തിരുവനന്തപുരം: മീറ്റർ റീഡർ നിയമനത്തിൽ തെറ്റ് തിരുത്താൻ ജല അതോറിറ്റിയോട് ആവശ്യപ്പെട്ട് യുവജന കമീഷൻ. നിയമനങ്ങളിൽ പാലിക്കേണ്ട അനുപാതം കാലാവധി പൂർത്തിയായ ലിസ്റ്റിൽ (63/2009) ലംഘിക്കപ്പെട്ടതായി കണ്ടെത്തിയ കമീഷൻ ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് നിരീക്ഷിച്ചു.
ഈ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ശേഷം നിലവിൽ വന്ന ലിസ്റ്റിലെ (143/2019) ഉദ്യോഗാർഥികൾക്ക് അർഹതപ്പെട്ട നീതി ലഭിക്കാതെ പോകുന്നത് അംഗീകരിക്കാനാവില്ല. നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിൽ ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കമീഷൻ ജല വിഭവ സെക്രട്ടറിക്ക് നിർദേശം നൽകി. ജല അതോറിറ്റിയിൽ 375 മീറ്റർ റീഡർ തസ്തികയാണ് 2017ൽ നിലവിലുണ്ടായിരുന്നത്. നിയമപ്രകാരം 1:1 എന്ന അനുപാതത്തിൽ സ്ഥിരം തസ്തികകളുടെ പകുതി പി.എസ്.സി മുഖേനെയും ബാക്കി എൽ.ജി.എസിൽ നിന്നുള്ള ബൈട്രാൻസ്ഫർ നിയമനത്തിലൂടെയുമാണ് നികത്തേണ്ടത്. ഇതുപ്രകാരം 188 തസ്തിക പി.എസ്.സി വഴിയും 187എണ്ണം ബ്രൈട്രാൻസ്ഫറിലൂടെയും വേണം നിയമിക്കേണ്ടത്.
എന്നാൽ, പി.എസ്.സി വഴി 188 പേർ വേണ്ടിടത്ത് 202 പേർക്ക് നിയമനം നൽകി. ഈ തെറ്റ് തിരുത്താൻ ക്രമപ്പെടുത്തൽ നടക്കുമ്പോൾ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ശേഷം നിലവിൽ വന്ന പുതിയ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കാതെ പോകുന്നതായി ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.