വയല്‍പരപ്പുകളില്‍ ആവേശം നിറക്കാന്‍ മാറ്റങ്ങളോടെ പുതിയ സെവന്‍സ് സീസണ്‍

പാലക്കാട്: വയല്‍പരപ്പുകളില്‍ കാല്‍പ്പന്തുകളിയുടെ ആരവം നിറച്ച് ഈ വര്‍ഷത്തെ സെവന്‍സ് ഫുട്ബാള്‍ സീസണിന് നവംബര്‍ രണ്ടാംവാരം തുടക്കാവും. സംസ്ഥാന സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ കളിയുടെ നിലവാരം കൂട്ടാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചാണ് പുതിയ സീസണിന് തുടക്കമിടുന്നത്. പരിഷ്കരിച്ച നിയമാവലി പ്രകാരം സംയുക്ത ജേതാക്കള്‍ എന്ന പതിവ് ഇത്തവണ അവസാനിപ്പിക്കും. ലീഗ് റൗണ്ടുകള്‍ക്ക് പകരം സെമിയില്‍ രണ്ട് പാദങ്ങളിലായി ടീമുകള്‍ ഏറ്റുമുട്ടും. മികച്ച വിദേശ കളിക്കാരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായി. കളിക്കാരെ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ ക്ളബുകള്‍ സ്വന്തം നിലക്ക് വിസ നല്‍കി കൊണ്ടുവരും. ജൂനിയര്‍ വേള്‍ഡ് കപ്പിലടക്കം ബൂട്ടണിഞ്ഞ ഘാന, നൈജീരിയ, കാമറൂണ്‍, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നല്ല കളിക്കാരെ എത്തിക്കും. ഒരു ടീമില്‍ രണ്ട് വിദേശകളിക്കാര്‍ മതിയെന്ന നിബന്ധന തുടരും.

ടൈറ്റാനിയം, എസ്.ബി.ടി തുടങ്ങിയ ടീമുകളില്‍നിന്നുള്ള അതിഥി താരങ്ങള്‍ ഇത്തവണയും സെവന്‍സില്‍ ബൂട്ടു കെട്ടും. 31 ടീമുകള്‍ പുതിയ സീസണിലേക്ക് രജിസ്റ്റര്‍ ചെയ്തു. കളിക്കാരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. സെവന്‍സ് മൈതാനങ്ങളെ അഞ്ച് കോടി രൂപയുടെ പ്രീമിയത്തില്‍ അസോസിയേഷന്‍ ഇന്‍ഷുര്‍ ചെയ്തു. കളിക്കാര്‍, സംഘാടകര്‍, കാണികള്‍ എന്നിവര്‍ക്ക് പരിരക്ഷ കിട്ടും. കളിക്കളത്തില്‍ മരണം സംഭവിച്ചാല്‍ കളിക്കാരന്‍െറ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. പരിക്കേറ്റാല്‍ ഒരു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകള്‍ക്കും പരിരക്ഷയുണ്ട്.

മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ ടൂര്‍ണമെന്‍റുകളുടെ എണ്ണം കൂടുതലാണ്. തെരഞ്ഞെടുപ്പിന്‍െറ തിരക്കും മറ്റും കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം 43 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ 54 ടൂര്‍ണമെന്‍റുകള്‍ക്ക് അസോസിയേഷന്‍ അനുമതി നല്‍കി. ഇനിയും അഞ്ച് എണ്ണം കൂടി അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. നവംബര്‍ രണ്ടിന് കോട്ടക്കല്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അപേക്ഷ പരിഗണിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.എം. ലെനില്‍ അറിയിച്ചു.  
മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും എറ്റവും കൂടുതല്‍ ടൂര്‍ണമെന്‍റുകള്‍ നടക്കുന്നത് മലപ്പുറത്താണ്, 20 എണ്ണം. 12 ടൂര്‍ണമെന്‍റുകള്‍ നടക്കുന്ന തൃശൂരാണ് രണ്ടാമത്. പത്തെണ്ണമുള്ള പാലക്കാട് മൂന്നാമതും അഞ്ചെണ്ണമുള്ള കോഴിക്കോട് നാലാമതുമാണ്.

അനുമതി ലഭിച്ച ടൂര്‍ണമെന്‍റുകളില്‍ ശേഷിച്ചത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. എറണാകുളം ജില്ലയില്‍നിന്ന് ലഭിച്ച മൂന്ന് ടൂര്‍ണമെന്‍റുകള്‍ക്കുള്ള അപേക്ഷ അടുത്ത യോഗം പരിഗണിക്കും. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് 18 ടൂര്‍ണമെന്‍റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവംബര്‍ 12 മുതല്‍ ഡിസംബര്‍ 15 വരെ പാലക്കാട് അലനല്ലൂര്‍ ആലുങ്ങലില്‍ നടക്കുന്ന ക്ളബ് ചാമ്പ്യന്‍ഷിപ്പോടെയാണ് സീസണിന് തുടക്കമാവുക. സംസ്ഥാന സെവന്‍സ് ഫുട്ബാള്‍ അസോസിയേഷനാണ് ഫ്ളഡ്ലിറ്റ് വെളിച്ചത്തിലുള്ള ക്ളബ് ചാമ്പ്യന്‍ഷിപ്പിന്‍െറ സംഘാടകര്‍. സംസ്ഥാനത്തെ 31 പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് വിനിയോഗിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.എസ്. പ്രജിത് കുമാര്‍ അറിയിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.