വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റായിരുന്ന സ്വാമി പ്രകാശാനന്ദ തോറ്റു. അദ്ദേഹത്തിന് 19 വോട്ട് മാത്രമാണ് ലഭിച്ചത്. ട്രസ്റ്റ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്: ലഭിച്ച വോട്ടുകള്‍ ബ്രാക്കറ്റില്‍. സ്വാമി ഋതംഭരാനന്ദ (35), സ്വാമി പരാനന്ദ (25), സ്വാമി വിശുദ്ധാനന്ദ (32), സ്വാമി സൂക്ഷ്മാനന്ദ (29), സ്വാമി സദ്രൂപാനന്ദ (33), സ്വാമി സാന്ദ്രാനന്ദപുരി (28), സ്വാമി വിശാലാനന്ദ (27), സ്വാമി ശാരദാനന്ദ (27), സ്വാമി ഗുരുപ്രസാദ് (30), സ്വാമി ശിവസ്വരൂപാനന്ദ (28), സ്വാമി ബോധിതീര്‍ഥ (26).
ഇതില്‍ നിലവിലെ ഭരണസമിതിയില്‍നിന്ന് ആറുപേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറിയും ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശുദ്ധാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശാരദാനന്ദ എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
തോറ്റ പ്രമുഖരില്‍ സ്വാമി പ്രകാശാനന്ദ കൂടാതെ നിരവധി തവണ തീര്‍ഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്ന സ്വാമി സച്ചിതാനന്ദ, ചെമ്പഴന്തി നാരായണ ഗുരുകുലം സെക്രട്ടറിയായിരുന്ന സ്വാമി ശുഭാംഗാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി മംഗള സ്വരൂപാനന്ദ എന്നിവര്‍ ഉള്‍പ്പെടുന്നു.
55 അംഗ വോട്ടര്‍ പട്ടികയില്‍ 53 പേരാണ് വോട്ട് ചെയ്തത്. 29 സന്യാസിമാരാണ് ട്രസ്റ്റ് ബോര്‍ഡിലേക്ക് മത്സരിച്ചത്. ഇവരില്‍ നിലവില്‍ ട്രഷററായ സ്വാമി പരാനന്ദക്കും സ്വാമി ബ്രഹ്മസ്വരൂപാനന്ദക്കും 25 വോട്ടുവീതം ലഭിച്ചു. ഇവരില്‍ നിന്നുമൊരാളെ വീണ്ടും തെരഞ്ഞെടുക്കേണ്ടതിനാല്‍ നറുക്കെടുപ്പ് വേണ്ടിവരുമെന്നായി. എന്നാല്‍, നറുക്കെടുപ്പ് വേണ്ടതില്ളെന്നും സ്വാമി പരാനന്ദക്ക് ബോര്‍ഡിലേക്ക് കടന്നുവരുവരാന്‍ താന്‍ പിന്മാറുന്നതായും സ്വാമി ബ്രഹ്മസ്വരൂപാനന്ദ വരണാധികാരിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്വാമി പരാനന്ദ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ മുന്‍ ജില്ലാ ജഡ്ജി വിശ്വനാഥന്‍ നായര്‍ പ്രഖ്യാപിച്ചു.
സാധാരണ ഗതിയില്‍ രണ്ട് പാനലുകളിലായി തിരിഞ്ഞാണ് സന്യാസിമാര്‍ തെരഞ്ഞെടുപ്പിനെ നേരിടാറുള്ളത്. പക്ഷേ ഇക്കുറി പാനലുകളുടെയോ ഗ്രൂപ്പുകളുടെയോ ഒരു ലക്ഷണവും സന്യാസിമാര്‍ പുറത്ത് കാണിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയായ സ്വാമി ഋതംഭരാനന്ദയും ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസിയായ സ്വാമി സൂക്ഷ്മാനന്ദയും തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്പേ ചില ധാരണകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
പ്രകാശാനന്ദ സ്വാമിക്ക് പ്രായാധിക്യം തടസ്സമായി
വര്‍ക്കല: കഴിഞ്ഞ 10 വര്‍ഷം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന സ്വാമി പ്രകാശാനന്ദയുടെ തോല്‍വി ശ്രീനാരായണീയ സമൂഹത്തെ വിഷമത്തിലാക്കി. 53 സന്യാസിമാര്‍ വോട്ട് രേഖപ്പെടുത്തിയിട്ടും സ്വാമി പ്രകാശാനന്ദക്ക് ലഭിച്ചത് വെറും 19 വോട്ട് മാത്രം. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രമുഖ സന്യാസിമാരോട് വിഷയത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും ആരും പ്രതികരിക്കാന്‍ തയാറായില്ല. വിഷയത്തെക്കുറിച്ച് സ്വാമി ഋതംഭരാനന്ദ വാര്‍ത്താലേഖകരോട് പ്രതികരിച്ചത് ഇങ്ങനെ: ‘സ്വാമി പ്രകാശാനന്ദ പ്രായാധിക്യത്താല്‍ ക്ഷീണിതനാണ്. അതിനാലാകും അദ്ദേഹത്തിന് വോട്ടുകള്‍ ലഭിക്കാതെ പോയത്’. എന്നാല്‍, സ്വാമി പ്രകാശാനന്ദയുടെ പ്രായാധിക്യം കാരണം അദ്ദേഹത്തിന് വോട്ട് ചെയ്യേണ്ടതില്ളെന്ന് ബഹുഭൂരിപക്ഷം സന്യാസിമാരും പരസ്പരം ആശയവിനിമയം നടത്തി മുന്‍കൂട്ടി തീരുമാനിച്ചിരുന്നതായും അറിയുന്നു. സ്വാമി പ്രകാശാനന്ദ വിജയിച്ചു വന്നാല്‍ സ്വാഭാവികമായും അദ്ദേഹത്തെ വീണ്ടും പ്രസിഡന്‍റുസ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും. ആരോഗ്യ പ്രശ്നങ്ങള്‍ വഷളായതിനാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ സന്യാസിമാര്‍ തയാറായില്ല.
തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം 20നുശേഷം ചേരും
വര്‍ക്കല: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 സന്യാസിമാരുടെ യോഗം 20നുശേഷം ശിവഗിരി മഠത്തില്‍ ചേരുമെന്ന് സ്വാമി ഋതംഭരാനന്ദ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ഗുരുവിന്‍െറ കാരുണ്യവും അനുഗ്രഹവുമാണ്. കേരള ഹൈകോടതി നിര്‍ദേശിച്ച ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണിപ്പോള്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. അതുപ്രകാരം പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം നിലവിലെ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദയുടെ അധ്യക്ഷതയില്‍ ചേരണം. ആ യോഗത്തില്‍ ഭൂരിപക്ഷ തീരുമാനപ്രകാരമോ അല്ളെങ്കില്‍ സമവായത്തിലൂടെയോ ആകും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. പുതിയ ഭാരവാഹികളെക്കുറിച്ച് ഒരുവിധ ചര്‍ച്ചയും നടന്നിട്ടില്ളെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.