നിക്ഷേപിച്ച് പൂജിച്ച് എണ്ണ ഒഴിക്കുന്ന ചടങ്ങാണിത്.
നിര്‍മാണ കരാറുകാരന്‍ കൂടിയായ മാന്നാര്‍ അനന്തന്‍ ആചാരിയും മാന്നാര്‍ പഴനി ആചാരിയും ചേര്‍ന്നാണ് എണ്ണത്തോണി ഒരുക്കുന്നത്. 35കൂട്ടം ആയുര്‍വേദ മരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞെടുത്ത് ഉണ്ടാക്കുന്ന തൈലത്തിലാണ് തടി നിക്ഷേപിക്കുക. വേണു തൊടുപുഴയാണ് തൈലം ഉണ്ടാക്കുന്നത്. കഴിഞ്ഞ ഒന്നിനാണ് തൈലം ജോലി ആരംഭിച്ചത്. 13കൂട്ടം വസ്തുക്കള്‍ ചേര്‍ത്ത് ആദ്യം കഷായം വെക്കും. അത് നാലിലൊന്നായി വറ്റിച്ച് ശുദ്ധമായ നല്ളെണ്ണയും മറ്റുചില മരുന്നും പൊടിയും ചേര്‍ത്താണ് പാകപ്പെടുത്തുന്നത്.
തുടര്‍ച്ചയായി 12ദിവസം തൈലം നിര്‍മിക്കണം. തുടര്‍ന്നാണ് തോണിയിലേക്ക് തൈലമൊഴിച്ച് തേക്കിന്‍തടിയുടെ തൈലാധിവാസം ആരംഭിക്കുക. ആറുമാസത്തില്‍ കുറയാതെ കൊടിമരം തൈലത്തില്‍ വിശ്രമിക്കും. 20ഓളം ക്ഷേത്രങ്ങളിലെ കൊടിമരത്തടിക്ക് എണ്ണത്തോണി ഒരുക്കിയ വേണുവിന്‍െറ സംഘത്തിലെ അഞ്ചോളംപേര്‍ വ്രതമെടുത്താണ് ദൗത്യം പൂര്‍ത്തീകരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിന് ജീര്‍ണതയുടെ ലക്ഷണമുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ്, അനുയോജ്യമായ തേക്കിന്‍തടി കോന്നി വനംഡിവിഷനിലെ നടുവത്തുംമൂഴി റെയ്ഞ്ചിലെ വയക്കര വനത്തില്‍നിന്ന് കണ്ടത്തെിയത്. ഒരുവര്‍ഷം മുമ്പ് തേക്കിന്‍തടി പമ്പയില്‍ എത്തിച്ചു. പമ്പ ഗണപതി കോവിലിലെ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് കൊടിമരം ഒരുക്കുന്ന ജോലി നടന്നത്.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ശിവക്ഷേത്രം, തലശ്ശേരി നരസിംഹക്ഷേത്രം, നടുവണ്ണൂര്‍, പയ്യോളി കീഴൂര്‍ ശിവക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളുടെ കൊടിമരം നിര്‍മിച്ച ചെറായി സുകുമാരന്‍ ആചാരിയാണ് തടിപ്പണികളുടെ നേതൃത്വം വഹിക്കുന്നത്. കോണ്‍ക്രീറ്റ് തൂണില്‍ സ്വര്‍ണപ്പറ ഇറക്കി നിര്‍മിച്ചിരിക്കുന്ന കൊടിമരം മാറ്റി തടിയില്‍ നിര്‍മിക്കണമെന്നാണ് ദേവപ്രശ്നത്തിലെ ശിപാര്‍ശ. 10കിലോ സ്വര്‍ണവും 17കിലോ വെള്ളിയും ഉപയോഗിച്ചാണ് പറ നിര്‍മിക്കുന്നത്. മാന്നാര്‍ അനന്തന്‍ ആചാരിയാണ് ഇതിന്‍െറ ശില്‍പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.