മഞ്ചേരി: സംസ്ഥാനത്തെ 15 ജനറല്‍ ആശുപത്രികളെ ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തേ ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലായിരുന്ന സ്ഥാപനങ്ങളെയാണ് ഇത്തരത്തില്‍ മാറ്റിയത്. ആരോഗ്യവകുപ്പ് ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഉത്തരവിറക്കിയത്. 18 ജനറല്‍ ആശുപത്രികളുള്ള സംസ്ഥാനത്ത് മൂന്നെണ്ണം മാത്രമാണിനി സര്‍ക്കാര്‍ നേരിട്ട് നടത്തുക. പുതിയ മെഡിക്കല്‍ കോളജുകള്‍ വന്നതും സേവനം കാര്യമായി നടക്കാത്തതുമാണ് തീരുമാനത്തിന് കാരണം.
നെയ്യാറ്റിന്‍കര, പത്തനംതിട്ട, അടൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, പാല, കാഞ്ഞിരപ്പള്ളി, ആലപ്പുഴ, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, മഞ്ചേരി, തൃശൂര്‍, കല്‍പറ്റ, തലശ്ശേരി, കാസര്‍കോട് എന്നീ 15 ആശുപത്രികളെയാണ് ജില്ലാ പഞ്ചായത്തുകള്‍ക്ക് കീഴിലാക്കിയത്. മലപ്പുറം ജില്ലയില്‍ നിലമ്പൂരിലും തിരൂരിലും പെരിന്തല്‍മണ്ണയിലുമായി മൂന്ന് ജില്ലാ ആശുപത്രികള്‍ നിലവില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുണ്ടായിരിക്കെ പുതിയ തീരുമാനം കൂടുതല്‍ ബാധ്യതയാകും. 15 ആശുപത്രികളില്‍ തൃശൂര്‍ ജനറല്‍ ആശുപത്രി കോര്‍പറേഷന്‍ പരിധിയിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ഗ്രാമപഞ്ചായത്ത് പരിധിയിലുമാണ്. ബാക്കി 13 ആശുപത്രികളും നഗരസഭാ പ്രദേശത്താണ്. ഏറ്റവും കൂടുതല്‍ ബെഡുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ആശുപത്രികളാണിനി ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലുണ്ടാവുക.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുതിയ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമ്പോഴും അവക്ക് ആനുപാതിക ഫണ്ട് നല്‍കുന്നില്ല. എന്നാല്‍, ആശുപത്രികള്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറിയാലും ആരോഗ്യഡയറക്ടറേറ്റിന്‍െറ മേല്‍നോട്ടമുണ്ടാവുമെന്നാണ് പറയുന്നത്. നിര്‍മാണം, താല്‍ക്കാലിക നിയമനം, ദൈനംദിനപ്രവര്‍ത്തനം, ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി തുടങ്ങിയവക്ക് ഇനി ജില്ലാപഞ്ചായത്ത് നിയന്ത്രണമുണ്ടാകും.
നിലവില്‍ കലക്ടര്‍ ചെയര്‍മാനായ മാനേജ്മെന്‍റ് കമ്മിറ്റിയാണ് ജനറല്‍ ആശുപത്രികളിലുള്ളത്. അധ്യക്ഷര്‍ ഇനി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റുമാരാവും. 2013 മുതല്‍ മഞ്ചേരിയില്‍ ജനറല്‍ ആശുപത്രി നിലവിലില്ളെങ്കിലും മഞ്ചേരി ജനറല്‍ ആശുപത്രിയും പുതിയ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.