തിരുവനന്തപുരം: സി.പി.എം നേതാക്കളെ കേന്ദ്രീകരിച്ച് ഉയര്‍ന്ന ബന്ധുനിയമന വിവാദം കൊഴുക്കുന്നു. ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും ആനത്തലവട്ടം ആനന്ദനും ഇ.കെ. നായനാരുടെ ബന്ധുവിനും എതിരായ ആരോപണങ്ങള്‍, ദിവസങ്ങള്‍ കടന്നതോടെ മുഖ്യമന്ത്രിക്കും കെ.കെ. ശൈലജക്കും ജെ. മേഴ്സിക്കുട്ടിയമ്മക്കും എതിരായി തിരിഞ്ഞു. എന്നാല്‍, മൂന്ന് സംഭവങ്ങളിലും സ്വജനപക്ഷപാതം മന്ത്രിമാര്‍ അടക്കം പൂര്‍ണമായി നിഷേധിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിച്ച ടി. നവീന്‍ മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരിയുടെ മകനാണെന്നാണ് ആക്ഷേപം. എന്നാല്‍, പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ നടന്ന നിയമനത്തെ നവീന്‍ ന്യായീകരിച്ചു. ‘അഭിഭാഷകന്‍ എന്നനിലയില്‍ ഹൈകോടതിയില്‍ 14 വര്‍ഷത്തെ അനുഭവപരിചയം ഉണ്ട്. സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്‍െറ നിയമനം. സി.പി.എം അഭിഭാഷക സംഘടനയായ ‘ഐലു’വില്‍ അംഗമാണ് താനെ’ന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കെ.കെ. ശൈലജയുടെ മകനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉയര്‍ന്ന പദവിയിലും മരുമകളെ കിന്‍ഫ്രയിലും നിയമിച്ചുവെന്നതാണ് മറ്റൊരു ആക്ഷേപം. എന്നാല്‍, രണ്ടാരോപണവും മന്ത്രി ശൈലജ നിഷേധിച്ചു. ‘തന്‍െറ മകന്‍ ലെസിത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എന്‍ജിനീയറായി നിയമിതനായത്. ‘കിയ’യാണ് അപേക്ഷ ക്ഷണിച്ചത്. ഐ.ബി.പി.എഫ് എന്ന ഏജന്‍സിയാണ് പരീക്ഷ നടത്തിയത്. അതില്‍ ഒന്നാം റാങ്കോടെയാണ് മകന്‍ വിജയിച്ചത്. തുടര്‍ന്ന് 2015 സെപ്റ്റംബര്‍ 18 ന് ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി.ടെക്കും രാജഗിരി കോളജില്‍ മെറിറ്റ് സീറ്റില്‍ എം.ടെക്കും മകന്‍ പാസായതാണ്. ഇതുവരെ അവന്‍െറ ജോലി സ്ഥിരപ്പെടുത്തിയിട്ടില്ല. വിമാനത്താവളം ഓപറേഷന്‍ തുടങ്ങുമ്പോള്‍ ഒന്നാം റാങ്കോടെ ജോലി ലഭിച്ചയാള്‍ എന്നനിലയില്‍ സ്ഥിരപ്പെടും. മരുമകളാവട്ടെ മകന്‍ കല്യാണം കഴിക്കുമ്പോള്‍തന്നെ കിന്‍ഫ്രയില്‍ അപ്രന്‍റിസ് ട്രെയ്നി ആയിരുന്നു. ഇപ്പോഴും അതാണ്’-മന്ത്രി ‘മാധ്യമ’ത്തോട് വ്യക്തമാക്കി.
മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ ബന്ധുക്കളെ അടക്കം മാനദണ്ഡം ലംഘിച്ച് മത്സ്യഫെഡിലും കശുവണ്ടി വികസന കോര്‍പറേഷനിലും കാപെക്സിലും നിയമിച്ചെന്നാണ് ആക്ഷേപം. കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായി നിയമിച്ച സേവ്യറും മത്സ്യഫെഡ് എം.ഡിയായി നിയമിതനായ ലോറന്‍സും ബന്ധുവാണെന്നാണ് ആക്ഷേപം. കാപെക്സില്‍ നിയമിതനായ രാജേഷിന്‍െറ കാര്യത്തിലും സ്വജനപക്ഷപാതമുണ്ടെന്നാണ് ആരോപണം. എന്നാല്‍, സേവ്യറും ലോറന്‍സും തന്‍െറ ബന്ധുക്കളല്ളെന്നും മൂന്നു നിയമനങ്ങളും പുതിയതല്ളെന്നും മേഴ്സിക്കുട്ടിയമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.